ടി20 ലോകകപ്പ്: അയല്‍ക്കാരുടെ പോര്, അഭിമാന പോരാട്ടം! ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം തുടങ്ങുന്നു, ആവേശത്തിൽ ആരാധക‍ർ

By Web TeamFirst Published Oct 24, 2021, 6:11 PM IST
Highlights

ലോകകപ്പില്‍ കണ്ടപ്പോഴൊക്കെ പാകിസ്ഥാന്റെ കൊമ്പൊടിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. അട്ടിയിട്ട തോല്‍വികളുടെ ഭാരമായി പാകിസ്ഥാനും എത്തുന്നു

ദുബായ്: ടി20 ലോകകപ്പില്‍ (T20 World Cup) ഇന്ത്യ- പാകിസ്ഥാന്‍ (INDvPAK) വമ്പന്‍ പോരാട്ടം. ദുബായില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. ലോകകപ്പില്‍ കണ്ടപ്പോഴൊക്കെ പാകിസ്ഥാന്റെ കൊമ്പൊടിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. അട്ടിയിട്ട തോല്‍വികളുടെ ഭാരമായി പാകിസ്ഥാനും എത്തുന്നു. വീണ്ടുമൊരു ഇന്ത്യാ പാക്ക് ക്രിക്കറ്റ് പോരാട്ടത്തിൻ്റെ ആവേശത്തിലാണ് ആരാധകർ.

ഐപിഎല്ലില്‍ (IPL 2021) രാകിമിനുക്കിയ താരനിരയാണ് ഇന്ത്യയുടേത്. രോഹിത് ശര്‍മ (Rohit Sharma), കെ എല്‍ രാഹുല്‍ (KL Rahul), സൂര്യകുമാര്‍ യാദവ് (Surykumar Yadav), റിഷഭ് പന്ത് (Rishabh Pant), ഹാര്‍ദിക് പാണ്ഡ്യ (Hardik  Pandya) എന്നിങ്ങനെ നീളുന്ന ബാറ്റര്‍മാരില്‍ ആശങ്കയൊന്നുമില്ല. എന്നാല്‍ ആരൊക്കെ പന്തെറിയും എന്നുള്ള കാര്യത്തിലാണ് ക്യാപ്റ്റന്‍ വിരാട് കോലിയെ (Virat Kohli) ചിന്തിപ്പിക്കുന്നത്.

പാകിസ്ഥാന്‍ പന്ത്രണ്ടംഗ ടീമിനെ നേരത്തേ പ്രഖ്യാപിച്ച് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. യുവത്വവും പരിചയസമ്പത്തും നിറഞ്ഞ പാക് നിരയില്‍ ഷുഐബ് മാലിക് മുതല്‍ ഷഹീന്‍ അഫ്രീദി വരെയുള്ള വെടിക്കോപ്പുകളുണ്ട്. ദുബായിലെ വിക്കറ്റില്‍ റണ്‍കണ്ടെത്തുക പ്രയാസം. സ്പിന്നര്‍മാര്‍ കളിയുടെ ഗതി നിശ്ചയിച്ചേക്കും. മധ്യ ഓവറുകള്‍ നിര്‍ണായകമാവും.

ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ ആകെ ഇന്ത്യ 115 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 73 കളിയില്‍ ജയിച്ചപ്പോള്‍ 37ല്‍ തോറ്റു. രണ്ടു മത്സരം ടൈ. ഫലമില്ലാതെ പോയത് മൂന്ന് കളികള്‍. ഇന്ത്യയുടെ വിജയശതമാനം 63.5. 

പാകിസ്ഥാന്‍ ഇതുവരെ 129 ട്വന്റി 20യില്‍ കളിച്ചിട്ടുണ്ട്. 77 ജയം നേടിയപ്പോള്‍ 45 കളിയില്‍ തോറ്റു. രണ്ട് ടൈ. മത്സര ഫലമില്ലാതെ പോയത് അഞ്ച് കളിയില്‍. വിജയശതമാനം 59.7. രണ്ട് സന്നാഹമത്സരങ്ങളിലും ഇന്ത്യ ജയിച്ചപ്പോള്‍ പാകിസ്ഥാന് ഓരോ ജയവും തോല്‍വിയും.

click me!