സയ്യിദ് മുഷ്താഖ് അലി ടി20: ആവേശം അവസാന പന്തുവരെ, ഒടുവില്‍ കര്‍ണാടകയ്ക്ക് മുന്നില്‍ തമിഴ്‌നാട് കീഴടങ്ങി

By Web TeamFirst Published Dec 1, 2019, 10:43 PM IST
Highlights

വിജയ് ഹസാരെയ്ക്ക് പിന്നാലെ സയ്യിദ് മുഷ്താഖ് അലി ടി20 കിരീടവും കര്‍ണാടകയ്ക്ക്. അവസാന പന്തുവരെ നീണ്ടുനിന്ന ആവേശകരമായ ഫൈനലില്‍ തമിഴ്‌നാടിനെ ഒരു റണ്‍സിന് തോല്‍പ്പിച്ചാണ് കര്‍ണാടക കിരീടം നേടിയത്.
 

സൂററ്റ്: വിജയ് ഹസാരെയ്ക്ക് പിന്നാലെ സയ്യിദ് മുഷ്താഖ് അലി ടി20 കിരീടവും കര്‍ണാടകയ്ക്ക്. അവസാന പന്തുവരെ നീണ്ടുനിന്ന ആവേശകരമായ ഫൈനലില്‍ തമിഴ്‌നാടിനെ ഒരു റണ്‍സിന് തോല്‍പ്പിച്ചാണ് കര്‍ണാടക കിരീടം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കര്‍ണാടക നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ തമിഴ്‌നാടിന് ആറ് വിക്കറ്റ്് നഷ്ടത്തില്‍ 179 റണ്‍സെടുക്കാനാണ് സാധിച്ചത്. 

അവസാന ഓവറില്‍ 13 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 11 റണ്‍സാണ് തമിഴ്‌നാട് നേടിയത്. കെ ഗൗതം എറിഞ്ഞ അവസാന ഓവറിന്റെ ആദ്യ രണ്ട് പന്തിലും ആര്‍ അശ്വിന്‍ (ഒമ്പത് പന്തില്‍ പുറത്താവാതെ 16) ബൗണ്ടറി പായിച്ചു. എന്നാല്‍ മൂന്നാം പന്തില്‍ റണ്‍സെടുക്കാന്‍ സാധിച്ചില്ല. നാലാം പന്തില്‍ ഒരു റണ്‍. അഞ്ചാം പന്തില്‍ മൂന്ന് റണ്‍സ് പൂര്‍ത്തിയാക്കുന്നതിനിടെ വിജയ് ശങ്കര്‍ (27 പന്തില്‍ 44) മടങ്ങി. അവസാന പന്ത് നേരിട്ട മുരുകന്‍ അശ്വിന് റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. എങ്കിലും ഒരു റണ്‍സ് ഓടിയെടുക്കുകയായിരുന്നു. 

മനീഷ് പാണ്ഡെ (45 പന്തില്‍ 60), രോഹന്‍ കഡം (28 പന്തില്‍ പുറത്താവാതെ 35), ദേവ്ദത്ത് പടിക്കല്‍ (32), കെ എല്‍ രാഹുല്‍ (22), കരുണ്‍ നായര്‍ (എട്ട് പന്തില്‍ പുറത്താവാതെ 17) എന്നിവരുടെ ഇന്നിങ്‌സാണ് കര്‍ണാടകയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മായങ്ക് അഗര്‍വാള്‍ (0) നിരാശപ്പെടുത്തി. തമിഴ്‌നാടിന് വേണ്ടി ആര്‍ അശ്വിനും മുരുകന്‍ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വാഷിംഗ്ടണ്‍ സുന്ദറിന് ഒരു വിക്കറ്റുണ്ട്.

തമിഴ്‌നാട് നിരയുടെ മുന്‍നിര നിരാശപ്പെടുത്തിയെങ്കിലും ബാബ അപരാജിത് (25 പന്തില്‍ 40), വിജയ് ശങ്കര്‍ എന്നിവരുടെ ഇന്നിങ്‌സ് പ്രതീക്ഷ നല്‍കി. എന്നാല്‍ വിജയത്തിലേക്ക് നയിക്കാന്‍ ഇവര്‍ക്കായില്ല. ഷാറൂഖ് ഖാന്‍ (16), ഹരി നിശാന്ത് (14), വാഷിംഗ്ടണ്‍ സുന്ദര്‍ (24), ദിനേശ് കാര്‍ത്തിക് (20) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുരുകന്‍ അശ്വിന്‍ (0) പുറത്താവാതെ നിന്നു. കര്‍ണാടകയ്ക്കായി റോണി മോറെ രണ്ടും കെ ഗൗതം, ശ്രേയസ് ഗോപാല്‍, ജഗദീഷ സുജിത് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

click me!