'ഞാന്‍ കണ്ടതില്‍ ഏറ്റവും മികച്ച പന്ത്', രാഹുല്‍ പുറത്തായ ഷഹീന്‍ അഫ്രീദിയുടെ പന്തിനെക്കുറിച്ച് ഹെയ്ഡന്‍

By Web TeamFirst Published Nov 10, 2021, 5:32 PM IST
Highlights

ഇന്ത്യക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ ജയം സമ്മാനിച്ചതാകട്ടെ ഷഹീന്‍ അഫ്രീദിയെന്ന(Shaheen Shah Afridi) ഇടംകൈയന്‍ പേസറുടെ മാരക സ്വിംഗ് ബൗളിംഗായിരുന്നു. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യയുടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മയെയും കെ എല്‍ രാഹുലിനെയും പുറത്താക്കിയാണ് തുടക്കത്തിലെ ഷഹീന്‍ അഫ്രീദി ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്.

ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup) രണ്ടാം സെമി ഫൈനലില്‍ പാക്കിസ്ഥാന്‍(Pakistan) നാളെ ഓസ്ട്രേലിയയുമായി(Austraia) ഏറ്റുമുട്ടാനിറങ്ങുകയാണ്. ടൂര്‍ണമെന്‍റില്‍ ഇതുവരെ പരാജയമറിയാത്ത ഒരേയൊരു ടീമാണ് പാക്കിസ്ഥാന്‍. ആദ്യ മത്സരത്തില്‍ ലോകകപ്പിലെ ഇന്ത്യക്കെതിരായ(India) തോല്‍വികളുടെ ചരിത്രം തിരുത്തി ജയവുമായി തുടങ്ങിയ പാക്കിസ്ഥാന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.

ഇന്ത്യക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ ജയം സമ്മാനിച്ചതാകട്ടെ ഷഹീന്‍ അഫ്രീദിയെന്ന(Shaheen Shah Afridi) ഇടംകൈയന്‍ പേസറുടെ മാരക സ്വിംഗ് ബൗളിംഗായിരുന്നു. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യയുടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മയെയും കെ എല്‍ രാഹുലിനെയും പുറത്താക്കിയാണ് തുടക്കത്തിലെ ഷഹീന്‍ അഫ്രീദി ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്.

ഇതില്‍ രോഹിത് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നെങ്കില്‍ രാഹുലിനെ അസാധ്യമായൊരു പന്തില്‍ ഷഹീന്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. രാഹുലിനെ ബൗള്‍ഡാക്കിയ അഫ്രീദിയുടെ പന്ത് താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച പന്തുകളിലൊന്നാണെന്ന് തുറന്നു പറയുയകയാണ് പാക്കിസ്ഥാന്‍റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്‍റ് കൂടിയായ മുന്‍ ഓസീസ് ഇതിഹാസം മാത്യു ഹെയ്ഡന്‍(Matthew Hayden).

വേഗവും സ്വിംഗും ഒരുപോലെ സമന്വയിക്കുന്ന ഷഹീന്‍ അധികം വൈകാതെ പാക്കിസ്ഥാന്‍റെ സ്ട്രൈക്ക് ബൗളര്‍മാരിലൊരാളാവുമെന്നും ഹെയ്‌ഡന്‍ പറഞ്ഞു. ഷഹീന്‍ അഫ്രീദിയെ മികച്ച ബൗളറായി മാറ്റുന്നതില്‍ ബൗളിംഗ് കണ്‍സള്‍ട്ടന്‍റായ വെര്‍നോണ്‍ ഫിലാന്‍ഡറുടെ ഉപദേശങ്ങളും ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും ഹെയ്ഡന്‍ പറഞ്ഞു.

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോട് പത്തു വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഇന്ത്യക്കെതിരെ നാലോവര്‍ പന്തെറിഞ്ഞ ഷഹീന്‍ അഫ്രീദി രോഹിത്തിനെയും രാഹുലിനെയും പുറത്താക്കിയതിന് പുറമെ ഇന്നിംഗ്സിനൊടുവില്‍ ഇന്ത്യയുടെ ടോപ് സ്കോററായ വിരാട് കോലിയെയും വീഴ്ത്തി മൂന്ന് വിക്കറ്റെടുത്തിരുന്നു.

പാക്കിസ്ഥാനെതിരായ തോല്‍വി ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാവുകയും ചെയ്തു. രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനോടും തോറ്റ ഇന്ത്യ നമീബിയയെയും അഫ്ഗാനിസഥാനെയും സ്കോട്‌ലന്‍ഡിനെയും വീഴ്ത്തിയെങ്കിലും സെമി കാണാതെ പുറത്താവുകയായിരുന്നു.

click me!