
മെല്‍ബണ്‍: ദീപാവലി ഓര്‍മ്മയില്‍ മെല്‍ബണിന്‍റെ ആകാശത്ത് പാകിസ്ഥാനെ ട്വന്‍റി 20 ലോകകപ്പിലെ സൂപ്പര്‍-12 പോരാട്ടത്തില്‍ പൊട്ടിച്ചാല്‍ പിന്നെ ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കും മതിമറന്ന് ആഘോഷിക്കാതിരിക്കാന്‍ പറ്റുമോ. അതും കഴിഞ്ഞ ലോകകപ്പിലേറ്റ 10 വിക്കറ്റ് തോല്‍വിയുടെ കണക്ക് പരിശസഹിതം വീട്ടി. വിരാട് കോലിയുടെ വിസ്‌മയ പ്രകടനത്തിന്‍റെ കരുത്തില്‍ എംസിജിയിലെ ഐതിഹാസിക വിജയത്തിന് പിന്നാലെ ഒരു രാത്രി നീണ്ട ആഘോഷങ്ങളായിരുന്നു മെല്‍ബണ്‍ ഗ്രൗണ്ടിലും ടീം ഹോട്ടലിലും രോഹിത് ശര്‍മ്മയും സംഘവും നടത്തിയത്. തീര്‍ന്നില്ല, അടുത്ത മത്സരത്തിനായി ഇന്ന് സിഡ്‌നിയിലെത്തുന്ന ടീം അവിടെ ബാക്കി ദീപാവലി ആഘോഷങ്ങളുടെ ഭാഗമാകും.
സിഡ്‌നിയിലെ ടീം ഹോട്ടലിലാവും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ദീപാവലി ആഘോഷം. വിരാട് കോലി, ദീപക് ഹൂഡ, യുസ്‌വേന്ദ്ര ചാഹല്‍ തുടങ്ങി നിരവധി ഇന്ത്യന്‍ താരങ്ങള്‍ ആരാധകര്‍ക്ക് ദീപാവലി ആശംസകള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി നേര്‍ന്നിട്ടുണ്ട്. ബിസിസിഐയും ആരാധകര്‍ക്ക് ആശംസകള്‍ അറിയിച്ചു.
മെല്‍ബണിലെ സൂപ്പര്‍ പോരാട്ടത്തില്‍ അവസാന പന്തില്‍ ടീം ഇന്ത്യ കോലിയുടെ ഐതിഹാസിക ഇന്നിംഗ്‌സിന്‍റെ കരുത്തില്‍ നാല് വിക്കറ്റിന്‍റെ ത്രില്ലര്‍ ജയം സ്വന്തമാക്കുകയായിരുന്നു. പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം 20-ാം ഓവറിലെ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്‌ടപ്പെടുത്തി ടീം ഇന്ത്യ നേടി. 19-ാം ഓവറില്‍ ഹാരിസ് റൗഫിനെ തുടര്‍ച്ചയായി രണ്ട് സിക്‌സറിന് പറത്തി ആവേശക്കൊടുമുടി സൃഷ്‌ടിച്ച കോലി ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ ഇന്ത്യ വിജയിക്കുമ്പോള്‍ ആരാധകരെ തുള്ളിച്ചാടിച്ചു. അവസാന പന്തില്‍ രവിചന്ദ്രന്‍ അശ്വിന്‍ ഇന്ത്യയുടെ വിജയറണ്‍ നേടിയപ്പോള്‍ കോലി 53 പന്തില്‍ 82* റണ്‍സെടുത്ത് പുറത്താകാതെനില്‍പുണ്ടായിരുന്നു. 37 പന്തില്‍ 40 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനവും നിര്‍ണായകമായി. മൂന്ന് വീതം വിക്കറ്റുമായി അര്‍ഷ്‌ദീപ് സിംഗും ഹാര്‍ദിക് പാണ്ഡ്യയും ബൗളിംഗില്‍ തിളങ്ങി.
ഓസ്‌ട്രേലിയയില്‍ പുരോഗമിക്കുന്ന ട്വന്‍റി 20 ലോകകപ്പിലെ ആദ്യ സൂപ്പര്‍-12 മത്സരത്തില്‍ തന്നെ പാകിസ്ഥാനെ തുരത്താനായതിന്‍റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മ്മയും കൂട്ടരും. സിഡ്‌നിയില്‍ വ്യാഴാഴ്ച നെതർലൻഡ്‌സിന് എതിരെയാണ് ടീം ഇന്ത്യയുടെ അടുത്ത മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!