
ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്‍റി 20 പരമ്പരയിലെ നാലാം മത്സരത്തില്‍ 9 വിക്കറ്റിന്‍റെ തകർപ്പന്‍ ജയവുമായി ടീം ഇന്ത്യ 2-2ന് ഒപ്പത്തിനൊപ്പം. ഫ്ലോറിഡയില്‍ നടന്ന അങ്കത്തില്‍ വെസ്റ്റ് ഇന്‍ഡീസ് മുന്നോട്ടുവെച്ച 179 റണ്‍സ് വിജയലക്ഷ്യം 17 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി നേടുകയായിരുന്നു ഇന്ത്യ. ഓപ്പണിംഗ് വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളും 15.3 ഓവറില്‍ 165 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചപ്പോള്‍ ഗില്ലിനെ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. 47 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്സുകളും സഹിതം 77 റണ്‍സെടുത്തായിരുന്നു ഗില്ലിന്‍റെ മടക്കം. റൊമാരിയോ ഷെഫേർഡിനായിരുന്നു വിക്കറ്റ്. 17 ഓവറില്‍ ഇന്ത്യ ജയിക്കുമ്പോള്‍ യശസ്വി ജയ്സ്വാള്‍ 51 പന്തില്‍ 84* ഉം, തിലക് വർമ്മ 5 പന്തില്‍ 7* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. സ്കോർ: വെസ്റ്റ് ഇന്‍ഡീസ്- 178/8 (20), ഇന്ത്യ- 179/1 (17).
ആദ്യ രണ്ട് ടി20കളും തോറ്റ ഇന്ത്യക്ക് ഇതോടെ മൂന്നും നാലും മത്സരങ്ങളില്‍ ജയമായി. ഫ്ലോറിഡയില്‍ നാളെ നടക്കുന്ന അഞ്ചാം ട്വന്‍റി 20 പരമ്പര വിജയികളെ തീരുമാനിക്കും. തുടർച്ചയായ രണ്ടാം മത്സരത്തിലും മലയാളി താരം സഞ്ജു സാംസണിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല.
ഹോപ്, ഹിറ്റ്‌മെയർ
നേരത്തെ, ഇന്നിംഗ്‌സിലെ ആദ്യ ഓവറില്‍ സ്‌പിന്നര്‍ അക്‌സര്‍ പട്ടേലിനെ 14 റണ്‍സടിച്ചാണ് കെയ്‌ല്‍ മെയേഴ്‌സും ബ്രാണ്ടന്‍ കിംഗും വിന്‍ഡീസ് ഇന്നിംഗ്‌സ് തുടങ്ങിയത്. ഇതില്‍ 13 റണ്‍സും മെയേഴ്‌സിന്‍റെ വകയായിരുന്നു. പേസര്‍ അര്‍ഷ്‌ദീപ് സിംഗിന്‍റെ അടുത്ത ഓവറില്‍ ബൗണ്ടറി നേടിയെങ്കിലും തൊട്ടടുത്ത ബൗണ്‍സറില്‍ ബാറ്റ് വെച്ച മെയേഴ്‌സ്(7 പന്തില്‍ 17) വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസണിന്‍റെ കൈകളില്‍ ഭദ്രമായി. പവര്‍പ്ലേയ്‌ക്കുള്ളില്‍ ബ്രാണ്ടന്‍ കിംഗിനെയും(16 പന്തില്‍ 18) അര്‍ഷ് പുറത്താക്കി. എങ്കിലും ആദ്യ ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 55 റണ്‍സുണ്ടായിരുന്നു വിന്‍ഡീസിന്. ഇതിന് ശേഷമുള്ള ഓവറില്‍ മത്സരത്തില്‍ തന്‍റെ ബോളില്‍ കുല്‍ദീപ് യാദവ് വെടിക്കെട്ട് വീരന്‍ നിക്കോളാസ് പുരാനെ മടക്കി. പുരാന്‍റെ(3 പന്തില്‍ 1) സിക്‌സര്‍ ശ്രമം ബൗണ്ടറിയില്‍ സൂര്യകുമാറിന്‍റെ കൈകളിലാണ് അവസാനിച്ചത്. ഇതേ ഓവറിലെ അഞ്ചാം പന്തില്‍ ക്യാപ്റ്റന്‍ റോവ്‌മാന്‍ പവല്‍(3 പന്തില്‍ 1) ശുഭ്‌മാന്‍ ഗില്ലിന്‍റെ ക്യാച്ചില്‍ അവസാനിച്ചു.
മൂന്നാം നമ്പറിലിറങ്ങിയ ഷായ് ഹോപും ആറാമന്‍ ഷിമ്രോന്‍ ഹെറ്റ്‌മെയറും ചേര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെ 12 ഓവറില്‍ 100 കടത്തി. തൊട്ടടുത്ത ഓവറില്‍ ചഹലിനെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച് ഹോപ്(29 പന്തില്‍ 45) പുറത്തായി. ഒരോവറിന്‍റെ ഇടവേളയില്‍ റൊമാരിയോ ഷെഫേര്‍ഡിനെ(6 പന്തില്‍ 9) അക്‌സര്‍, സഞ്ജുവിന്‍റെ കൈകളില്‍ എത്തിച്ചു. ജേസന്‍ ഹോള്‍ഡറെ(4 പന്തില്‍ 3) വന്നപാടെ മുകേഷ് കുമാര്‍ പുറത്താക്കി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഹെറ്റ്‌മെയര്‍ 35 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കി. 18 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിന്‍ഡീസ് 153-7. അര്‍ഷിന്‍റെ അവസാന ഓവറില്‍ സിക്‌സോടെ തുടങ്ങിയ ഷിമ്രോന്‍ ഹെറ്റ്‌മെയറെ രണ്ടാം പന്തില്‍ തിലക് വര്‍മ്മ പറക്കും ക്യാച്ചില്‍ പറഞ്ഞയച്ചു. 39 പന്തില്‍ 61 റണ്‍സ് താരം നേടി. 20 ഓവറും പൂര്‍ത്തിയാകുമ്പോള്‍ ഒഡീന്‍ സ്‌മിത്ത് 12 പന്തില്‍ 15* ഉം, അക്കീല്‍ ഹൊസൈന്‍ 2 പന്തില്‍ 5* ഉം റണ്‍സുമായി ക്രീസിലുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!