ഹിറ്റര്‍ ഹെറ്റ്‌മെയര്‍ മടവെച്ചു; നാലാം ട്വന്‍റി 20യില്‍ ഗംഭീര സ്കോറുമായി വിന്‍ഡീസ്, ഇന്ത്യക്ക് ജയിക്കാന്‍ 179

Published : Aug 12, 2023, 09:41 PM ISTUpdated : Aug 12, 2023, 09:46 PM IST
ഹിറ്റര്‍ ഹെറ്റ്‌മെയര്‍ മടവെച്ചു; നാലാം ട്വന്‍റി 20യില്‍ ഗംഭീര സ്കോറുമായി വിന്‍ഡീസ്, ഇന്ത്യക്ക് ജയിക്കാന്‍ 179

Synopsis

മൂന്നാം നമ്പറിലിറങ്ങിയ ഷായ് ഹോപും ആറാമന്‍ ഷിമ്രോന്‍ ഹെറ്റ്‌മെയറും ചേര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെ 12 ഓവറില്‍ 100 കടത്തിയിരുന്നു

ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിന് എതിരായ നാലാം ട്വന്‍റി 20യില്‍ ഇന്ത്യക്ക് 179 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്‌ടത്തില്‍ 178 റണ്‍സെടുക്കുകയായിരുന്നു. ഈ ടി20 പരമ്പരയില്‍ ആദ്യമായി അവസരം ലഭിച്ച ഷായ് ഹോപിന് പിന്നാലെ ഷിമ്രോന്‍ ഹെറ്റ്‌മെയറുടെ ഫിനിഷിംഗാണ് വിന്‍ഡീസിന് കരുത്തായത്. ഹെറ്റ്‌മെയര്‍ നാലാം രാജ്യാന്തര ട്വന്‍റി 20 അര്‍ധസെഞ്ചുറി സ്വന്തമാക്കി. ഇന്ന് ജയിച്ചാല്‍ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യക്ക് 2-2ന് ഒപ്പമെത്താം. തോറ്റാല്‍ പരമ്പര കൈയില്‍ നിന്ന് പോകും.

ഇന്നിംഗ്‌സിലെ ആദ്യ ഓവറില്‍ സ്‌പിന്നര്‍ അക്‌സര്‍ പട്ടേലിനെ 14 റണ്‍സടിച്ചാണ് കെയ്‌ല്‍ മെയേഴ്‌സും ബ്രാണ്ടന്‍ കിംഗും വിന്‍ഡീസ് ഇന്നിംഗ്‌സ് തുടങ്ങിയത്. ഇതില്‍ 13 റണ്‍സും മെയേഴ്‌സിന്‍റെ വകയായിരുന്നു. പേസര്‍ അര്‍ഷ്‌ദീപ് സിംഗിന്‍റെ അടുത്ത ഓവറില്‍ ബൗണ്ടറി നേടിയെങ്കിലും തൊട്ടടുത്ത ബൗണ്‍സറില്‍ ബാറ്റ് വെച്ച മെയേഴ്‌സ്(7 പന്തില്‍ 17) വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസണിന്‍റെ കൈകളില്‍ ഭദ്രമായി. പവര്‍പ്ലേയ്‌ക്കുള്ളില്‍ ബ്രാണ്ടന്‍ കിംഗിനെയും(16 പന്തില്‍ 18)  അര്‍ഷ് പുറത്താക്കി. എങ്കിലും ആദ്യ ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 55 റണ്‍സുണ്ടായിരുന്നു വിന്‍ഡീസിന്. ഇതിന് ശേഷമുള്ള ഓവറില്‍ മത്സരത്തില്‍ തന്‍റെ ബോളില്‍ കുല്‍ദീപ് യാദവ് വെടിക്കെട്ട് വീരന്‍ നിക്കോളാസ് പുരാനെ മടക്കി. പുരാന്‍റെ(3 പന്തില്‍ 1) സിക്‌സര്‍ ശ്രമം ബൗണ്ടറിയില്‍ സൂര്യകുമാറിന്‍റെ കൈകളിലാണ് അവസാനിച്ചത്. ഇതേ ഓവറിലെ അഞ്ചാം പന്തില്‍ ക്യാപ്റ്റന്‍ റോവ്‌മാന്‍ പവല്‍(3 പന്തില്‍ 1) ശുഭ്‌മാന്‍ ഗില്ലിന്‍റെ ക്യാച്ചില്‍ അവസാനിച്ചു. ഇതോടെ 57-4 എന്ന അവസ്ഥയിലായി ആതിഥേയര്‍. 

മൂന്നാം നമ്പറിലിറങ്ങിയ ഷായ് ഹോപും ആറാമന്‍ ഷിമ്രോന്‍ ഹെറ്റ്‌മെയറും ചേര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെ 12 ഓവറില്‍ 100 കടത്തി. തൊട്ടടുത്ത ഓവറില്‍ ചഹലിനെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച് ഹോപ്(29 പന്തില്‍ 45) പുറത്തായി. ഒരോവറിന്‍റെ ഇടവേളയില്‍ റൊമാരിയോ ഷെഫേര്‍ഡിനെ(6 പന്തില്‍ 9) അക്‌സര്‍, സഞ്ജുവിന്‍റെ കൈകളില്‍ എത്തിച്ചു. ജേസന്‍ ഹോള്‍ഡറെ(4 പന്തില്‍ 3) വന്നപാടെ മുകേഷ് കുമാര്‍ പുറത്താക്കി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഹെറ്റ്‌മെയര്‍ 35 പന്തില്‍ ഫിഫ്റ്റി പൂ‍ര്‍ത്തിയാക്കി. 18 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിന്‍ഡീസ് 153-7. അര്‍ഷിന്‍റെ അവസാന ഓവറില്‍ സിക്‌സോടെ തുടങ്ങിയ ഷിമ്രോന്‍ ഹെറ്റ്‌മെയറെ രണ്ടാം പന്തില്‍ തിലക് വര്‍മ്മ പറക്കും ക്യാച്ചില്‍ പറഞ്ഞയച്ചു. 39 പന്തില്‍ 61 റണ്‍സ് താരം നേടി. 20 ഓവറും പൂര്‍ത്തിയാകുമ്പോള്‍ ഒഡീന്‍ സ്‌മിത്ത് 12 പന്തില്‍ 15* ഉം, അക്കീല്‍ ഹൊസൈന്‍ 2 പന്തില്‍ 5* ഉം റണ്‍സുമായി ക്രീസിലുണ്ടായിരുന്നു.

പ്ലേയിംഗ് ഇലവനുകള്‍

ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, അര്‍ഷ്‌ദീപ് സിംഗ്, മുകേഷ് കുമാര്‍.

വിന്‍ഡീസ്: ബ്രാണ്ടന്‍ കിംഗ്, കെയ്‌ല്‍ മെയേഴ്‌സ്, ഷായ് ഹോപ്, നിക്കോളാസ് പുരാന്‍(വിക്കറ്റ് കീപ്പര്‍), റോവ്‌മാന്‍ പവല്‍(ക്യാപ്റ്റന്‍), ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ജേസന്‍ ഹോള്‍ഡര്‍, റൊമാരിയോ ഷെഫേര്‍ഡ്, ഒഡീന്‍ സ്‌മിത്ത്, അക്കീല്‍ ഹൊസൈന്‍, ഒബെഡ് മക്കോയി. 

Read more: സഞ്ജു സാംസണ്‍ 'പോസ്റ്റര്‍ ബോയ്'; ഇന്ത്യ- അയര്‍ലന്‍‍ഡ് ട്വന്‍റി 20കളുടെ ടിക്കറ്റ് ചൂടപ്പംപോലെ വിറ്റഴിഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജു വീണ്ടും ഓപ്പണര്‍, ഇഷാന്‍ കിഷനും ബുമ്രക്കും വിശ്രമം, സൂപ്പര്‍ 8ന് മുമ്പ് അവസാന പരീക്ഷണത്തിന് ഇന്ത്യ, സാധ്യതാ ഇലവന്‍
ഓസീസിന് മടക്ക ടിക്കറ്റ്, സൂപ്പർ 8 പോരാട്ടത്തിന് 7 ടീമുകൾ റെഡി; അവസാന സീറ്റിനായി പാകിസ്ഥാൻ; ഇന്ത്യയുടെ എതിരാളികള്‍