
ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ലോകറെക്കോര്‍ഡ് കെട്ടിപടുത്ത് തമിഴ്‌നാട്. അരുണാചല്‍ പ്രദേശിനെതിരായ മത്സരത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 506 റണ്‍സാണ് തമിഴ്‌നാട് അടിച്ചെടുത്തത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 141 പന്തില്‍ 277 റണ്‍സ് നേടിയ നാരായണ്‍ ജഗദീഷനാണ് തമിഴ്‌നാടിനെ ലോക റെക്കോര്‍ഡിലേക്ക് നയിച്ചത്. ഈ വര്‍ഷം നെതര്‍ലന്‍ഡ്‌സിനെതിരെ ഇംഗ്ലണ്ട് നേടിയ 498 റണ്‍സാണ് പഴങ്കഥയായത്. ജഗദീഷനൊപ്പം ഓപ്പണറായെത്തിയ സായ് സുദര്‍ശനും (102 പന്തില്‍ 154) മികച്ച പ്രകടനം പുറത്തെടുത്തു.
ഓപ്പണിംഗ് വിക്കറ്റില്‍ തന്നെ ഇരുവരും 416 റണ്‍സ് കൂട്ടിചേര്‍ത്തു. കേവലം 38.3 ഓവറിലായിരുന്നു ഇത്രയും റണ്‍സ്. 19 ഫോറും രണ്ട് സിക്‌സും നേടിയ സുദര്‍ശനാണ് ആദ്യം പുറത്തായത്. എന്നാല്‍ ജഗദീഷന്‍ ക്രീസില്‍ ഉറച്ചുനിന്നു. അതിനൊപ്പം ആക്രമിക്കാനും താരം മറന്നില്ല. 141 പന്തുകള്‍ മാത്രമാണ് താരം നേരിട്ടത്. 196.45 സ്‌ട്രൈക്ക് റേറ്റിലാണ് താരം 277 റണ്‍സ് നേടുന്നത്. 25 ഫോറും 15 സിക്‌സും ജഗദീഷന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. 26കാരന്‍ നേടിയ 210 റണ്‍സും ബൗണ്ടറിയിലൂടെയായിരുന്നു.
ട്രിപ്പിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കുമെന്ന് കരുതിയെങ്കിലും 42-ാം ഓവറില്‍ താരം വീണു. വിജയ് ഹസാരെ ഈ സീസണില്‍ വലങ്കയ്യന്‍ ഓപ്പണര്‍ നേടുന്ന തുടര്‍ച്ചയായ അഞ്ചാമത്തെ സെഞ്ചുറിയാണിത്. റണ്‍വേട്ടയിലും ജഗദീഷന്‍ തന്നെയാണ് മുന്നില്‍. ജഗദീഷന്‍ മടങ്ങിയെങ്കിലും ബാബ അപരാജിത് (32 പന്തില്‍ 31), ബാബ ഇന്ദ്രജിത് (26 പന്തില്‍ 31) എന്നിവര്‍ സ്‌കോര്‍ 500 കടത്തി. 10 ഓവറില്‍ 114 റണ്‍സ് വഴങ്ങിയ ചേതന്‍ ആനന്ദാണ് ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത്.
കേരളത്തിന് 202 റണ്‍സ് വിജയലക്ഷ്യം
ആലൂര്‍: ബിഹാറിനെതിരെ കേരളത്തിന് 202 റണ്‍സ് വിജയലക്ഷ്യം. ആലൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബിഹാര്‍ 49.3 ഓവറില്‍ 201 എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ സിജോമോന്‍ ജോസഫ്, മൂന്ന് വിക്കറ്റ് വീഴ്ത്തിയ അഖില്‍ സ്‌കറിയ എന്നിവരാണ് ബിഹാറിനെ തകര്‍ത്തത്. 68 റണ്‍സ് നേടിയ ഷാക്കിബുള്‍ ഗനിയാണ് ബിഹാറിന്റെ ടോപ് സ്‌കോറര്‍. കേരളത്തിന്റെ ആറാം മത്സരമാണിത്. മൂന്ന് മത്സരങ്ങളില്‍ ടീം ജയിച്ചു. ഒരു മത്സരം മഴ മുടക്കി. എന്നാല്‍ ആന്ധ്രാ പ്രദേശിനോട് കേരളം തോല്‍വി വഴങ്ങി.
മൂന്ന് തവണ ലോകകപ്പ് ഫൈനലില്‍, എന്നിട്ടും കിരീടമില്ല! വീണ്ടും വരുമോ ഓറഞ്ച് വസന്തം?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!