
കൊല്‍ക്കത്തയിലെ ആകാശത്തിന് കീഴില്‍ ഒരു ജീവൻ മരണ പോരിന് സുര്യകുമാർ യാദവും കൂട്ടരും ഒരുങ്ങുകയാണ്. വെസ്റ്റ് ഇൻഡീസിനെതിരെ ഇഡൻ ഗാർഡൻസിലെ മണ്ണ് ഇന്ത്യയെ കൈവിട്ട ചരിത്രം 1983ന് ശേഷം ഉണ്ടായിട്ടില്ല. പക്ഷേ, ട്വന്റി 20 ലോകകപ്പില്‍ കരിബീയൻ കരുത്തിനോട് കാലിടറിയിട്ടുണ്ട്, ഒന്നല്ല മൂന്ന് തവണ. അതുകൊണ്ട് ഒന്നും എളുപ്പമാകില്ല.
2016ല്‍ വാംഖഡയില്‍ വിൻഡീസിനോട് അടിയറവ് പറഞ്ഞതിന്റെ ഓർമകള്‍ ഹാർദിക്ക് പാണ്ഡ്യയ്ക്കും ജസ്പ്രിത് ബുമ്രയ്ക്കുമുണ്ടാകും. പലലോകപ്പുകള്‍ പിന്നിട്ടെങ്കിലും സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ ഇന്ത്യയുടെ ഇതിഹാസപ്പട നിന്നത് ഇന്നും ഒരു നീറ്റലാണ്. മുറിവുണക്കാനിറങ്ങുമ്പോള്‍ വെല്ലുവിളികള്‍ ചെറുതല്ല. അതില്‍ ഒന്നാമത്തേത് വെസ്റ്റ് ഇൻഡീസിന്റെ സ്പിൻ നിരയാണ്. ഗുദാകേഷ് മോട്ടി, അക്കീല്‍ ഹൊസൈൻ, റോസ്റ്റണ്‍ ചേസ്.
ഗുദാകേഷ് മോട്ടി. ഫിംഗർ സ്പിന്നിനൊപ്പം റിസ്റ്റ് സ്പിന്നും വഴങ്ങുന്ന ഇടം കയ്യൻ സ്പിന്നർ. ലോകകപ്പിലെ വെസ്റ്റ് ഇൻഡീസിന്റെ വിക്കറ്റ് വേട്ടക്കാരൻ. ആറ് മത്സരങ്ങളില്‍ നിന്ന് പത്ത് വിക്കറ്റുകള്‍. ടൂർണമെന്റില്‍ 12 പന്തെറിയുമ്പോള്‍ ഒരു ബാറ്ററെ ഡഗൗട്ടിലേക്ക് മടക്കാൻ മോട്ടിയ്ക്ക് സാധിച്ചിട്ടുണ്ട്. ഇടം കയ്യൻ ബാറ്റര്‍മാരെ വീഴ്ത്താൻ റിസ്റ്റ് സ്പിൻ വികസിപ്പിച്ചെടുത്ത താരമാണ് മോട്ടി, ആറടി പൊക്കം മറ്റൊരു മുൻതൂക്കം.
ഇന്ത്യയുടെ ബാറ്റിങ് നിരയിലേക്ക് നോക്കിയാല്‍, സഞ്ജു സാംസണിന്റെ വരവുകൊണ്ട് പോലും സന്തുലിതമായിട്ടില്ല ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷൻ. സഞ്ജുവിന്റെയോ സൂര്യയുടേയോ വിക്കറ്റ് വീണാല്‍ ഓഫ്‍ സ്പിന്നിനും ഫിംഗര്‍ സ്പിന്നിനും എതിരെ എക്‌സ്‌പോസ്‌ഡാകുന്ന ബാറ്റിങ് നിര. അവിടെയ്ക്ക് ഉറപ്പായും മോട്ടിയുടെ പന്തുകള്‍ തിരിഞ്ഞെത്തും. ഇഡൻ ഗാര്‍ഡൻസ് മോട്ടിക്ക് പുതുമയുള്ള മൈതാനമല്ല, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം ഒരു സീസണ്‍ ചിലവിട്ടതിന്റെ പരിചയസമ്പത്തുണ്ട് മോട്ടിയുടെ കൈകള്‍ക്ക്. ട്വന്റി 20യില്‍ ഇതുവരെ ഒരു ഇന്ത്യൻ ബാറ്ററും നേരിട്ടിട്ടില്ല എന്നതും ഒരു വെല്ലുവിളിയായി മുന്നിലുണ്ട്.
അക്കീല്‍ ഹൊസൈൻ, ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തില്‍ താരത്തെ പുറത്തിരുത്താൻ വെസ്റ്റ് ഇൻഡീസ് തയാറായിരുന്നു. ടൂര്‍ണമെന്റില്‍ അഞ്ച് കളികളില്‍ നിന്ന് ആറ് വിക്കറ്റുകള്‍. ഇന്ത്യക്കെതിരായ അക്കീല്‍ ഹൊസൈന്റെ കണക്കുകള്‍ ചെറുതല്ല. ഒൻപത് വിക്കറ്റുകള്‍ വീഴ്ത്തിയത് 6.5 എക്കണോമിയിലാണ്. മോട്ടിക്കൊപ്പം മറ്റൊരു ഇടം കയ്യൻ സ്പിന്നര്‍ എന്ന ഓപ്ഷൻ ഷായ് ഹോപ്പ് സ്വീകരിക്കുമോയെന്നതാണ് ആകാംഷ. പ്രത്യേകിച്ചും ഇടം കയ്യന്മാരാല്‍ സമ്പന്നമായ ഇന്ത്യക്കെതിരെ. മറ്റൊരു സാധ്യതയായി ഓഫ് സ്പിന്നറായ റോസ്റ്റണ്‍ ചേസുമുണ്ട്.
ഇന്ത്യൻ ബാറ്റിങ് നിരയെ പരിഗണിക്കുമ്പോള്‍ ചേസിനാണ് മുൻതൂക്കം. ആര്യൻ ദത്ത്, സല്‍മാൻ അലി അഗ, ഇറാസ്‌മസ് തുടങ്ങിയ ചെറിയ പേരുകള്‍ക്ക് പോലും ഇന്ത്യയുടെ ബാറ്റിങ് നിരയെ പരീക്ഷിക്കാനായട്ടുണ്ട്. അപ്പോള്‍ റോസ്റ്റ് ചേസും തന്റെ സാധ്യതകള്‍ കാണുന്നുണ്ടാകും. ടൂര്‍ണമെന്റില്‍ ഇതിനോടകം നാല് വിക്കറ്റ് ചേസിന് നേടാനായിട്ടുണ്ട്. ഇന്ത്യക്കെതിരെയും താരത്തിന് ടി20യില്‍ മികച്ച റെക്കോര്‍ഡുണ്ട്. 5.75 എക്കണോമിയില്‍ ഏഴ് വിക്കറ്റുകള്‍ സ്വന്തമാക്കി. ചേസിന്റെ പന്തുകളെ വിലകുറച്ച് കാണുന്നതായിരുന്നു ബാറ്റര്‍മാരുടെ വീഴ്ചയിലേക്ക് നയിച്ചിട്ടുള്ളതും. മോട്ടി, ഹൊസൈൻ, ചേസ്- എഴുതിത്തള്ളാൻ ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് കഴിയില്ല.
സ്പിന്നിലെ ഈ കരുത്തിനപ്പുറമാണ് വെസ്റ്റ് ഇൻഡീസിന്റെ ബാറ്റിങ് നിര. ഏത് ബൗളിങ് നിരയേയും ഒരുപോലെ സമീപിക്കാൻ കഴിയുന്നവര്‍. ബ്രാൻഡൻ കിങ്ങില്‍ തുടങ്ങി റൊമാരിയോ ഷെപ്പേര്‍ഡിലാണ് അവസാനിക്കുന്നത്. ഒൻപത് ബാറ്റര്‍മാര്‍. ഷിമ്രോണ്‍ ഹെറ്റ്മയര്‍, ഷെര്‍ഫെയ്ൻ റുഥര്‍ഫോര്‍ഡ്, ജേസണ്‍ ഹോള്‍ഡര്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരാണ് ഏറ്റവും അപകടകാരികള്‍. നാല് പേരുടേയും സ്ട്രൈക്ക് റേറ്റ് 150ന് മുകളില്‍. ഹെറ്റ്മെയറിന്റേയും ഹോള്‍ഡറിന്റേയും റുഥര്‍ഫോര്‍ഡിന്റേയും 175നും മുകളിലാണ്.
വിൻഡീസ് ബാറ്റിങ് നിരയുടെ ഡെപ്ത് എത്രത്തോളം അപകടകരമാണ് എന്നത് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സൂപ്പര്‍ എട്ടില്‍ തെളിഞ്ഞതാണല്ലോ. 10.2 ഓവര്‍ എത്തുമ്പോഴേക്കും 83-7 എന്ന നിലയിലേക്ക് കൂപ്പുകുത്തിയതായിരുന്നു വിൻഡീസ്. 120 പോലും എത്തുമോയെന്ന് സംശയിച്ചിരുന്നു ക്രിക്കറ്റ് ലോകം. പക്ഷേ, 20 ഓവര്‍ അവസാനിച്ചപ്പോള്‍ വിൻഡീസിന്റെ സ്കോര്‍ എത്തി നിന്നത് 176-8 എന്ന നിലയിലാണ്. ഇന്ത്യൻ ബൗളിങ് നിരയെ വ്യക്തമായി അറിയാം വിൻഡീസ് ബാറ്റര്‍മാര്‍ക്ക്, മൈതാനവും. ഒൻപതാമൻ കൂടാരം കയറും വരെ ഇന്ത്യക്ക് ആശ്വസിക്കാനുമാകില്ല.
Powered by:
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!