ത്രില്ലര്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ വീഴ്ത്തി ബംഗ്ലാദേശിന്‍റെ പ്രതികാരം, ജയം രണ്ട് വിക്കറ്റിന്

Published : Jun 08, 2024, 10:00 AM IST
ത്രില്ലര്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ വീഴ്ത്തി ബംഗ്ലാദേശിന്‍റെ പ്രതികാരം, ജയം രണ്ട് വിക്കറ്റിന്

Synopsis

പന്ത്രണ്ടാം ഓവറില്‍ 91-3 എന്ന ശക്തമായ നിലയിലായിരുന്ന ബംഗ്ലാദേശ് പിന്നീട് നാടകീയമായി തകര്‍ന്നടിഞ്ഞതോടെ കളി ആര്‍ക്കും ജയിക്കാമെന്നായി.

ഡാളസ്: ടി20 ലോകകപ്പിലെ ത്രില്ലര്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ രണ്ട് വിക്കറ്റിന് വീഴ്ത്തി ബംഗ്ലാദേശിന്‍റെ പ്രതികാരം. 125 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ ബാക്കി നിര്‍ത്തി ലക്ഷ്യത്തിലെത്തി. സ്കോര്‍ ശ്രീലങ്ക 20 ഓവറില്‍ 124-9, ബംഗ്സാദേശ് 19 ഓവറില്‍ 125-8. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ ശ്രീലങ്ക തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോറ്റതോടെ ഡി ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്. നെതര്‍ലന്‍ഡ്സിനെയും നേപ്പാളിനെയും നേരിടാനുള്ള ശ്രീലങ്കക്ക് ഇനിയുള്ള രണ്ട് കളികളിലും വമ്പൻ ജയം നേടുകയും എതിരാളികളുടെ മത്സരഫലം അനുകൂലമാകുകയും ചെയ്താല്‍ മാത്രമെ സൂപ്പര്‍ എട്ടിലെത്താനാവു.

125 റണ്‍സെന്ന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാ കടുവകൾ തുടക്കത്തില്‍ 28-3ലേക്ക് കൂപ്പുകുത്തിയെങ്കിലും തൗഹിദ് ഹൃദോയിയും(20 പന്തില്‍ 40), ലിറ്റണ്‍ ദാസും(36) ചേര്‍ന്ന് നാലാം വിക്കറ്റില്‍ 73 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ അനായാസം ലക്ഷ്യത്തോട് അടുത്തു. പന്ത്രണ്ടാം ഓവറില്‍ 91-3 എന്ന ശക്തമായ നിലയിലായിരുന്ന ബംഗ്ലാദേശ് പിന്നീട് നാടകീയമായി തകര്‍ന്നടിഞ്ഞതോടെ കളി ആര്‍ക്കും ജയിക്കാമെന്നായി. പതിനെട്ടാം ഓവറില്‍ നുവാന്‍ തുഷാര റിഷാദ് ഹൊസൈനെയും ടസ്കിന്‍ അഹമ്മദിനെയും വീഴ്ത്തി ബംഗ്ലാദേശിനെ 114-8 എട്ടിലേക്ക് തള്ളിവിട്ടു.

ടി20 ലോകകപ്പില്‍ വീണ്ടും വമ്പന്‍ അട്ടിമറി; ന്യൂസിലന്‍ഡിനെ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍, ജയം 84 റണ്‍സിന്

അവസാന രണ്ടോവറില്‍ രണ്ട് വിക്കറ്റ് ശേഷിക്കെ 11 റണ്‍സായിരുന്നു ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ദാസുന്‍ ഷനക എറിഞ്ഞ പത്തൊമ്പതാം ഓവറിൽ ഫുള്‍ട്ടോസായ ആദ്യ പന്ത് സിക്സിന് പറത്തി മെഹ്മദുള്ള ബംഗ്ലാദേശിനെ ജയത്തോട് അടുപ്പിച്ചു. ആ ഓവറില്‍ തന്നെ സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ബംഗ്ലാദേശ് ലക്ഷ്യത്തിലുമെത്തി. 13 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്ന മെഹ്മദുള്ളയുടെ പോരാട്ടം ബംഗ്ലാദേശ് വിജയത്തില്‍ നിര്‍ണായകമായി.

ശ്രീലങ്കന്‍ ക്യാപ്റ്റൻ വാനിന്ദു ഹസരങ്ക എറിഞ്ഞ പന്ത്രണ്ടാം ഓവറിലെ ആദ്യ മൂന്ന് പന്തും സിക്സിന് പറത്തിയ തൗഹിദ് ഹൃദോയ് ആണ് ബംഗ്ലാദേശിന് ലക്ഷ്യത്തേോട് അടുപ്പിച്ചത്. തുടര്‍ച്ചയായി മൂന്ന് സിക്സുകള്‍ പറത്തിയശേഷം ഹസരങ്കയുടെ നാലാം പന്തില്‍ തൗഹിദ് പുറത്തായതിന് പിന്നാലെയാണ് ബംഗ്ലാദേശ് അവിശ്വസനീയമായി തകര്‍ന്നടിഞ്ഞത്. ശ്രീലങ്കക്കായി നുവാന്‍ തുഷാര നാലോവറില്‍ 18 റണ്‍സ് വഴങ്ങി നുവാന്‍ തുഷാര നാലു വിക്കറ്റെടുത്തപ്പോള്‍ ഹസരങ്ക 32 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

നാസൗ സ്റ്റേഡിയത്തില്‍ വീണ്ടും ബൗളര്‍മാരുടെ വിളയാട്ടം, അട്ടിമറിവീരൻമാരായ അയര്‍ലൻഡിനെ വീഴ്ത്തി കാനഡ

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുസ്തഫിസുര്‍ റഹ്മാനും റിഷാദ് ഹൊസൈനും ചേര്‍ന്നാണ് ശ്രീലങ്കയെ എറിഞ്ഞിട്ടത്. ഓപ്പണര്‍ പാതും നിസങ്ക(28 പന്തില്‍ 47) തകര്‍ത്തടിച്ചെങ്കിലും പിന്നീട് വന്നവര്‍ക്കാര്‍ക്കും സ്കോര്‍ ഉയര്‍ത്താനായില്ല. ധനഞ്ജയ ഡിസില്‍സ(26 പന്തില്‍ 21), ചരിത് അസലങ്ക)21 പന്തില്‍ 19), ഏയ്ഞ്ചലോ മാത്യൂസ്(19 പന്തില്‍ 16) എന്നിവരാണ് ലങ്കന്‍ നിരയില്‍ പിന്നീട് രണ്ടക്കം കടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍