
ന്യൂയോര്‍ക്ക്: ട്വന്‍റി 20 ലോകകപ്പിന് മുന്നോടിയായി ടീം ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ സന്നാഹ മത്സരം കളിക്കും. രാത്രി 8 മണിക്ക് ന്യൂയോർക്കിലെ നസാവു കൗണ്ടി രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്‌സും ഹോട്‌സ്റ്റാറും വഴി മത്സരം ഇന്ത്യയില്‍ തല്‍സമയം കാണാം.
രോഹിതും സംഘവും ഇത്തവണ കപ്പടിക്കണമെന്ന് ഉറപ്പിച്ചാണ് അമേരിക്കയിലേക്ക് പറന്നിറങ്ങിയത്. ഏകദിന ലോകകപ്പിൽ കൈയകലെ കിരീടം നഷ്ടമായതിന്‍റെ മുറിവുണങ്ങണമെങ്കിൽ കുട്ടി ക്രിക്കറ്റിൽ വീണ്ടും കപ്പുയർത്തണം. ബംഗ്ലാദേശിനെതിരായ ഇന്നത്തെ സന്നാഹ മത്സരത്തിൽ ടീമിന്‍റെ ദൗർഭല്യങ്ങൾ തിരിച്ചറിയാനാകും പരിശീലകന്‍ രാഹുൽ ദ്രാവിഡ് ശ്രമിക്കുക. ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുക്കാനാകാത്ത താരങ്ങൾക്ക് ഫോം വീണ്ടെടുക്കാനുള്ള അവസരമാണ് ഇന്നലെ കളി. സന്നാഹ മത്സരത്തിൽ ആരൊക്കെ കളിക്കുമെന്നതിലും ആകാംക്ഷയുണ്ട്. രണ്ടാം വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയ സഞ്ജുവിന് അവസരം ലഭിക്കുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകർ. അമേരിക്കയിലേക്ക് അവസാന നിമിഷം യാത്രതിരിച്ച വിരാട് കോലി സന്നാഹം കളിക്കാൻ സാധ്യതയില്ല.
ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ അമേരിക്കയിലെ കാലാവസ്ഥയുമായി താരങ്ങൾ പൊരുത്തപ്പെട്ടുകഴിഞ്ഞു. മൂന്ന് ദിവസമായി കാണ്ടിയാഗ് പാർക്കിൽ ഇന്ത്യൻ ടീം പരിശീലനം നടത്തിയിരുന്നു.
ആതിഥേയരായ അമേരിക്കയോട് നാണംകെട്ട തോൽവി നേരിട്ടാണ് ബംഗ്ലാദേശ് ലോകകപ്പിനെത്തുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും ബംഗ്ലാ കടുവകള്‍ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ അമേരിക്ക പരമ്പര സ്വന്തമാക്കി ചരിത്രം കുറിച്ചു. ഈ തിരിച്ചടിക്ക് ഇന്ന് ഇന്ത്യയെ തോൽപ്പിച്ച് ഊർജം വീണ്ടെടുക്കാനാണ് ശ്രമം. ജൂൺ എട്ടിന് ശ്രീലങ്കയ്ക്കെതിരെയാണ് ബംഗ്ലാദേശിന്‍റെ ആദ്യ മത്സരം. ജൂൺ അഞ്ചിന് ന്യൂയോർക്കിൽ അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിൽ ജൂൺ 9നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരം. 12ന് അമേരിക്ക, 15ന് കാനഡ ടീമുകളെയും ഇന്ത്യ നേരിടും. 11 വർഷമായി ഐസിസി ടൂർണമെന്‍റുകളിൽ ഇന്ത്യക്ക് ട്രോഫി നേടാനായിട്ടില്ല. 2022ൽ ഓസ്ട്രേലിയയിൽ നടന്ന ട്വന്‍റി 20 ലോകകപ്പിൽ സെമിയിൽ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!