T20 World Cup| 'അദ്ദേഹം പറഞ്ഞത് ഓര്‍മയുണ്ട്'; മിച്ചലിന്റെ ഫിനിംഷിംഗിനിടെ ധോണിയെ ഓര്‍ത്തെടുത്ത് മുന്‍താരം

By Asianet MalayalamFirst Published Nov 11, 2021, 7:12 PM IST
Highlights

30കാരന്‍ പുറത്താവാതെ നേടിയ 72 റണ്‍സാണ് കിവീസിന് ഫൈനലിലേക്കുള്ള ടിക്കറ്റ് സമ്മാനിച്ചത്. ഓപ്പണറായി ഇറങ്ങിയ താരം 42 പന്തില്‍ നാല് വീതം സിക്‌സിന്റേയും ഫോറിന്റേയും സഹായത്തോടെയാണ് ഇത്രയും റണ്‍സെടുത്തത്.

ദുബായ്: കഴിഞ്ഞ ദിവസം വരെ ക്രിക്കറ്റ് ലോകത്തിന് അത്ര പരിചിതമായ പേരായിരുന്നില്ല ന്യൂസിലന്‍ഡ് (New Zealand) താരം ഡാരില്‍ മിച്ചലിന്റേത് (Daryl Mitchell). എന്നാല്‍ ടി20 ലോകകപ്പിന്റെ സെമിയില്‍ ഇംഗ്ലണ്ടിനെതിരെ (England) പുറത്തെടുത്ത പോരാട്ടവീര്യം താന്‍ ആരാണെന്ന് തെളിയിച്ചുകൊടുത്തു. 30കാരന്‍ പുറത്താവാതെ നേടിയ 72 റണ്‍സാണ് കിവീസിന് ഫൈനലിലേക്കുള്ള ടിക്കറ്റ് സമ്മാനിച്ചത്. ഓപ്പണറായി ഇറങ്ങിയ താരം 42 പന്തില്‍ നാല് വീതം സിക്‌സിന്റേയും ഫോറിന്റേയും സഹായത്തോടെയാണ് ഇത്രയും റണ്‍സെടുത്തത്.

കിവീസ് രണ്ടിന് 13 എന്ന നിലയില്‍ പതറുമ്പോഴാണ് മിച്ചല്‍ ടീമിന്റെ രക്ഷകനായത്. ജയിംസ് നീഷാം, ഡെവോണ്‍ കോണ്‍വെ എന്നിവരുടെ ഇന്നിംഗ്‌സും ന്യൂസിലന്‍ഡിന് തുണയായി. എന്നാല്‍ എടുത്തുപറയേണ്ടത് മിച്ചലിന്റെ ഇന്നിംഗ്‌സ് തന്നെയായിരുന്നു. പുറത്താവാതെ ടീമിനെ ജയിപ്പിച്ചതോടെ മിച്ചല്‍ ടീമിന്റെ ഹീറോയായി. മുന്‍ ന്യൂസിലന്‍ഡ് പേസറും കമന്റേറ്ററുമായ സൈമണ്‍ ഡൗള്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി പറഞ്ഞ വാക്കുകളാണ് മിച്ചല്‍ മത്സരം ഫിനിഷ് ചെയ്തപ്പോള്‍ ഓര്‍ത്തെടുത്തത്.

അദ്ദേഹം കമന്ററി പറയുന്നതിനിടെയാണ് ധോണിയുടെ വാക്കുകള്‍ ഓര്‍ത്തെടുത്തത്. ''മഹാനായ ധോണി, മികച്ച ഫിനിഷര്‍. അദ്ദേഹം ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്. എത്രനേരം ഒരു താരം ക്രീസില്‍ പിടിച്ചുനില്‍ക്കുന്നുവോ അത്രത്തോളം സമയം എതിര്‍ ബൗളര്‍മാരെ വിയര്‍ക്കും. രണ്ട് ബാറ്റതര്‍മാര്‍ പുറത്താകകുന്ന മിച്ചല്‍ കണ്ടു. എന്നിട്ടും അവസാനം വരെ താരം പിടിച്ചുനിന്നു. മാത്രമല്ല, ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.'' മുന്‍ കിവീസ് പേസര്‍ വ്യക്തമാക്കി.

മിച്ചലിനൊപ്പം നീഷാമിനും ന്യൂസിലന്‍ഡിന്റെ വിജയത്തില്‍ വലിയ പങ്കുണ്ടായിരുന്നു. ക്രിസ് ജോര്‍ദാന്റെ ഒരു ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും നേടിയാണ് മത്സരം കിവീസിന് അനുകൂലമാക്കിയത്. അവസാന രണ്ട് ഓവറില്‍ 20 റണ്‍സാണ് ന്യൂസിലന്‍ഡിന് വേണ്ടിയിരുന്നത്.  ക്രിസ് വോക്‌സിനെ തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ നേടിയ മിച്ചല്‍ ആ ഓവറിന്റെ അവസാന പന്തില്‍ ബൗണ്ടറി പായിച്ച് വിജയം പൂര്‍ത്തിയാക്കി.

click me!