ടി20 ലോകകപ്പ്: പാകിസ്ഥാന്‍ ഇന്ന് വീണ്ടുമിറങ്ങുന്നു; ന്യൂസിലന്‍ഡ് ആദ്യ മത്സരത്തിന്

By Web TeamFirst Published Oct 26, 2021, 10:30 AM IST
Highlights

ഇന്ത്യയെ പത്ത് വിക്കറ്റിന് തോല്‍പിച്ച പാകിസ്ഥാന് ലോകകപ്പില്‍ ഇതിനേക്കാള്‍ മികച്ചൊരു തുടക്കം സ്വപ്നത്തില്‍പ്പോലും അസാധ്യം.

ഷാര്‍ജ: രണ്ടാമത്തെ മത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നേരിടും. ഷാര്‍ജയില്‍ വൈകിട്ട് 7.30നാണ് മത്സരം. ഇന്ത്യയെ പത്ത് വിക്കറ്റിന് തോല്‍പിച്ച പാകിസ്ഥാന് ലോകകപ്പില്‍ ഇതിനേക്കാള്‍ മികച്ചൊരു തുടക്കം സ്വപ്നത്തില്‍പ്പോലും അസാധ്യം. ന്യുസീലന്‍ഡിനെ മറികടന്നാല്‍ സെമി ഫൈനല്‍ ഉറപ്പിക്കാന്‍ പാകിസ്ഥാന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരില്ല. 

ഗ്രൂപ്പിലെ മറ്റ് എതിരാളികള്‍ താരതമ്യേന ദുര്‍ബലര്‍. രണ്ടാം പോരിനിറങ്ങുമ്പോള്‍ പാകിസ്ഥാന് മറ്റൊരു കണക്കുകൂടി തീര്‍ക്കാനുണ്ട്. ടെസ്റ്റ് പരന്പര തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ന്യൂസിലന്‍ഡ് കഴിഞ്ഞമാസം സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ച് നാട്ടിലേക്ക് മടങ്ങിയത് പാകിസ്ഥാന് അത്ര പെട്ടെന്ന് മറക്കാനാവില്ല. 

ടീമില്‍ മാറ്റത്തിനും സാധ്യത തീരെ കുറവ്. ട്വന്റി 20യില്‍ പുതിയ മേല്‍വിലാസമുണ്ടാക്കാന്‍ ഇറങ്ങുന്ന ലോക ടെസ്റ്റ് ചാന്പ്യന്‍മാരായ ന്യൂസിലന്‍ഡിന് ഷഹീന്‍ അഫ്രീദിയുടെ ആദ്യസ്‌പെല്‍ അതിജീവിക്കുകയാവും പ്രധാന വെല്ലുവിളി. ഫോമിലേക്കുയര്‍ന്നാല്‍ ഏത് ടീമിനെയും തകര്‍ക്കാന്‍ ശേഷിയുള്ള താരങ്ങളുണ്ട് കെയ്ന്‍ വില്യംസന്റെ സംഘത്തില്‍. 

സ്പിന്നര്‍മാര്‍ നിര്‍ണായക പങ്കുവഹിക്കും. ഷാര്‍ജയിലെ വിക്കറ്റില്‍ ടോസ് നേടുന്നവര്‍ ബൗളിംഗ് തിരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കില്ല.

ആദ്യജയം തേടി ദക്ഷിണാഫ്രിക്കയും വിന്‍ഡീസും

ദുബായ്: ടി20 ലോകകപ്പില്‍ ആദ്യ ജയം ലക്ഷ്യമിട്ട് വെസ്റ്റ് ഇന്‍ഡീസും, ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ വരും. വൈകിട്ട് മൂന്നരയ്ക്ക് ദുബായിലാണ് മത്സരം. ആദ്യ കളിയില്‍ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയയോട് തോറ്റിരുന്നു. നിലവിലെ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ടിനോട് ദയനീയമായി പരാജയപ്പെട്ടു. സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇരുടീമിനും ജയം അനിവാര്യമാണ്. ട്വന്റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും മൂന്ന് കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക രണ്ട് കളിയിലും വിന്‍ഡീസ് ഒരു കളിയിലും ജയിച്ചു.

click me!