
അഡ്‍ലെയ്ഡ്: രാജ്യാന്തര ക്രിക്കറ്റ് കരിയറിലെ ഏറ്റവും മോശം കാലം പിന്നിട്ട് റണ്‍വേട്ട ട്വന്‍റി 20 ലോകകപ്പിലും തുടരുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലി. കോലിയുടെ ബാറ്റ് റണ്‍സ് കണ്ടെത്തുന്നുണ്ടെങ്കിലും മൂന്നക്കത്തിലേക്ക് എത്തുന്നില്ല എന്നതായിരുന്നു മുമ്പ് കേട്ടിരുന്ന പ്രധാന വിമർശനം. എന്നാല്‍ പരിഹാസങ്ങള്‍ക്ക് മറുപടിയായി ബാറ്റ് കൊണ്ട് കിംഗ് സ്റ്റൈലില്‍ റണ്‍വേട്ട തുടരുന്ന കോലി ഓസ്ട്രേലിയയില്‍ ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങളില്‍ വലിയ പ്രതീക്ഷയാകുന്നു. പഴയ കോലിയെ തിരിച്ചുകിട്ടിയിരിക്കുന്നു എന്ന് പറയുന്നവരോട് താരത്തിന്‍റെ പ്രതികരണമാണ് ശ്രദ്ധേയം.
ട്വന്‍റി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ സൂപ്പർ-12 വിജയത്തിന് പിന്നാലെയാണ് വിരാട് കോലിയോട് ആ ചോദ്യമെത്തിയത്. അർധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന കോലിയായിരുന്നു മത്സരത്തില്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. പഴയ വിരാട് കോലിയിലേക്ക് തിരിച്ചെത്തുകയാണോ എന്നായിരുന്നു വിഖ്യാത കമന്‍റേറ്റർ ഹർഷാ ഭോഗ്‍ലെയുടെ ചോദ്യം.
'കടുത്ത മത്സരമായിരുന്നു. ഞങ്ങളാഗ്രഹിക്കാത്ത തരത്തില്‍ മത്സരം കടുത്തതായി. ബാറ്റ് കൊണ്ട് മനോഹരമായ മറ്റൊരു ദിനമായി എന്ന് തോന്നുന്നു. എന്നേപ്പോലെ കളിക്കാനാണ് ഇന്നിംഗ്സില്‍ ശ്രമിച്ചത്. സമ്മർദമുള്ളപ്പോഴായിരുന്നു ബാറ്റിംഗിന് ഇറങ്ങിയത്.പന്ത് നന്നായി വീക്ഷിക്കുകയായിരുന്നു. ഞാന്‍ സന്തോഷത്തോടെയുള്ള അവസ്ഥയിലാണ്. ഒന്നുമായും താരതമ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ കാലം ഭൂതകാലം തന്നെയാണ്' എന്നും കോലി മത്സരത്തിന് ശേഷമുള്ള സമ്മാനവേളയില്‍ പറഞ്ഞു. നാലാം ഓവറിലെ രണ്ടാം പന്തില്‍ ക്യാപ്റ്റന്‍ രോഹിത് ശർമ്മ രണ്ട് റണ്‍സില്‍ മടങ്ങിയപ്പോള്‍ ക്രീസിലെത്തിയ കോലി 44 പന്തില്‍ 8 ഫോറും ഒരു സിക്സും സഹിതം 64* റണ്‍സുമായി പുറത്താവാതെ നിന്നു.
ത്രില്ലർ പോരാട്ടമായി മാറിയ ബംഗ്ലാദേശിനെതിരായ സൂപ്പർ-12 മത്സരം ഇന്ത്യ മഴനിയമപ്രകാരം അഞ്ച് റണ്‍സിന് വിജയിച്ചിരുന്നു. മഴയെ തുടർന്ന് കളി 16 ഓവറായി ചുരുക്കിയപ്പോള്‍ നിശ്ചയിച്ച 151 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിനെ 16 ഓവറില്‍ 145-6 എന്ന സ്കോറില്‍ ഇന്ത്യന്‍ ബൗളർമാർ ഒതുക്കി. ഇന്ത്യക്കായി അർഷ്‍ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും രണ്ട് വീതവും മുഹമ്മദ് ഷമി ഒരു വിക്കറ്റും നേടി. നേരത്തെ കോലിക്ക് പുറമെ കെ എല്‍ രാഹുല്‍(32 പന്തില്‍ 50), സൂര്യകുമാർ യാദവ്(16 പന്തില്‍ 30), ആർ അശ്വിന്‍(6 പന്തില്‍ 13*) എന്നിവരുടെ കരുത്തിലാണ് ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റിന് 184 റണ്‍സ് സ്കോർ ബോർഡില്‍ ചേർത്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!