
ലണ്ടൻ: തന്ത്രങ്ങള്‍ നോക്കുകയാണെങ്കില്‍ ഗൗതം ഗംഭീര്‍ ഇന്ത്യയുടെ മികച്ച പരിശീലകനാണെന്ന് മുന്‍ ഇന്ത്യൻ താരം ദിനേശ് കാര്‍ത്തിക്. എന്നാല്‍ കളിക്കാരെ മാനേജ് ചെയ്യുന്ന കാര്യത്തില്‍ ഗംഭീര്‍ കുറച്ചുകൂടി കരുതലെടുക്കേണ്ടിവരുമെന്നും ദിനേശ് കാര്‍ത്തിക് പറഞ്ഞു.
ക്യാപ്റ്റനായിരുന്നപ്പോള്‍ ആക്രമണോത്സുകതയുള്ള ക്യാപ്റ്റനായിരുന്നു ഗംഭീര്‍. പരിശീലകനായപ്പോൾ തന്ത്രങ്ങളുടെ കാര്യത്തിലും മികവ് കാട്ടുന്നു. എന്നാല്‍ കളിക്കാരെ മാനേജ് ചെയ്യുന്ന കാര്യത്തില്‍ മാത്രമാണ് ആശങ്കയുള്ളത്. ക്യാപ്റ്റനെപ്പോലെ ഒരു പരിശീലകന് ടീമിലെ കളിക്കാരോട് ആക്രമണോത്സുകനാവാനാവില്ലെന്നും കാര്‍ത്തിക് സ്കൈ സ്പോര്‍ട്സിന്‍റെ പോഡ് കാസ്റ്റില്‍ പറഞ്ഞു.
കളിക്കാരെ കൈകാര്യം ചെയ്യുമ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. ഓരോ കളിക്കാരനും വ്യത്യസ്തനാണ്. കളിക്കാരെ വിശ്വാസത്തിലെടുത്ത് ഗ്രൗണ്ടിലിറക്കിയാല്‍ പിന്നീട് അവരെ വിശ്വസിക്കുക എന്നതാണ് കോച്ചിന്‍റെ ജോലി. അതാണ് ഗംഭീറിന് മുന്നിലുള്ള വെല്ലുവിളിയുമെന്നും കാര്‍ത്തിക് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് നേടിയശേഷം രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ജയിച്ചു തുടങ്ങിയ ഗംഭീറിന് കീഴില്‍ പക്ഷെ ഇന്ത്യ നാട്ടില്‍ ന്യൂസിലന്‍ഡിനോട് 0-3ന്‍റെ സമ്പൂര്‍ണ തോല്‍വി വഴങ്ങി.
പിന്നാലെ നടന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ ജയിച്ചെങ്കിലും പിന്നീട് മൂന്ന് ടെസ്റ്റുകള്‍ തോറ്റ് അഞ്ച് മത്സര പരമ്പരയില്‍ 1-3ന് തോറ്റു. ചാമ്പ്യൻസ് ട്രോഫി ജേതാക്കളായെങ്കിലും ടെസ്റ്റില്‍ പരിശീലകനെന്ന നിലയില്‍ ഗംഭീറിന് ഇതുവരെ മികവ് കാട്ടാനായിട്ടില്ല. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ അശ്വിനും കഴിഞ്ഞ മാസം രോഹിത് ശർമയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ താരതമ്യേന യുവാക്കളുടെ സംഘവുമായാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കിറങ്ങുന്നത്. 25കാരനായ ശുഭ്മാന്‍ ഗില്ലാണ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഗില്ലനും ഗംഭീറിനും ഒരുപോലെ നിര്‍ണായകമായിരിക്കുമെന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക