ദീപാവലിയല്ലേ, കോലിയുടെ അവസാന 3 ഓവര്‍ വീണ്ടും കണ്ടെന്ന് സുന്ദര്‍ പിച്ചൈ; ആരാധകന്‍റെ കമന്‍റിനും മാസ് റിപ്ലൈ!

Published : Oct 24, 2022, 12:49 PM ISTUpdated : Oct 24, 2022, 01:01 PM IST
ദീപാവലിയല്ലേ, കോലിയുടെ അവസാന 3 ഓവര്‍ വീണ്ടും കണ്ടെന്ന് സുന്ദര്‍ പിച്ചൈ; ആരാധകന്‍റെ കമന്‍റിനും മാസ് റിപ്ലൈ!

Synopsis

ഇന്ത്യന്‍ വിജയത്തെ പ്രശംസിച്ചുള്ള പിച്ചൈയുടെ ട്വീറ്റിന് താഴെ വന്ന ഒരു ആരാധകന്‍റെ കമന്‍റും അതിനുള്ള അദേഹത്തിന്‍റെ മറുപടിയും വൈറലായിരിക്കുകയാണ്

മെല്‍ബണ്‍: ട്വന്‍റി 20 ലോകകപ്പിലെ ടീം ഇന്ത്യയുടെ പാക് വധമാണ് സാമൂഹ്യമാധ്യമങ്ങളിലെങ്ങും ചര്‍ച്ചാവിഷയം. വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ കിംഗ് കോലിയുടെ ബാറ്റിംഗ് കസര്‍ത്തില്‍ നാല് വിക്കറ്റിന്‍റെ ത്രില്ലര്‍ ജയം അവസാന പന്തില്‍ നേടുകയായിരുന്നു ഇന്ത്യ. ഇന്ത്യന്‍ വിജയം ആഘോഷിക്കുന്ന ആരാധകരുടെ കൂട്ടത്തില്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുമുണ്ട്. ഇന്ത്യന്‍ വിജയത്തെ പ്രശംസിച്ചുള്ള പിച്ചൈയുടെ ട്വീറ്റിന് താഴെ വന്ന ഒരു ആരാധകന്‍റെ കമന്‍റും അതിനുള്ള അദേഹത്തിന്‍റെ മറുപടിയും വൈറലായിരിക്കുകയാണ്. 

'ഹാപ്പി ദീപാവലി! എല്ലാവരും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷിക്കുന്നു എന്ന് കരുതുന്നു. ഇന്ത്യയുടെ അവസാന മൂന്ന് ഓവര്‍ വീണ്ടും ഇന്ന് കണ്ട് ഞാന്‍ ദീപാവലി ആഘോഷിച്ചു. എന്തൊരു മികച്ച മത്സരവും പ്രകടനവുമാണത്' എന്നായിരുന്നു ദീപാവലി, ടീം ഇന്ത്യ, ടി20 ലോകകപ്പ് 2022 ഹാഷ്‌ടാഗുകളോടെ സുന്ദര്‍ പിച്ചൈയുടെ ട്വീറ്റ്. ഇതിന് താഴെയാണ് 'ആദ്യ മൂന്ന് ഓവറുകള്‍ നിങ്ങള്‍ കാണണം' എന്ന് ഒരു ആരാധകന്‍റെ കമന്‍റ് പ്രത്യക്ഷപ്പെട്ടത്. മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ പുറത്തായ കെ എല്‍ രാഹുലിനെയും രോഹിത് ശര്‍മ്മയേയും ചൂണ്ടിയായിരുന്നു ആരാധകന്‍റെ ട്രോള്‍. എന്നാല്‍ ഏവരെയും അമ്പരപ്പിക്കുന്ന കമന്‍റ് പിച്ചൈ ഇതിന് മറുപടിയായി നല്‍കി. 'അതും കണ്ടു, എന്തൊരു സ്‌പെല്ലാണ് ഭുവിയും അര്‍ഷ്‌ദീപും എറിഞ്ഞത്' എന്നായിരുന്നു പാകിസ്ഥാന്‍ ടീമിന്‍റെ മോശം തുടക്കം ഓര്‍മ്മിപ്പിച്ച് ഗൂഗിള്‍ സിഇഒയുടെ മറുപടി.

കോലി കലിപ്പായി; അടിപൂരം അവസാന മൂന്ന് ഓവര്‍

അവസാന മൂന്ന് ഓവറിലെ വിരാട് കോലി വെടിക്കെട്ടിലായിരുന്നു പാകിസ്ഥാനെതിരെ ട്വന്‍റി 20 ലോകകപ്പിലെ സൂപ്പര്‍-12 പോരാട്ടം ഇന്ത്യ നാല് വിക്കറ്റിന് വിജയിച്ചത്. സ്കോര്‍: പാകിസ്ഥാന്‍-159/8 (20), ഇന്ത്യ-160/6 (20). ഷഹീന്‍ അഫ്രീദിയുടെ 18-ാം ഓവറില്‍ കോലിയുടെ മൂന്ന് ഫോര്‍ സഹിതം ഇന്ത്യ 17 റണ്‍സ് നേടി. 19-ാം ഓവറില്‍ ആദ്യ നാല് പന്തുകളില്‍ മൂന്ന് റണ്‍സ് മാത്രം വഴങ്ങിയ ഹാരിസ് റൗഫിനെ അവസാനം രണ്ട് സിക്‌സറിന് പറത്തി കോലി 20-ാം ഓവറിലെ വിജയലക്ഷ്യം 16 ആയി കുറച്ചു. മുഹമ്മദ് നവാസിന്‍റെ അവസാന ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയും ദിനേശ് കാര്‍ത്തിക്കും പുറത്തായെങ്കിലും കോലി-അശ്വിന്‍ സഖ്യം ഇന്ത്യയെ അവസാന പന്തില്‍ വിജയിപ്പിക്കുകയായിരുന്നു. കോലി 53 പന്തില്‍ പുറത്താകാതെ 82* റണ്‍സ് നേടി. കോലിയുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സായി ഇത് വാഴ്‌ത്തപ്പെടുകയാണ്. 

പാകിസ്ഥാന് മേല്‍ ദീപാവലി വെടിക്കെട്ട്; ഒരുകൊട്ട റെക്കോര്‍ഡുകളുമായി വിരാട് കോലി, ഹിറ്റ്‌മാന്‍ പിന്നിലായി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്