ടി20 ലോകകപ്പ്: ഇഷാൻ മുതല്‍ ഹാർദിക്ക് വരെ, പാക്കിസ്ഥാനെ കീഴടക്കിയ ഇന്ത്യയുടെ മാസ്റ്റർപ്ലാൻ

Published : Feb 16, 2026, 03:56 PM IST
suryakumar yadav

Synopsis

പാക്കിസ്ഥാൻ ഇന്നിങ്സിലെ പവര്‍പ്ലേ, ഇവിടെയാണ് ഇന്ത്യ മത്സരം പൂര്‍ണമായും വിജയിച്ച ഘട്ടമുണ്ടാകുന്നതും

അഭിഷേക് ശര്‍മ കളിക്കണം, ഇന്ത്യയുടെ ഏറ്റവും മികച്ച ടീമിനെ മൈതാനത്ത് കിട്ടണം. ഇന്ത്യക്കെതിരായ മത്സരത്തിന് 24 മണിക്കൂര്‍ ദൂരം മാത്രമുള്ളപ്പോള്‍ പാക്കിസ്ഥാൻ നായകൻ സല്‍മാൻ അലി അഗയുടെ ആവശ്യം ഇതായിരുന്നു. ഹാര്‍ദിക്ക് പാണ്ഡ്യയുടെ ഫുള്‍ ലെങ്ത് ഡെലിവെറി ഉസ്മാൻ താരിഖിന്റെ പ്രതിരോധം ഭേദിച്ച് മിഡില്‍ സ്റ്റമ്പിളക്കുകയാണ്. കൊളംബോയില്‍ ആ നിമിഷം ഇന്ത്യയോട് ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഹുമിലിയേഷൻ അനുഭവിക്കുകയായിരുന്നു സല്‍മാൻ അലി അഗയും സംഘവും.

ആര്‍ പ്രമേദാസ സ്റ്റേഡിയത്തില്‍ അയല്‍പ്പോരിന് കളം ഒരുങ്ങും മുൻപ് ഒരു നരേറ്റീവ് ഉണ്ടായിരുന്നു. ഇന്ത്യക്ക് അനുകൂലമായിരുന്നില്ല അതൊന്നും. രണ്ട് മത്സരങ്ങള്‍ ശ്രീലങ്കയിലെ വേഗത കുറഞ്ഞ വിക്കറ്റുകളില്‍ കളിച്ച പാക്കിസ്ഥാൻ. അഞ്ച് ലോകോത്തര സ്പിന്നര്‍മാര്‍ അടങ്ങിയ അവരുടെ ബൗളിങ് നിര. ഇന്ത്യയോ, ഫ്ലാറ്റ് വിക്കറ്റുകളില്‍ നിരന്തരം കളിച്ച് പരിചയിച്ചെത്തുന്ന സംഘം. ചോദ്യം ഇതായിരുന്നു, പാക്കിസ്ഥാന്റെ സ്പിൻ നിരയെ ഇന്ത്യ എങ്ങനെ അതിജീവിക്കും. പാക്കിസ്ഥാനെ ഇന്ത്യ എങ്ങനെ കീഴടക്കി.

പാക്കിസ്ഥാൻ ആഗ്രഹിച്ചതുപോലെ തന്നെയായിരുന്നു എല്ലാ സാഹചര്യങ്ങളും. സ്പിന്നര്‍മാര്‍ക്ക് ഫസ്റ്റ് ഇന്നിങ്സില്‍ ലഭിച്ച ടേണ്‍ 2.6 ഡിഗ്രിയായിരുന്നു. പക്ഷേ അതിനോട് കീഴ്പ്പെടാൻ കഴിയാത്തൊരു പേര് ഇന്ത്യൻ ബാറ്റിങ് നിരയിലുണ്ടായിരുന്നു, ഇഷാൻ കിഷൻ. 40 പന്തില്‍ 77 റണ്‍സ്, എട്ട് ഓവര്‍ പൂര്‍ത്തിയാകുമ്പോഴേക്കും മേല്‍പ്പറഞ്ഞ നരേറ്റീവ് ഇഷാൻ ഒറ്റയ്ക്ക് തിരുത്തി. ഷദാബ് ഖാനും സല്‍മാൻ അഗയും ബാബറും നിസാഹായരായി നില്‍ക്കുന്നതാണ് മൈതാനത്ത് കണ്ടതും. ഇഷാൻ ഒൻപതാം ഓവറില്‍ പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 88 ആണ്, റണ്‍ റേറ്റ് 10ന് മുകളിലും.

ഓസ്ട്രേലിയ-സിംബാബ്‌വെ മത്സരം അതായിരുന്നു ടെമ്പ്ലേറ്റ്, ഭേദപ്പെട്ട ഒരു സ്കോര്‍ മതിയാകും വിജയതീരത്തേക്ക് എത്താൻ. തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരുടെ ഇന്നിങ്സുകള്‍ക്ക് സ്ട്രൈക്ക് റേറ്റിന് മുകളില്‍ പ്രാധാന്യം ലഭിക്കുന്നതും അതുകൊണ്ടാണ്. 24 പന്തില്‍ നേടിയ 25 റണ്‍സും 29 പന്തില്‍ കുറിച്ച 32 റണ്‍സും. മധ്യ ഓവറുകളിലെ പാക് സ്പിന്നര്‍മാരുടെ കൃത്യതയും വേരിയേഷനുകളും സമ്മര്‍ദവും. സെൻസിബിള്‍ ക്രിക്കറ്റായിരുന്നു അനിവാര്യമായത്. അത് സംഭവിക്കുകയും ചെയ്തു.

ഒടുവില്‍ ദുബെ-റിങ്കു സഖ്യത്തിന്റെ ഫിനിഷിങ്ങും. 21 പന്തില്‍ 38 റണ്‍സാണ് ഇരുവരും സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തത്. ഉസ്മാൻ താരിഖിനെ ഏഴാം ബൗളറായി ഉപയോഗിച്ചതും ഷഹീൻ ഷാ അഫ്രിദിക്ക് അവാസന ഓവര്‍ പന്തെറിയാൻ നല്‍കിയതിലും സല്‍മാൻ അഗയ്ക്ക് പിഴച്ചു. 175 എന്ന സ്കോര്‍ പ്രേമദാസയില്‍ എളുപ്പമല്ല, പക്ഷേ അസാധ്യമായ ഒരു ലക്ഷ്യമായിരുന്നില്ല അത്.

പാക്കിസ്ഥാൻ ഇന്നിങ്സിലെ പവര്‍പ്ലേ, ഇവിടെയാണ് ഇന്ത്യ മത്സരം പൂര്‍ണമായും വിജയിച്ച ഘട്ടമുണ്ടാകുന്നതും. സ്ഥിരതയില്ലാത്ത മധ്യനിരയിലേക്ക് മത്സരം കൈമാറിയെത്തും മുൻപ് പാക്കിസ്ഥാന് ഒരു മികച്ച തുടക്കമായിരുന്നു ആവശ്യം. സഹീബ്‌സാദ ഫര്‍ഹാൻ - സയിം ആയുബ് സഖ്യത്തിനായിരുന്നു അതിന്റെ ഉത്തരവാദിത്തം. പക്ഷേ, സ്പിന്നിന് അനുകൂലമായ വിക്കറ്റില്‍ ഹാര്‍ദിക്ക് പാണ്ഡ്യ - ജസ്പ്രിത് ബുമ്ര പേസ് ദ്വയം പാക്കിസ്ഥാന്റെ ആ സ്വപ്നങ്ങളെയെല്ലാം കൊളംബോയില്‍ ഇല്ലാതാക്കുകയായിരുന്നു.

രണ്ട് ഓവര്‍ പിന്നിടുമ്പോഴേക്കും ഫര്‍ഹാനും സയിം ആയുബും നായകൻ സല്‍മാൻ അഗയും കൂടാരം കയറി. സയീമിനെ ബുമ്രയുടെ ബ്രില്യൻസ് ആയിരുന്നെങ്കില്‍ ഫര്‍ഹാനും അഗയ്ക്കും വിനയായത് ഷോട്ട് സെലക്ഷനിലെ വീഴ്ചയായിരുന്നു. പക്ഷേ, അപ്പോഴും പാക് നിരയിലെ ഏറ്റവും മികച്ച ബാറ്റര്‍ ബാബര്‍ അസം ക്രീസിലുണ്ടെന്ന് ഓര്‍ക്കണം. ബാബറിന്റെ ശൈലിയാണ് അനിവാര്യമാണ് മുൻ പാക് താരം രമീസ് രാജ കമന്ററി ബോക്‌സിലിരുന്ന പറഞ്ഞ നിമിഷം അക്സറിനെതിരെ ഒരു വൈല്‍ഡ് സ്ലോഗിന് മുതിര്‍ന്ന് ബാബറും കീഴടങ്ങി.

പാക്കിസ്ഥാൻ സ്പിന്നര്‍മാര്‍ക്ക് വിക്കറ്റില്‍ നിന്ന് ലഭിച്ച ടേണ്‍ 2.6 ഡിഗ്രി ആയിരുന്നെങ്കില്‍ ഇന്ത്യൻ ബൗളര്‍മാര്‍ക്ക് ലഭിച്ചത് 1.7 ഡിഗ്രി മാത്രമാണ്. ഈ ആനൂകുല്യം മുതലെടുക്കാൻ പാക് ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞില്ല. ഷോട്ട് സെലക്ഷനിലെ പാളിച്ചകള്‍ പാക് ബാറ്റിങ് നിരയെ ചീട്ടുകൊട്ടാരം പോലെ തകര്‍ത്തെറിയുകയായിരുന്നു. ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യാൻ ആരും തയാറായില്ല എന്ന് ചുരുക്കം. രണ്ടക്കം കടന്നത് നാല് ബാറ്റര്‍ മാത്രം. ക്ലിനിക്കല്‍ ഫ്രം ഇന്ത്യ.

സമീപകാലത്ത് ഇന്ത്യ സ്വീകരിച്ചുവരുന്ന ശൈലി, പവര്‍പ്ലേയില്‍ തന്നെ കളി വരുതിയിലാക്കുക. അത് പാക്കിസ്ഥാനെതിരെയും പ്രയോഗിച്ചെന്ന് മാത്രം. ദ ആര്‍ട്ട് ഓഫ് വിന്നിങ് ദ പവര്‍പ്ലെ ആൻഡ് ഗെയിം.

Powered by:

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

തിരിഞ്ഞു നോട്ടമില്ല, ഭാവമാറ്റമില്ല; പാക് 'വെടിക്കെട്ട്' വീരൻ ഫര്‍ഹാനെ പുറത്താക്കിയ ഹാർദിക്കിന്‍റെ 'ഐസ് കോൾഡ്' റിയാക്ഷൻ
ടി20 ലോകകപ്പ്: കൊളംബോയില്‍ ഇഷാന്റെ റെക്കോർഡ് മഴ, വീണത് ഗംഭീറടക്കം