ടി20 ലോകകപ്പ്: ഒന്നര വർഷത്തിന് ശേഷം വിളിയെത്തി, വാംഖഡയില്‍ കത്തിക്കയറി സിറാജ്

Published : Feb 08, 2026, 04:29 PM IST
Mohammed Siraj

Synopsis

വാംഖഡയിലെ രാത്രി അവസാനിക്കുമ്പോള്‍ ഇന്ത്യൻ ബൗളിങ് നിരയില്‍ ഏറ്റവുമധികം വിക്കറ്റ് മുഹമ്മദ് സിറാജ് എന്ന പേരിന് നേര്‍ക്കായിരുന്നു, വിജയശില്‍പ്പികളിലൊരാള്‍

സൂര്യ ഭായ് വിളിച്ചു, വരാതിരിക്കാൻ പറ്റുമോ...

ജര്‍മനി, സ്പെയിൻ - പിന്നെ റയല്‍ മാഡ്രിഡും - റയല്‍ സോസിഡാഡും തമ്മിലുള്ള മത്സരം കാണണം. മുഹമ്മദ് സിറാജ് തന്റെ അവധിക്കാലം ആഘോഷിക്കാൻ തയാറായി...ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ പോരിന് 24 മണിക്കൂര്‍ പോലും അവശേഷിക്കുന്നുണ്ടായിരുന്നില്ല അപ്പോള്‍.

പക്ഷേ ഒരൊറ്റ കോളില്‍ എല്ലാം മാറിമറിയുകയായിരുന്നു. സൂര്യകുമാര്‍ യാദവ് ചുരുങ്ങിയ വാക്കുകളില്‍ സിറാജിനോട് പറഞ്ഞു. Get ready, pack your bag, and come. വിശ്വസിക്കാനായില്ല, ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളിലെ വിദൂര സാധ്യത മാത്രമായിരുന്നു സിറാജിന്റെ പേര്. പരുക്കേറ്റ ഹർഷിത് റാണയ്ക്ക് പകരക്കാരൻ, എങ്കിലും അന്തിമ ടീമിലേക്കൊരിടം അത് അത്ര എളുപ്പമല്ലായിരുന്നു.

പുലര്‍ച്ചെ മൂന്ന് മണിക്ക് ടീമിനൊപ്പം ചേര്‍ന്ന്, ഒടുവില്‍ വാംഖഡയിലെ രാത്രി അവസാനിക്കുമ്പോള്‍ ഇന്ത്യൻ ബൗളിങ് നിരയില്‍ ഏറ്റവുമധികം വിക്കറ്റ് സിറാജ് എന്ന പേരിന് നേര്‍ക്കായിരുന്നു, വിജയശില്‍പ്പികളിലൊരാള്‍. ചെറുപുഞ്ചിരിയോട് അയാള്‍ പറഞ്ഞു. ദൈവം എഴുതിവെച്ചിരിക്കുന്നത് തിരുത്താനാകുന്ന ഒന്നല്ല. ഞാൻ വന്നു, കളിച്ചു, മികവ് പുലര്‍ത്തി. എല്ലാം അവൻ എഴുതിയാണ്, അതിനപ്പുറം ഒന്നും ആ‍ര്‍ക്കും ചെയ്യാൻ കഴിയില്ല.

സിറാജിന്റെ കരിയര്‍ ഒരു ഫെയറി ടെയില്‍ പോലെയാണ്. അപ്രതീക്ഷതമാണ് എല്ലാം. അല്ലെങ്കില്‍ ട്വന്റി 20 കരിയറിന്റെ സാധ്യതകളേറക്കുറെ അവസാനിച്ച് ഒരു ഇടവേളയെടുക്കാൻ തയാറായ താരം ഇന്ത്യയുടെ വിജയശില്‍പ്പികളില്‍ ഒരാളാകുമോ.

യുഎസ്എയ്‌ക്ക് എതിരെ 162 എന്ന ഭേദപ്പെട്ട സ്കോര്‍ പ്രതിരോധിക്കാൻ ഇറങ്ങിയ സൂര്യകുമാര്‍ യാദവിന്റെ സംഘത്തിന് അനിവാര്യമായിരുന്നത് ഡൊമിനേറ്റിങ്ങായ ഒരു പവര്‍പ്ലേയായിരുന്നു. The go to man was Mohammed Siraj. അന്താരാഷ്ട്ര ട്വന്റി 20യിലേക്ക് സിറാജിന് യുഎസ്എ താരം ആൻഡ്രീസ് ഗോസ് വരവേല്‍പ്പ് നല്‍കിയത് സിക്‌സിലൂടെയായിരുന്നു.

ടു പേസ്ഡായുള്ള വിക്കറ്റ് അതിവേഗം റീഡ് ചെയ്യാനും അതിന് അനുസരിച്ച് ലെങ്തില്‍ മാറ്റം വരുത്താനും സിറാജിന് എളുപ്പം കഴിയുന്നതായിരുന്നു പിന്നീട് കണ്ടത്. എറിഞ്ഞ നാലാം പന്തില്‍ തന്നെ ഇംപാക്റ്റ്. ഗോസ് കവർ പോയിന്റില്‍ തിലക് വർമയുടെ കൈകളില്‍ വിശ്രമിച്ചു.

അവിടെ അവസാനിച്ചില്ല. തന്റെ രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ സായ്‌തേജ മുക്കമല്ല സിറാജിന്റെ നിപ് ബാക്കറിന് മുന്നില്‍ കീഴടങ്ങി. വരുണ്‍ ചക്രവർത്തി ക്യാച്ച് പൂർത്തിയാക്കുമ്പോള്‍ യുഎസ്എ 13ന് മൂന്ന് എന്ന നിലയിലേക്ക് വീണു. പവർപ്ലേയില്‍ സിറാജ് മൂന്ന് ഓവറുകള്‍ എറിഞ്ഞു. 18 റണ്‍സ് വഴങ്ങി നേടിയത് രണ്ട് വിക്കറ്റുകള്‍. എത്രത്തോളം നിർണായകമായിരുന്നു ഇന്ത്യക്ക് പവർപ്ലേയെന്ന് അവസാന ഓവറുകളിലെ യുഎസ്എയുടെ ബാറ്റിങ് വ്യക്തമാക്കുന്നു.

യുഎസ്എയുടെ ഒരു മികച്ച തുടക്കം ഉറപ്പായും ഇന്ത്യയെ തോല്‍വിയിലേക്ക് എടുത്തെറിയുമായിരുന്നു എന്നതില്‍ തർക്കമില്ല. പക്ഷേ, റിക്കവറാകാൻ സാധിക്കുന്നതിലും ഡാമേജുണ്ടാക്കാൻ സിറാജ് -അർഷദീപ് സഖ്യത്തിന് കഴിഞ്ഞു. വിക്കറ്റ് വേട്ട തുടങ്ങിയത് മാത്രമല്ല അവസാനിപ്പിച്ചതും സിറാജ് തന്നെയായിരുന്നു. ഡെത്ത് ഓവറുകളില്‍ ഇന്ത്യൻ ബൗളര്‍മാരെ നിലപരിശാക്കിയ ശുഭം രാഞ്ജനെ ഒരു അണ്‍പ്ലെയബിള്‍ യോര്‍ക്കറിലൂടെ വിക്കറ്റിന് മുന്നില്‍ക്കുടുക്കി യുഎസ്എയുടെ ഇന്നിങ്സ് അവസാനിപ്പിച്ചു.

ബുമ്രയുടെ അഭാവത്തിലാണ് സിറാജ് ഏറ്റവുമധികം തിളങ്ങുക എന്ന് പറയാറുണ്ട്. അക്കൂട്ടത്തിലേക്ക് ചേര്‍ത്തുവെക്കാൻ ഒരു പ്രകടനം കൂടിയെന്ന് പറയാം. സിറാജ് അവസാനമായി അന്താരാഷ്ട്ര തലത്തില്‍ ഒരു ട്വന്റി 20 മത്സരം കളിച്ചിട്ട് ഒന്നര വര്‍ഷം പിന്നിട്ടിരിക്കുന്നു. 2024 ജൂലൈ 30ന് ശ്രീലങ്കയ്ക്ക് എതിരെയായിരുന്നു ആ മത്സരം.

പക്ഷേ ആ ഇടവേളയുടെ ആലസ്യം സിറാജിനുണ്ടായിരുന്നില്ല. ലോകകപ്പ് കളിക്കാൻ തയാറായിരുന്നു ഒരാളെ പോലെയായിരുന്നു കളത്തിലെ സിറാജിന്റെ പ്രകടനം. യെസ്, സിറാജ് എപ്പോഴും തയാറാണ്. ഏത് സാഹചര്യത്തിലും ഏത് ഫോര്‍മാറ്റിലും ഏത് മൈതാനത്തും. അയാള്‍ക്ക് ജോലിഭാരത്തിന്റെ പരാതികളോ, വിശ്രമത്തിന്റെ അനിവാര്യതകളോ ഇല്ല. വിശ്വസിക്കുക, സ്വയം വിശ്വസിക്കുക- അതാണ് അയാളുടെ ഫിലോസഫി.

Powered by:

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പ്: രക്ഷകന്റെ വേഷമണിഞ്ഞ് സൂര്യകുമാർ യാദവ്, ഒന്നൊന്നര നായകൻ
ടി20 ലോകകപ്പ്: എന്നാലും ഇങ്ങനെയുണ്ടോ തോല്‍വി, പത്ത് തുടര്‍ പരാജയങ്ങള്‍! നാണക്കേട് ബംഗ്ലാദേശിന്