ബാസ്‌ബോളിന് മരണമണി; റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ത്രില്ല‍ര്‍ ജയത്തിലേക്ക്, അവിശ്വസനീയ തിരിച്ചുവരവ്

Published : Feb 25, 2024, 04:50 PM ISTUpdated : Feb 25, 2024, 04:56 PM IST
ബാസ്‌ബോളിന് മരണമണി; റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ത്രില്ല‍ര്‍ ജയത്തിലേക്ക്, അവിശ്വസനീയ തിരിച്ചുവരവ്

Synopsis

റാഞ്ചിയില്‍ ജയിച്ചാല്‍ ധരംശാലയിലെ അഞ്ചാം ടെസ്റ്റ് അവശേഷിക്കേ ഇന്ത്യക്ക് 3-1ന് പരമ്പര സ്വന്തമാകും

റാഞ്ചി: ഇംഗ്ലണ്ടിനെതിരെ അഞ്ച് ക്രിക്കറ്റ് ടെസ്റ്റുകളുടെ പരമ്പരയില്‍ ഒരു മത്സരം അവശേഷിക്കേ ടീം ഇന്ത്യ സീരീസ് ജയത്തിനരികെ. റാഞ്ചിയില്‍ പുരോഗമിക്കുന്ന നാലാം ടെസ്റ്റില്‍ 192 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ടീം ഇന്ത്യ 8 ഓവറില്‍ 40-0 എന്ന സ്കോറില്‍ സുരക്ഷിതമായി മൂന്നാം ദിനം അവസാനിപ്പിച്ചു. മികച്ച തുടക്കവുമായി രോഹിത് ശര്‍മ്മയും (27 പന്തില്‍ 24*), യശസ്വി ജയ്സ്വാളും (21 പന്തില്‍ 16*) ആണ് ക്രീസില്‍. രണ്ട് ദിവസം അവശേഷിക്കേ 10 വിക്കറ്റും കയ്യിലിരിക്കുന്ന ടീം ഇന്ത്യക്ക് നാലാം ക്രിക്കറ്റ് ടെസ്റ്റ് ജയിക്കാന്‍ 152 റണ്‍സ് കൂടി മതി. റാഞ്ചിയില്‍ ജയിച്ചാല്‍ ധരംശാലയിലെ അഞ്ചാം ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് 3-1ന് പരമ്പര സ്വന്തമാകും. 

റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ മൂന്നാം ദിനം ധ്രുവ് ജുറെലിന്‍റെ ബാറ്റിംഗ് മികവില്‍ ഇംഗ്ലണ്ടിന്‍റെ ലീഡ് കുറച്ചുകൊണ്ടുവന്ന ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെ സ്‌പിന്‍ കെണിയില്‍ കുരുക്കി അവിശ്വസനീയമായി മത്സരത്തിലേക്ക് തിരികെയെത്തുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 46 റണ്‍സിന്‍റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെ 145 റണ്‍സിന് ഓള്‍ഔട്ടാക്കി. 60 റണ്‍സെടുത്ത സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ബെന്‍ ഡക്കെറ്റ് (15), ഓലീ പോപ് (0), ജോ റൂട്ട് (11), ജോണി ബെയ്‌ര്‍സ്റ്റോ (30), ബെന്‍ സ്റ്റോക്‌സ് (4), ടോം ഹാര്‍ട്‌ലി (7), ഓലീ റോബിന്‍സണ്‍ (0), ബെന്‍ ഫോക്‌സ് (17), ജിമ്മി ആന്‍ഡേഴ്‌സണ്‍ (0), ഷൊയ്‌ബ് ബഷീര്‍ (1*) എന്നിങ്ങനെയാണ് മറ്റ് ഇംഗ്ലീഷ് താരങ്ങളുടെ സ്കോര്‍. ഇന്ത്യക്കായി രവിചന്ദ്രന്‍ അശ്വിന്‍ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് യാദവ് നാലും രവീന്ദ്ര ജഡേജ ഒന്നും വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ട് 145ല്‍ പുറത്തായതോടെ ഇന്ത്യക്ക് മുന്നില്‍ 192 റണ്‍സ് വിജയലക്ഷ്യം സ്കോര്‍ബോര്‍ഡില്‍ പിറക്കുകയായിരുന്നു. 

നേരത്തെ 219-7 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് 90 റണ്‍സടിച്ച ധ്രുവ് ജുറെലിന്‍റെ പോരാട്ടമാണ് കരുത്തായത്. വാലറ്റക്കാരെ കൂട്ടുപിടിച്ച് ഇംഗ്ലണ്ട് ലീഡ് 50ല്‍ താഴെ എത്തിച്ച ജുറെല്‍ ലഞ്ചിന് തൊട്ടു മുമ്പ് അവസാന ബാറ്ററായാണ് പുറത്തായത്. മൂന്നാം ദിനം ഇന്ത്യ ക്രീസിലിറങ്ങുമ്പോള്‍ ഇംഗ്ലണ്ടിന് 134 റണ്‍സിന്‍റെ ലീഡുണ്ടായിരുന്നു. മൂന്നാം ദിനം ആദ്യ മണിക്കൂറില്‍ വിക്കറ്റ് കളയാതെ പിടിച്ചു നിന്ന കുല്‍ദീപ് യാദവും ധ്രുവ് ജുറെലും ചേര്‍ന്നാണ് ഇന്ത്യയെ 250 കടത്തിയത്. പിന്നീട് ആകാശ് ദീപിന്‍റെ പിന്തുണയില്‍ ഇംഗ്ലണ്ട് ലീഡ് കുറക്കാന്‍ ധ്രുവ് ജുറെലിനായി. ഇംഗ്ലണ്ടിനായി ഓഫ് സ്പിന്നര്‍ ഷുയൈബ് ബഷീര്‍ 119 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ആന്‍ഡേഴ്സണ്‍ രണ്ടും ടോം ഹാര്‍ട്‌ലി മൂന്നും വിക്കറ്റെടുത്തു.

Read more: ഡിആര്‍എസില്‍ വീണ്ടും കിളിപാറി രോഹിത് ശര്‍മ്മ; തലകൊണ്ട് ചിന്തിക്കാന്‍ സഹതാരങ്ങള്‍ക്ക് ഉപദേശം, കൂട്ടച്ചിരി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍