
മെല്‍ബണ്‍: ടി20 ലോകകപ്പ് ഫൈനലില്‍ നാളെ പാക്കിസ്ഥാനും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ക്ക് വലിയ ആശങ്ക സമ്മാനിക്കുന്നത് മെല്‍ബണിലെ കാലാവസ്ഥയാണ്. ഫൈനല്‍ ദിവസമായ നാളെ മെല്‍ബണില്‍ 95 ശതമാനം മഴ പെയ്യാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ നാളെ ഫൈനല്‍ നടക്കുമോ എന്ന കാര്യം പോലും സംശയത്തിലാണ്. നാളെ മത്സരം നടന്നില്ലെങ്കില്‍ റിസര്‍വ് ദിനമായ തിങ്കളാഴ്ച മത്സരം നടത്തും.
തിങ്കളാഴ്ചയും മെല്‍ബണില്‍ അഞ്ച് മുതല്‍ 10 മില്ലി മീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് പ്രവചനം. എന്നാല്‍ ഇതിനിടെ മഴ കണക്കിലെടുത്ത് റിസര്‍വ് ദിനത്തിലെ മത്സരസമയത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ഐസിസി. നാളെ ഇന്ത്യന്‍ സമയം 1.30ന് തുടങ്ങേണ്ട മത്സരം മഴമൂലം റിസര്‍വ് ദിനമായ മറ്റന്നാളത്തേക്ക് മാറ്റിവെക്കുകയാണെങ്കില്‍ മത്സരം പൂര്‍ത്തിയാക്കാന്‍ നിശ്ചിത സമയത്തിന് പുറമെ രണ്ട് മണിക്കൂര്‍ അധികസമയം നേരത്തെ ഐസിസി അനുവദിച്ചിരുന്നു. ഇത് നാലു മണിക്കൂറായാണ് ഐസസി ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.
നാളെ 1.30ന് തുടങ്ങേണ്ട മത്സരം റിസര്‍വ് ദിനത്തില്‍ ഇന്ത്യന്‍ സമയം 10.30ന്(പ്രാദേശിക സമയം വൈകിട്ട് 3.30) തുടങ്ങാനാണ് സാധ്യത. റിസര്‍വ് ദിനത്തിലും മഴ തുടരുകയും മത്സരം പൂര്‍ത്തിയാക്കേണ്ട നിശ്ചിത സമയവും അധികമായി അനുവദിച്ച നാല് മണിക്കൂര്‍ കഴിഞ്ഞും മത്സരം സാധ്യമാകാതിരിക്കുകയും ചെയ്താല്‍ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. നോക്കൗട്ട് മത്സരങ്ങളില്‍ കുറഞ്ഞത് 10 ഓവര്‍ വീതമെങ്കിലും മത്സരം നടത്തിയാല്‍ മാത്രമെ മത്സരത്തിന് ഫലമുണ്ടാകൂ. ഈ സാഹചര്യത്തില്‍ മഴ മൂലം ഓവറുകള്‍ വെട്ടിക്കുറച്ചാലും രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് കുറഞ്ഞത് 10 ഓവറെങ്കിലും ബാറ്റ് ചെയ്യാനായില്ലെങ്കില്‍ മത്സരം മറ്റന്നാളത്തേക്ക് മാറ്റും.
മറ്റന്നാള്‍ ശേഷിക്കുന്ന ഓവറുകള്‍ പൂര്‍ത്തിയാക്കാനായാല്‍ മത്സരം പൂര്‍ത്തിയാക്കി വിജയികളെ കണ്ടെത്താനാവും. നിശ്ചിത സമയത്തിനും അധികമായി അനുവദിച്ച നാലു മണിക്കൂറിനും ശേഷവും കളി 10 ഓവര്‍ വീതം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ മാത്രമായിരിക്കും പാക്കിസ്ഥാനെയും ഇംഗ്ലണ്ടിനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുക. നാളെ തന്നെ മത്സരം പൂര്‍ത്തിയാക്കാനാണ് ഐസിസി പരമാവധി ശ്രമിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!