
സിഡ്നി: ട്വന്‍റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ വിജയിച്ചെങ്കിലും നായകന്‍ രോഹിത് ശർമ്മയുടെ ഫോം വലിയ ചർച്ചയാവുകയാണ്. പാകിസ്ഥാനെതിരെ 7 പന്ത് നേരിട്ട് 4 റണ്‍സ് മാത്രമാണ് ഹിറ്റ്മാന്‍ നേടിയത്. രോഹിത്തിന്‍റെ അടിപൂരം സ്റ്റൈല്‍ അദേഹത്തിന് തന്നെ ഭീഷണിയാവുന്നതായാണ് വിമർശനം. ഇതേ നിലപാട് രോഹിത്തിന്‍റെ പരിശീലകന്‍ ദിനേശ് ലാഡിനുമുണ്ട്. താരവും ക്യാപ്റ്റനും എന്ന നിലയില്‍ കൂടുതല്‍ സംഭാവനകള്‍ ടീമിന് നല്‍കാന്‍ രോഹിത് മുതിരണം എന്ന് അദേഹം ആവശ്യപ്പെട്ടു.
കൂടുതല്‍ ഉത്തരവാദിത്തം കാട്ടണം
'കുറച്ച് നാളുകളായി രോഹിത് വളരെ അപകടം പിടിച്ച ഗെയിമാണ് കാഴ്ചവെക്കുന്നത്. എന്തുകൊണ്ടാണ് രോഹിത് ഇങ്ങനെ ചെയ്യുന്നത് എന്നറിയില്ല. അധിക അക്രമണോത്സുക കാട്ടി രോഹിത് അപകടം ക്ഷണിച്ചുവരുത്തുകയാണ്. രോഹിത് കൂടുതല്‍ സമയം ക്രീസില്‍ ചിലഴിക്കേണ്ടതുണ്ട്. വിക്കറ്റ് വലിച്ചെറിയരുത്. പവർപ്ലേയിലെ ആറ് ഓവറില്‍ രോഹിത് വിക്കറ്റ് തുലയ്ക്കേണ്ടതില്ല. തന്‍റെ സ്വതസിദ്ധമായ കളി രോഹിത് പുറത്തെടുക്കുകയാണ് വേണ്ടത്. 17-18 ഓവറുകള്‍ ക്രീസില്‍ നിന്ന് എല്ലാ മത്സരത്തിലും 70-80 റണ്‍സ് കണ്ടെത്തുകയാണ് രോഹിത് വേണ്ടത്. നായകനെന്ന നിലയില്‍ രോഹിത് ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയാണ് വേണ്ടത്. വളരെ അപകടം പിടിച്ച രീതിയില്‍ കളിച്ച് നശിപ്പിക്കുകയല്ല വേണ്ടത്. കുറച്ചധികം സമയം ക്രീസില്‍ നിന്നാല്‍ രോഹിത്തിന് ദൈർഘ്യമേറിയതും ഉപയോഗപ്രദമായ ഇന്നിംഗ്സും കാഴ്ചവെക്കാം'.
രോഹിത് കപ്പുയർത്താന്‍ ആഗ്രഹം
'അപകടം പിടിച്ച ഷോട്ടുകള്‍ കുറയ്ക്കണം. രോഹിത് കൂടുതല്‍ നിയന്ത്രണത്തോടെ ഷോട്ടുകള്‍ കളിക്കണം. ക്രീസില്‍ നിന്ന് സെന്‍സിബിളായി രോഹിത് കളിക്കണം എന്നാണ് എന്‍റെ ഉപദേശം. ബാറ്റിംഗില്‍ മുന്നില്‍ നിന്ന് നയിച്ച് മാക്സിമം സംഭാവന നല്‍കുകയാണ് വേണ്ടത്. എന്നാല്‍ രോഹിത് അതിന് ശ്രമിക്കുന്നില്ല, പകരം വിക്കറ്റ് വലിച്ചെറിയുകയാണ്. കുറഞ്ഞ സ്കോറുകള്‍ക്ക് രോഹിത് പുറത്താകുന്നു. അതിന് രോഹിത് വിമർശനം നേരിടണം. രോഹിത് ശക്തമായി തിരിച്ചെത്തും എന്ന് എനിക്കുറപ്പാണ്. അദ്ദേഹം കുറച്ച് ക്ഷമ കാണിക്കണം. ഓസ്ട്രേലിയയിലെ പിച്ചുകള്‍ രോഹിത്തിന്‍റെ ശൈലിക്ക് അനുയോജ്യമാണ്. രോഹിത് മികച്ച സ്ട്രോക് പ്ലേയറാണ്. താരവും ക്യാപ്റ്റനും എന്ന നിലയില്‍ ടീമിന് കൂടുതല്‍ സംഭവന രോഹിത് നല്‍കണം. ടി20 ലോകകപ്പില്‍ രോഹിത് ടീമിനെ നയിക്കുന്നതില്‍ സന്തോഷമുണ്ട്. ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത് കപ്പുയർത്താന്‍ ആഗ്രഹിക്കുന്നു'.
പാകിസ്ഥാനെതിരായ വിജയത്തെ കുറിച്ച്...
'മാച്ച് വിന്നറായി രോഹിത് വീണ്ടും കളിച്ചുതുടങ്ങണം. രോഹിത്തിന്‍റെ മികച്ച പ്രകടനം 2019 ഏകദിന ലോകകപ്പിലെ പോലെ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നു. അഞ്ച് ഐപിഎല്‍ കിരീടങ്ങളുള്ള നായകനാണ്. ഏറെ ആത്മവിശ്വാസമുള്ള താരം. താരങ്ങളെ എങ്ങനെ ഉപയോഗിക്കണം എന്നറിയാം. രോഹിത് കൂടെയുള്ളപ്പോള്‍ ലോകകപ്പ് നേടാനുള്ള സാധ്യത വർധിച്ചിരിക്കുന്നു. പാകിസ്ഥാനെതിരെ വിജയം ടീം ഇന്ത്യക്ക് അനുകൂലമാണ്' എന്നും ദിനേശ് ലാഡ് വാർത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
സിഡ്നിയില്‍ നാളെ ഇന്ത്യയുടെ മത്സരം മഴ കവരുമോ? കാലാവസ്ഥാ സാധ്യതകള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!