ടി20 ലോകകപ്പ്: നാലു പന്തില്‍ നാലു വിക്കറ്റ്; അയര്‍ലന്‍ഡ് ബൗളര്‍ കര്‍ടിസ് കാംഫര്‍ ലോക റെക്കോര്‍ഡിനൊപ്പം

By Web TeamFirst Published Oct 18, 2021, 5:47 PM IST
Highlights

നെതര്‍ലന്‍ഡ് ഇന്നിംഗ്സിലെ പത്താം ഓവറിലായിരുന്നു കാംഫറിന്‍റെ റെക്കോര്‍ഡ് പ്രകടനം. ഓവറിലെ രണ്ടാം പന്തില്‍ കോളിന്‍ അക്കര്‍മാനെ(11) നീല്‍ റോക്കിന്‍റെ കൈകളിലെത്തിച്ചാണ് കാംഫര്‍ വിക്കറ്റ് വേട്ട തുടങ്ങിയത്.

അബുദാബി: ടി20 ലോകകപ്പ്(T20 World Cup 2021 ) യോഗ്യതാ പോരാട്ടത്തില്‍ ലോക റെക്കോര്‍ഡ് നേട്ടത്തിനൊപ്പമെത്തി അയര്‍ലന്‍ഡ്(Ireland) മീഡിയം പേസര്‍ കര്‍ടിസ് കാംഫര്‍(Curtis Campher). നെതര്‍ലന്‍ഡ്സിനെതിരായ(Netherlands) യോഗ്യതാ മത്സരത്തില്‍ ഒരോവറിലെ തുടര്‍ച്ചയായ നാലു പന്തുകളില്‍ നാലു വിക്കറ്റെടുത്താണ് കാംഫര്‍ ലോക റെക്കോര്‍ഡിനൊപ്പമെത്തിയത്. ശ്രീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിംഗ(Lasith Malinga), അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍(Rashid Khan) എന്നിവരാണ് ടി20 ക്രിക്കറ്റില്‍ നാലു പന്തില്‍ നാലു വിക്കറ്റെടുത്ത ബൗളര്‍മാര്‍.

Curtis Campher has four in four 👏

☝️ Colin Ackermann
☝️ Ryan ten Doeschate
☝️ Scott Edwards
☝️ Roelof van der Merwe | | https://t.co/TRm5wxuxrO pic.twitter.com/1HvjCUNR38

— T20 World Cup (@T20WorldCup)

നെതര്‍ലന്‍ഡ് ഇന്നിംഗ്സിലെ പത്താം ഓവറിലായിരുന്നു കാംഫറിന്‍റെ റെക്കോര്‍ഡ് പ്രകടനം. ഓവറിലെ രണ്ടാം പന്തില്‍ കോളിന്‍ അക്കര്‍മാനെ(11) നീല്‍ റോക്കിന്‍റെ കൈകളിലെത്തിച്ചാണ് കാംഫര്‍ വിക്കറ്റ് വേട്ട തുടങ്ങിയത്. തൊട്ടടുത്ത പന്തില്‍ നെതര്‍ലന്‍ഡിന്‍റെ സൂപ്പര്‍താരമായ ടെന്‍ ഡോഷെറ്റെയെ(0) കാംഫര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. അടുത്ത പന്തില്‍ സ്കോട്ട് എഡ്വേര്‍ഡ്സും(0) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അഞ്ചാം പന്തില്‍ വാന്‍ഡെല്‍ മെര്‍വിനെ(0) ബൗള്‍ഡാക്കി കാംഫര്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തി.

കാംഫറിന് മുന്നില്‍ തകര്‍ന്നടിഞ്ഞ നെതര്‍ലന്‍ഡ്സ് 51-2 എന്ന ഭേദപ്പെട്ട നിലയില്‍ നിന്ന് 51-6ലേക്ക് കൂപ്പുകുത്തി. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്സ് 20 ഓവറില്‍ 106 റണ്‍സിന് ഓള്‍ ഔട്ടായി. 51 റണ്‍സെടുത്ത മാക്സ് ഓഡോഡ് മാത്രമെ നെതര്‍ലന്‍ഡ്സിനായി  പൊരുതിയുള്ളു. 21 റണ്‍സെടുത്ത ക്യാപ്റ്റന്‍ സീലാറും 11 രണ്‍സെടുത്ത അക്കര്‍മാനും വാന്‍ ബീക്കുമാണ് നെതര്‍ല്‍ഡ് നിരയില്‍ രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍. നാലോവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത കാംഫര്‍ നാലു വിക്കറ്റെടുത്തപ്പോള്‍ മാര്‍ക്ക് അഡയര്‍ മൂന്ന് വിക്കറ്റെടുത്തു.

2019ല്‍ അയര്‍ലന്‍ഡിനെതിരെ ആയിരുന്നു റാഷിദ് ഖാന്‍ ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി നാലു പന്തില്‍ നാലു വിക്കറ്റെടുത്ത് ചരിത്രനേട്ടം സ്വന്തമാക്കിയത്. അതേവര്‍ഷം ന്യൂസിലന്‍ഡിനെതിരെ നാലു പന്തില്‍ നാലു വിക്കറ്റെടുത്ത് ശ്രീലങ്കയുടെ ലസിത് മലിംഗയും റാഷിദിന്‍റെ നേട്ടത്തിനൊപ്പമെത്തി.

click me!