ധോണിയുടെ പരിചയസമ്പത്ത് ടീം ഇന്ത്യ മിസ് ചെയ്യുന്നു; തുറന്നുപറഞ്ഞ് കുല്‍ദീപ് യാദവ്

By Web TeamFirst Published Mar 6, 2020, 12:27 PM IST
Highlights

കെ എല്‍ രാഹുലും ഋഷഭ് പന്തും വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. എങ്കിലും ധോണിയെ മിസ് ചെയ്യുന്നുണ്ട് എന്ന് കുല്‍ദീപ്.

മുംബൈ: മുന്‍ നായകന്‍ എം എസ് ധോണിയെ ടീം ഇന്ത്യ മിസ് ചെയ്യുന്നതായി സ്‌പിന്നര്‍ കുല്‍ദീപ് യാദവ്. 'മഹി ഭായിയുടെ പരിചയസമ്പത്ത് ടീമിന് ഏറെ പ്രയോജനം ചെയ്‌തിരുന്നു. അതുപോലൊരു താരം കളിക്കാത്തത് എന്തായാലും മിസ് ചെയ്യും. കെ എല്‍ രാഹുലും ഋഷഭ് പന്തും വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. എങ്കിലും ധോണിയെ മിസ് ചെയ്യുന്നുണ്ട്' എന്ന് കുല്‍ദീപ് വ്യക്തമാക്കി. 

ബാറ്റിംഗ് ഫോമിലല്ലാത്ത ഋഷഭ് പന്തിനെ പിന്തുണയ്‌ക്കേണ്ടതുണെന്നും കുല്‍ദീപ് പറഞ്ഞു. 'എല്ലാ താരങ്ങള്‍ക്കും നല്ലതും മോശവുമായ ദിനങ്ങളുണ്ടാകും. മോശം ദിവസങ്ങളില്‍ അവര്‍ക്ക് പിന്തുണ നല്‍കണം. നിലവിലെ ഇന്ത്യന്‍ ടീം ശക്തമാണ്. എറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നതെല്ലാം ചെയ്യാനാണ് ശ്രമിക്കുന്നത്' എന്നും കുല്‍ദീപ് പറഞ്ഞു. 

ടെസ്റ്റില്‍ നിന്ന് 2014ല്‍ വിരമിച്ച എം എസ് ധോണി പരിമിത ഓവര്‍ ക്രിക്കറ്റിനോട് ഇതുവരെ വിടപറഞ്ഞിട്ടില്ല. ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന ഏകദിന ലോകകപ്പിന്‍റെ സെമിയില്‍ ടീം ഇന്ത്യ പുറത്തായശേഷം ഇന്ത്യന്‍ ജഴ്‌സിയണിച്ചിട്ടില്ല മുപ്പത്തിയെട്ടുകാരനായ താരം. താരങ്ങള്‍ക്കുള്ള വാര്‍ഷിക കരാറില്‍ നിന്ന് ധോണിയെ ബിസിസിഐ ഒഴിവാക്കിയിരുന്നു. 

ഐപിഎല്ലില്‍ ധോണിക്കിത് അവസാന സീസണ്‍?

ഐപിഎല്ലില്‍ ധോണിയുടെ അവസാന സീസണാകും ഇത്തവണത്തേത് എന്ന് വിലയിരുത്തലുകളുണ്ട്. മുംബൈ ഇന്ത്യന്‍സിനെതിരെ മാര്‍ച്ച് 29ന് ഉദ്ഘാടന മത്സരത്തില്‍ ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കും. ചെന്നൈ ടീമിനൊപ്പം ധോണി ഇതിനകം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ധോണിയുടെ ബാറ്റിംഗ് പരിശീലനം കാണാന്‍ നൂറുകണക്കിന് ആരാധകരാണ് ചെപ്പോക്ക് സ്റ്റേഡിയത്തിലെത്തുന്നത്.  

ഇന്ത്യക്കായി ധോണി 350 ഏകദിനങ്ങളും 90 ടെസ്റ്റും 98 ടി20യും കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 10773 ഉം ടെസ്റ്റില്‍ 4876 ഉം ട്വന്‍റി 20യില്‍ 1617 റണ്‍സും നേടി. വിക്കറ്റിന് പിന്നില്‍ 829 പേരെ പുറത്താക്കാനും മഹിക്കായി. ഐസിസി ഏകദിന- ടി20 ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫിയും നേടിയ ഏക നായകനാണ് ധോണി. ധോണി 2007ല്‍ ടി20 ലോകകപ്പിലും 2011ല്‍ ഏകദിന ലോകകപ്പിലും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ ജേതാക്കളാക്കി. 

click me!