ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ ഇനി തമീം ഇഖ്ബാല്‍ നയിക്കും; ബിസിബി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്‍റ്

Published : Apr 07, 2026, 09:16 PM IST
Tamim Iqbal

Synopsis

മുന്‍ ക്യാപ്റ്റന്‍ തമീം ഇഖ്ബാലിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി നിയമിച്ചു. ഇതോടെ ബിസിബി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി തമീം മാറി. 

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡില്‍ നിര്‍ണായകമായ ഭരണമാറ്റം. മുന്‍ ക്യാപ്റ്റന്‍ തമീം ഇഖ്ബാലിനെ ബിസിബിയുടെ പുതിയ പ്രസിഡന്റായി ബംഗ്ലാദേശ് സര്‍ക്കാര്‍ നിയമിച്ചു. അമിനുല്‍ ഇസ്ലാമിന്റെ നേതൃത്വത്തിലുള്ള ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിട്ടതിനെത്തുടര്‍ന്നാണ് ഈ നടപടി. 37-ാം വയസ്സില്‍ ബിസിബിയുടെ അമരത്തെത്തുന്ന തമീം, ബോര്‍ഡ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ്. തമീം ഇഖ്ബാല്‍ തലവനായ 11 അംഗ അഡ്ഹോക്ക് കമ്മിറ്റിയാണ് ഇനി ബോര്‍ഡിനെ നയിക്കുക.

മുന്‍ ക്യാപ്റ്റന്‍ മിന്‍ഹാജുല്‍ ആബിദീന്‍, മുന്‍ താരവും കമന്റേറ്ററുമായ അത്തര്‍ അലി ഖാന്‍ എന്നിവരും ഈ കമ്മിറ്റിയില്‍ അംഗങ്ങളാണ്. കൂടാതെ റഷ്‌ന ഇമാം, മിര്‍സ യാസിര്‍ അബ്ബാസ്, സയ്യിദ് ഇബ്രാഹിം അഹമ്മദ്, ഇസ്രാഫില്‍ ഖസ്രു, തന്‍ജില്‍ ചൗധരി, സല്‍മാന്‍ ഇസ്പഹാനി, റഫീഖുല്‍ ഇസ്ലാം, ഫഹീം സിന്‍ഹ എന്നിവരും സമിതിയിലുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ബിസിബി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ അന്വേഷിച്ച അഞ്ചംഗ സമിതിയുടെ ശുപാര്‍ശയെത്തുടര്‍ന്നാണ് ഈ നിയമനം.

ബോര്‍ഡ് പിരിച്ചുവിടാനുള്ള കാരണം

കഴിഞ്ഞ വര്‍ഷത്തെ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ വ്യാപകമായ അഴിമതിയും അധികാര ദുര്‍വിനിയോഗവും നടന്നതായി അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. നിലവിലെ ബോര്‍ഡ് കൃത്യമായ രീതിയിലല്ല രൂപീകരിച്ചതെന്നും അതിനാല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്നും ദേശീയ കായിക സമിതി വ്യക്തമാക്കി. ഇക്കാര്യം ഐസിസിയെ അറിയിച്ചിട്ടുണ്ടെന്നും ഐസിസിയുടെ പൂര്‍ണ പിന്തുണ ഈ നീക്കത്തിനുണ്ടാകുമെന്നും കായിക മന്ത്രാലയം അറിയിച്ചു.

ഭരണപ്രതിസന്ധിയും രാജി വെക്കലും

കഴിഞ്ഞ കുറച്ചു കാലമായി ബിസിബി വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. തെരഞ്ഞെടുപ്പിലെ അഴിമതി ആരോപണങ്ങള്‍ക്ക് പുറമെ, അടുത്തിടെ നടന്ന ടി20 ലോകകപ്പിലെ ബംഗ്ലാദേശിന്റെ മോശം പ്രകടനം, ബോര്‍ഡിലെ രാഷ്ട്രീയ ഇടപെടലുകള്‍ എന്നിവ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ ജനുവരി മുതല്‍ ഇതുവരെ ആറ് ഡയറക്ടര്‍മാരാണ് ബോര്‍ഡില്‍ നിന്ന് രാജി വെച്ചത്. ഇതില്‍ നാല് പേര്‍ കഴിഞ്ഞ ആഴ്ചയാണ് പടിയിറങ്ങിയത്.

പുതിയ യുഗത്തിന് തുടക്കം

ബംഗ്ലാദേശിനായി 70 ടെസ്റ്റുകളും 243 ഏകദിനങ്ങളും 78 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് തമീം ഇഖ്ബാല്‍. തമീമിന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റില്‍ പുതിയൊരു മാറ്റത്തിന് തുടക്കമിടുമെന്നാണ് ആരാധകരും സര്‍ക്കാരും പ്രതീക്ഷിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ശുഭ്മാന്‍ ഗില്ലിന്റെ കാര്യത്തില്‍ ആവലാതി വേണ്ട'; അടുത്ത മത്സരത്തില്‍ കളിക്കുമെന്നുള്ള ഉറപ്പ് പറഞ്ഞ് സായ് സുദര്‍ശന്‍
'കരിയറിലെ വഴിത്തിരിവായിരുന്നു ആ ഐപിഎല്‍ ലേലം'; വെളിപ്പെടുത്തി ആര്‍സിബിയുടെ മലയാളി താരം