സൂപ്പർ എട്ടിലെ ഷോക്കിന് മരുന്ന് സഞ്ജു സാംസണ്‍; സിംബാബ്‌വെയ്ക്കെതിരെ യു ടേണ്‍ അടിക്കുമോ?

Published : Feb 23, 2026, 02:42 PM IST
Sanju Samson

Synopsis

സഞ്ജു മുൻനിരയിലേക്ക് വരുമ്പോള്‍ ടീം കുറച്ചുകൂടി സന്തുലിതമാകുമെന്ന് വ്യക്തമാണ്. ആ ഒരു മാറ്റത്തിനായി ഇന്ത്യ തയാറായിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തില്‍ ഫലം മാറുമായിരുന്നു

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിന് മുൻപ് സഞ്ജു സാംസണിന്റെ സാധ്യതകള്‍ കായിക ലേഖർ ആരാഞ്ഞപ്പോള്‍ കണ്ണുരുട്ടി ഒരു പുഞ്ചിരിയോടെയായിരുന്നു ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന്റെ മറുചോദ്യങ്ങള്‍. അഭിഷേകിന് പകരം ഞാൻ സഞ്ജുവിനെ കളിപ്പിക്കണോ, തിലകിന് പകരം സഞ്ജുവിനെ ഉള്‍പ്പെടുത്തണോ...

825 ദിവസത്തെ ഇടവേളയ്ക്ക് ശേഷം അഹമ്മദാബാദില്‍ മറ്റൊരു ലോകകപ്പ് തോല്‍വിയും ഇന്ത്യയും മുഖാമുഖം വരുന്നു. ആ കാഴ്ചയെ അവഗണിക്കാനുള്ള തിടുക്കം ഗ്യാലറിയില്‍ പ്രകടമായി. ടീം ഘടന മുതല്‍ പലചോദ്യങ്ങള്‍. എല്ലാത്തിനും ഉത്തരമെന്നവണ്ണം ഇന്ത്യയുടെ ഡഗൗട്ടിലേക്ക് ക്യാമറക്കണ്ണുകളെത്തി. പിൻനിരയില്‍ സഞ്ജു സാംസണ്‍, മുന്നില്‍ ഗൗതം ഗംഭീര്‍. അതേസമയം തന്നെ കമന്ററി ബോക്‌സില്‍ രവി ശാസ്ത്രിയെ തേടി ഒരു ചോദ്യവുമെത്തി. അടുത്ത മത്സരത്തില്‍ സ‍ഞ്ജുവിന് സാധ്യതകളുണ്ടാകില്ലെയെന്ന്. He will definitely come into the mix. ശാസ്ത്രി മറുപടി പറഞ്ഞു.

ഇടം കയ്യന്മാര്‍ കൊട്ടകെട്ടി സംരക്ഷിക്കാൻ ഒരുങ്ങിയ ഇന്ത്യൻ ബാറ്റിങ് നിര. കോട്ട പൊളിക്കാൻ എതിരാളികള്‍ക്കെല്ലാം എളുപ്പമായിരുന്നു, ഓഫ് സ്പിൻ തന്ത്രവും പേസ് ഓഫ് ഡെലിവെറികളും. അത് കൗണ്ടര്‍ ചെയ്യാനുള്ള വഴി സഞ്ജുവിന്റെ ബാറ്റുകളായിരുന്നു. അഭിഷേക് ശര്‍മയുടെ റണ്‍വരള്‍ച്ച, തിലക് വര്‍മയുടെ മെല്ലപ്പോക്ക്, ഫിനിഷറാകാൻ കഴിയാതെ തുടരുന്ന റിങ്കു സിങ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അവസരം നല്‍കാൻ ഈ മൂന്ന് ഘടകങ്ങള്‍ മുന്നിലുണ്ടായിരുന്നു. ഓഫ് സ്പിൻ ട്രാപ് മാറ്റിവെക്കാം, പ്രോട്ടിയാസിനെതിരായ സഞ്ജുവിന്റെ റെക്കോര്‍ഡ് മാത്രം മതിയായിരുന്നു പരിഗണിക്കപ്പെടാൻ.

അന്താരാഷ്ട്ര ടി20 കരിയറില്‍ മലയാളി താരം നേടിയ മൂന്ന് സെഞ്ച്വറികളില്‍ രണ്ടെണ്ണവും ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ. അതും ഡര്‍ബനിലും ജോഹന്നാസ്ബര്‍ഗിലുമായിരുന്നു. മാര്‍ക്രത്തിന്റെ ടീമിനെതിരെ അഞ്ച് മത്സരങ്ങളില്‍ 253 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 190. രണ്ട് സെഞ്ചുറികള്‍ ഉള്‍പ്പെടെ മൂന്ന് 30 പ്ലസ് സ്കോറുകള്‍. ഏകദിനത്തില്‍ അഞ്ച് ഇന്നിങ്സില്‍ 238 റണ്‍സ്, ശരാശരി 118, സ്ട്രൈക്ക് റേറ്റ് 99. ഒരു ശതകവും ഉള്‍പ്പെടുന്നു.

അഹമ്മദാബാദില്‍ ഇന്ത്യൻ ബാറ്റിങ് നിരയെ തകര്‍ത്തെറിഞ്ഞത് മാര്‍ക്കൊ യാൻസണും കേശവ് മഹരാജും ചേര്‍ന്നായിരുന്നു. യാൻസണ്‍ നാല് വിക്കറ്റുകളും മഹരാജ് മൂന്നും നേടി. യാൻസണെതിരെ 140 സ്ട്രൈക്ക് റേറ്റില്‍ 35 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. മഹരാജിന്റെ 23 പന്തുകള്‍ കരിയറില്‍ നേരിട്ടു, 41 റണ്‍സ്. ഇതുവരെ പുറത്തായിട്ടുമില്ല. ലോകകപ്പില്‍ ഇതുവരെ ആദ്യ ഓവറില്‍ അഭിഷേക് രണ്ട് തവണയും ഇഷാൻ ഒരു പ്രാവശ്യവും ഓഫ് സ്പിന്നര്‍മാര്‍ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. സ്പിന്നര്‍മാര്‍ക്കെതിരായ സഞ്ജുവിന്റെ ശരാശരി സ്ട്രൈക്ക് റേറ്റ് 150ന് അടുത്താണെന്നും ഇവിടെ വിസ്മരിച്ചുകൂടാ.

വിക്കറ്റ് മനസിലാക്കാതെയുള്ള അഗ്രസീവ് സമീപനവും ഓഫ് സ്പിന്നിനെതിരായ ഇടം കയ്യൻ ബാറ്റര്‍മാരുടെ ദുര്‍ബലത വ്യക്തമായിട്ടും തിരുത്താൻ ഇന്ത്യ തയാറായിട്ടില്ല. ഗൗതം ഗംഭീര്‍ മുഖ്യപരിശീലക സ്ഥാനത്ത് എത്തിയത് മുതല്‍ ലൈഫ്റ്റ് - റൈറ്റ് കോമ്പിനേഷനായിരുന്നു മുൻഗണന നല്‍കിയുന്നത്. സഞ്ജു-അഭിഷേക്-സൂര്യ-തിലക്-ദുബെ-ഹാര്‍ദിക്ക്-റിങ്കു എന്നിങ്ങനെ. വിക്കറ്റിനനുസരിച്ച് സ്ഥാനച്ചലനങ്ങള്‍ സംഭവിക്കുമായിരുന്നുവെന്ന് മാത്രം. പക്ഷേ, ലോകകപ്പില്‍ ലെഫ്റ്റ് ഹാൻഡ് - റൈറ്റ് ഹാൻഡ് ബാറ്റര്‍മാരുടെ അനുപാതം ആറ്, രണ്ട് എന്ന നിലയിലാണ്. കോമ്പിനേഷൻ അപ്പാടെ പൊളിഞ്ഞു.

സഞ്ജു മുൻനിരയിലേക്ക് വരുമ്പോള്‍ ടീം കുറച്ചുകൂടി ബാലൻസ്‌ഡാകുമെന്ന് വ്യക്തമാണ്. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മോശം പ്രകടനമായിരുന്നു സഞ്ജുവിനെ ബെഞ്ചിലിരുത്താൻ കാരണമായത്. അഞ്ച് മത്സരങ്ങള്‍. അഭിഷേകും തിലകും റിങ്കുവും സമാനമായ ഫേസിലൂടെയാണ് ലോകകപ്പില്‍ കടന്നുപോകുന്നതും. എന്നിട്ടും ഒരു മാറ്റത്തിന് തയാറാകുന്നില്ല എന്നത് തിരിച്ചടികള്‍ തുടരുന്നതിനും കാരണമാകുന്നു.

സഞ്ജുവിന്റെ മുൻനിരയിലെ അഭാവം തിരിച്ചടിയാകുമ്പോള്‍ മറ്റൊരു വസ്തുതകൂടിയുണ്ട്. മധ്യനിരയില്‍ ലോങ് ഇന്നിങ്സ് കളിച്ച് ടീമിനെ വിജയിപ്പിക്കാൻ കെല്‍പ്പുള്ള ഒരുതാരത്തിന്റെ അഭാവം. ലോകകപ്പില്‍ ഇതിന് മുൻപ് സമ്മര്‍ദ സാഹചര്യങ്ങളില്‍ വിരാട് കോഹ്‌ലിയുടെ ബാറ്റ് രക്ഷകന്റെ റോള്‍ അണിയാനുണ്ടായിരുന്നു. എന്നാല്‍, ഇന്ന് കോഹ്‌ലിയില്ല. ശ്രേയസ് അയ്യരിനെപ്പോലെ സമാനമായി ബാറ്റ് ചെയ്യാൻ കെല്‍പ്പുള്ള ഒരു താരം ടീമില്‍ ഇടം പോലും ലഭിക്കാതെ പുറത്തിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ജയത്തിലേക്ക് എത്താൻ ഇന്ത്യക്ക് ശ്രേയസിന്റെ സവിശേഷതകളായിരുന്നു ആവശ്യം. അഗ്രസീവ് ക്രിക്കറ്റായിരുന്നില്ല, മറിച്ച് സെൻസിബിള്‍ ക്രിക്കറ്റായിരുന്നു വേണ്ടത്. ഇനി നിര്‍ണയാകമായ രണ്ട് മത്സരങ്ങള്‍, വെസ്റ്റ് ഇൻഡീസിനും സിംബാബ്‍വെക്കുമെതിരെ. ജയം അനിവാര്യമാണ്. മാറ്റങ്ങളും. വേക്കപ്പ് കോള്‍ വന്നിരിക്കുന്നു, സൂര്യയും ഗംഭീറും കടുത്ത തീരുമാനങ്ങള്‍ക്ക് തയാറാകുമോയെന്ന് കാത്തിരിക്കാം.

Powered by:

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ടീമില്‍ അവനുണ്ടെങ്കില്‍ ചെന്നൈ നീലക്കടലാകുമെന്ന് മുന്‍ താരം, ഐപിഎല്ലിന് മുമ്പ് ചെപ്പോക്കില്‍ 'അരങ്ങേറാന്‍' സഞ്ജു
ടി20 ലോകകപ്പ്: ഇന്ത്യക്ക് സൂപ്പർ കെണി; സെമിയിലെത്താൻ രണ്ട് മത്സരവും ജയിച്ചാല്‍ പോര