T20 World Cup| രാഹുലിനെ പുറത്താക്കാനുള്ള തന്ത്രം ഉപദേശിച്ച സഹതാരത്തിന് നന്ദി പറഞ്ഞ് ഷഹീന്‍ അഫ്രീദി

By Web TeamFirst Published Nov 12, 2021, 9:43 PM IST
Highlights

രണ്ടാം ഓവര്‍ എറിയുന്നതിന് മുമ്പ് ഞാന്‍ മാലിക്കിനോട് ഉപദേശം ചോദിച്ചു. അദ്ദേഹം എന്നോട് ലെംഗ്ത് ബോളെറിയാന്‍ ആവശ്യപ്പെട്ടു. ഫുള്‍ ലെംഗ്ത്ത് പന്തെറിയാനായിരുന്നു സത്യം പറഞ്ഞാല്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഞാന്‍ വീണ്ടും ചോദിച്ചു, ലെംഗ്ത് പന്തെറിയണോ എന്ന്,

കറാച്ചി: ടി20 ലോകകപ്പില്‍(T20 World Cup) ഇന്ത്യയുടെ(Team India) വിധി നിര്‍ണയിച്ചത് രണ്ട് പന്തുകളായിരുന്നു. പാക്കിസ്ഥാനെതിരെ ആദ്യ പോരാട്ടത്തില്‍ രോഹിത് ശര്‍മയെയും(Rohit Sharma) കെ എല്‍ രാഹുലിനെയും(KL Rahul) പുറത്താക്കിയ ഷഹീന്‍ അഫ്രീദിയുടെ(Shaheen Afridi) രണ്ട് പന്തുകള്‍. രോഹിത്തും രാഹുലും തുടക്കത്തിലെ മടങ്ങിയതാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്.

രോഹിത്തിനെ ഇന്‍സ്വിംഗറില്‍ അഫ്രീദി വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നെങ്കില്‍ രാഹുലിനെ ലെംഗ്ത് ബോളില്‍ അഫ്രീദി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. രാഹുല്‍ പുറത്തായ പന്ത് താന്‍ കണ്ടതില്‍ ഏറ്റവും മികച്ച പന്തുകളിലൊന്നാണെന്ന് പാക് ടീമിന്‍റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്‍റായ മാത്യു ഹെയ്ഡന്‍ പറയുകയും ചെയ്തു.
 
എന്നാല്‍ രാഹുലിനെ പുറത്താക്കാനുള്ള പന്തെറിയാന്‍ തനിക്ക് തന്ത്രം ഉപദേശിച്ച സഹതാരത്തിന് നന്ദി പറയുകയാണിപ്പോള്‍ അഫ്രീദി. അത് മറ്റാരുമല്ല, രണ്ട് ദശകമായി പാക് ക്രിക്കറ്റിന്‍റെ നെടുംതൂണായ ഷൊയൈബ് മാലിക്ക് തന്നെ. രാഹുലിനെതിരെ പന്തെറിയുന്നതിന് മുമ്പ് ഫുള്‍ ലെംഗ്ത്ത് പന്തെറിയാനായിരുന്നു താന്‍ ഉദ്ദേശിച്ചിരുന്നതെന്ന് ടെലഗ്രാഫിന് നല്‍കി അഭിമുഖത്തില്‍ അഫ്രീദി പറയുന്നു.

രണ്ടാം ഓവര്‍ എറിയുന്നതിന് മുമ്പ് ഞാന്‍ മാലിക്കിനോട് ഉപദേശം ചോദിച്ചു. അദ്ദേഹം എന്നോട് ലെംഗ്ത് ബോളെറിയാന്‍ ആവശ്യപ്പെട്ടു. ഫുള്‍ ലെംഗ്ത്ത് പന്തെറിയാനായിരുന്നു സത്യം പറഞ്ഞാല്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഞാന്‍ വീണ്ടും ചോദിച്ചു, ലെംഗ്ത് പന്തെറിയണോ എന്ന്, അദ്ദേഹം എന്നോട് ഫുള്‍ ലെംഗ്ത് എറിയരുതെന്ന് ഉപദേശിച്ചു. അദ്ദേഹത്തിന്‍റെ ഉപദേശം അനുസരിച്ച് ആദ്യ ഓവറില്‍ അധികം സ്വിംഗ് ഇല്ലാതിരുന്നതിനാല്‍ ഞ‌ാന്‍ രാഹുലിനെതിരെ ലെംഗ്ത് ബോളെറിയാന്‍ തന്നെ തീരുമാനിച്ചു. അത് ഫലം കണ്ടു.

22 വര്‍ഷമായി പാക്കിസ്ഥാനുവേണ്ടി കളിക്കുന്ന മാലിക്കിന് ഏത് സാഹചര്യത്തില്‍ എന്ത് പന്തെറിയണമെന്ന് വ്യക്തമായറിയാം. അതുകൊണ്ടാണ് ഞാനദ്ദേഹത്തോട് ഉപദേശം ചോദിച്ചതും. അതുപോലെ രോഹിത്തിനെ പുറത്താക്കിയതും തന്ത്രമുപയോഗിച്ചായിരുന്നുവെന്ന് അഫ്രീദി പറഞ്ഞു. രോഹിത് നിലയുറപ്പിച്ചാല്‍ എത്രമാത്രം അപകടകാരിയായ ബാറ്ററാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.

അതുകൊണ്ടുതന്നെ തുടക്കത്തിലെ അദ്ദേഹത്തിനെതിരെ യോര്‍ക്കറുകള്‍ എറിയാനായിരുന്നു എന്‍റെ പദ്ധതി. രാഹുല്‍ സിംഗിളെടുത്ത് രോഹിത്തിന് സ്ട്രൈക്ക് നല്‍കിയപ്പോള്‍ ഞാന്‍ മനസില്‍ കരുതി. ഇതാണ് യോര്‍ക്കറെറിയാനുള്ള അവസരമെന്ന്. അദ്ദേഹത്തിന് പിഴച്ചാല്‍ ചെറിയ സ്വിംഗുള്ളതുകൊണ്ട് വിക്കറ്റ് കിട്ടുമെന്നുറപ്പ്. അത് സംഭവിക്കുകയും ചെയ്തു-ഷഹീന്‍ പറഞ്ഞു.

പാക്കിസ്ഥാനെതിരായ നിര്‍ണായ പോരാട്ടത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോലിയുടെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ 151 റണ്‍സെടുത്തപ്പോള്‍ 10 വിക്കറ്റിനായിരുന്നു പാക്കിസ്ഥാന്‍ ജയിച്ചത്. മത്സരത്തില്‍ അഫ്രീദി 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.

click me!