
കൊളംബോ: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 175 റണ്‍സിന്റെ വിജയലക്ഷ്യം കിവീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. തുടക്കത്തിലെ തകര്‍ച്ചക്കുശേഷം കോളിന്‍ ഡി ഗ്രാന്‍ഡ്ഹോമിന്റെയും(28 പന്തില്‍ 44), റോസ് ടെയ്‌ലറുടെയും(29 പന്തില്‍ 48) ഇന്നിംഗ്സുകളാണ് കിവീസിന് അനായാസ ജയമൊരുക്കിയത്. സ്കോര്‍ ശ്രീലങ്ക 20 ഓവറില്‍ 174/4, ന്യൂസിലന്‍ഡ് 19.3 ഓവറില്‍ 175/5.
മാര്‍ട്ടിന്‍ ഗപ്ടില്‍(11), കോളിന്‍ മണ്‍റോ(0), സീഫര്‍ട്ട്(15) എന്നിവരെ 39 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായ ന്യൂസിലന്‍ഡിനെ ഗ്രാന്‍ഡ്ഹോമും ടെയ്‌ലറും ചേര്‍ന്നാണ് കരകയറ്റിയത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 79 റണ്‍സടിച്ചു. ഇരുവരും പുറത്തായശേഷം ഡാരില്‍ മിച്ചലും(19 പന്തില്‍ 25 നോട്ടൗട്ട്), മിച്ചല്‍ സാന്റ്നറും(എട്ട് പന്തില്‍ 14 നോട്ടൗട്ട്) ചേര്‍ന്ന് കിവീസിനെ വിജയത്തിലെത്തിച്ചു.
രണ്ടോവറില്‍ ജയത്തിലേക്ക് 19 റണ്‍സ് വേണമെന്നിരിക്കെ പത്തൊമ്പതാം ഓവര്‍ എറിയാനെത്തിയ മലിംഗ ലെഗ് സ്റ്റംപിന് പുറത്ത് വൈഡെറിയുകയും പന്ത് ബൗണ്ടറി കടക്കുകയും ചെയ്തത് മത്സരത്തില്‍ വഴിത്തിരിവായി. ആ ഓവറില്‍ മിച്ചല്‍ ഒരു സിക്സര്‍ കൂടി നേടിയതോടെ കിവീസ് അനായാസം വിജയത്തിലെത്തി. ലങ്കക്കായി മലിംഗ 23 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഹസരംഗ 21 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.
നേരത്തെ കുശാല്‍ മെന്‍ഡിസിന്റെ ബാറ്റിംഗ് മികിവിലാണ്(53 പന്തില്‍ 73)ശ്രീലങ്ക മികച്ച സ്കോര്‍ ഉറപ്പിച്ചത്. റോസ് ടെയ്‌ലറാണ് കളിയിലെ കേമന്‍. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം മത്സരം ചൊവ്വാഴ്ച നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!