Team India| കോലിക്ക് ഏകദിന ടീമിന്റെ നായകസ്ഥാനവും നഷ്ടമായേക്കും; റിപ്പോര്‍ട്ട്

By Web TeamFirst Published Nov 12, 2021, 7:33 PM IST
Highlights

കഴിഞ്ഞ ദിവസം രോഹിത് ശര്‍മ (Rohit Sharma) ടി20 ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ കോലിയെ സംബന്ധിച്ചിടത്തോളം അത്രനല്ല സൂചനകളല്ല പുറത്തുവരുന്നത്.

മുംബൈ: ടി20 ടീമിന്റെ നായകസ്ഥാനത്ത് നിന്ന് ലോകകപ്പോടെ വിരാട് കോലി (Virat Kohli) പിന്മാറിയിരുന്നു. ലോകകപ്പിന് (T20 World Cup) ശേഷം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് നേരത്തെതന്നെ കോലി പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ദിവസം രോഹിത് ശര്‍മ (Rohit Sharma) ടി20 ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ കോലിയെ സംബന്ധിച്ചിടത്തോളം അത്രനല്ല സൂചനകളല്ല പുറത്തുവരുന്നത്. ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും താരത്തെ നീക്കാന്‍ സാധ്യതയേറെയാണ്.

ഏകദിന ടീമിന്റെ സ്ഥാനത്ത് നിന്നൊഴിയാന്‍ ബിസിസിഐ കോലിയോട് ആവശ്യപ്പെടുമെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ക്യാപ്റ്റന്‍സി ഭാരം ഒഴിവാക്കി വരാനിരിക്കുന്ന ടൂര്‍ണമെന്റുകളില്‍ കോലി പഴയ ബാറ്റിംഗ് ഫോമിലേക്ക് തിരിച്ചെത്തണമെന്നാണ് ബിസിസിഐയുടെ ആഗ്രഹഹം. നേരത്തെ, ടി20 ലോകകപ്പോടെ ഇന്ത്യന്‍ ടി20 ടീമിന്റെ നായക സ്ഥാനമൊഴിഞ്ഞ കോലി ഏകദിനത്തിലും, ടെസ്റ്റിലും ടീമിന്റെ ക്യാപ്റ്റനായി തുടരുമെന്നായിരുന്നു സൂചനകള്‍. 

ജനുവരി 11ന് ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കാനിരിക്കെ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍സിയില്‍ ഉടന്‍ തന്നെ മാറ്റമുണ്ടായേക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നുണ്ട്. രോഹിത് ശര്‍മ 50 ഓവര്‍ ഫോര്‍മ്മാറ്റിലും നായകനായി ചുമതലയേല്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു, കെ എല്‍ രാഹുലാകും ഉപനായകന്‍. 

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ രോഹിത്താണ് ഇന്ത്യയെ നയിക്കുന്നത്. കോലി വിശ്രമം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടെസ്റ്റ് പരമ്പരയിലേക്ക് താരം തിരിച്ചെത്തും. രണ്ടാം ടെസ്റ്റില്‍ കോലി ക്യാപ്റ്റനാവും.

click me!