റാഞ്ചി ടെസ്റ്റിന്‍റെ മൂന്നാം ദിനം ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്‌സിനെ ഇന്ത്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ എല്‍ബിയില്‍ കുടുക്കിയതിലാണ് സംഭവങ്ങളുടെ തുടക്കം
റാഞ്ചി: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഡിആര്‍എസ് തമാശകള്‍ അവസാനിക്കുന്നില്ല. ഡിആര്‍എസ് വേളയില്‍ ക്യാമറാമാന് നേര്‍ക്ക് ആംഗ്യം കാട്ടി നേരത്തെ ചര്‍ച്ചയായ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഒരിക്കല്‍ക്കൂടി ഡിആര്‍എസിന് മുന്നില്‍ ചിരി പടര്‍ത്തിയിരിക്കുകയാണ്.
റാഞ്ചി ടെസ്റ്റിന്‍റെ മൂന്നാം ദിനം ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്‌സിനെ ഇന്ത്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ എല്‍ബിയില്‍ കുടുക്കിയതിലാണ് സംഭവങ്ങളുടെ തുടക്കം. ഇംഗ്ലണ്ട് ഇന്നിംഗ്‌സിലെ മുപ്പതാം ഓവറില്‍ എല്‍ബിക്കായുള്ള ജഡേജയുടെ ശക്തമായ അപ്പീല്‍ ഫീല്‍ഡ് അംപയര്‍ തള്ളി. എന്നാല്‍ ഇത് വിക്കറ്റാണ് എന്ന് തറപ്പിച്ച് പറഞ്ഞ് ജഡേജ ക്യാപ്റ്റനെ ഡിആര്‍എസ് എടുക്കാന്‍ നിര്‍ബന്ധിച്ചു. പന്ത് പിച്ച് ചെയ്തത് ലെഗ് സ്റ്റംപിന് പുറത്താണ് എന്ന് വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂരെല്‍ രോഹിത്തിനോട് പറയുന്നത് കാണാമായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ പല അഭിപ്രായങ്ങളും ഉയര്‍ന്നു. എന്നാല്‍ ഡിആര്‍എസ് വിളിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം അവശേഷിക്കുന്നതിനാല്‍ ഒരുമിച്ചൊരു തീരുമാനം എടുക്കാന്‍ രോഹിത് സഹതാരങ്ങളോട് രസകരമായി ഹിന്ദി സംഭാഷണത്തിലൂടെ പറഞ്ഞു. ഒടുവില്‍ സമയം തീരുന്നെന്ന് മനസിലാക്കിയ രോഹിത് മനസില്ലാമനസോടെ ഡിആര്‍എസ് എടുത്തു. എന്നാല്‍ റീപ്ലേയില്‍ അംപയര്‍സ് കോള്‍ ആയതോടെ ബെന്‍ സ്റ്റോക്‌സ് രക്ഷപ്പെട്ടു.
സഹതാരങ്ങളോടുള്ള രോഹിത്തിന്‍റെ നര്‍മസംഭാഷണം കമന്‍റേറ്റര്‍മാരില്‍ ചിരി പടര്‍ത്തി. മൈതാനത്തെ രസികന് എന്ന വിശേഷമാണ് ഹിറ്റ്‌മാന് കമന്‍റേറ്റര്‍ ദിനേശ് കാര്‍ത്തിക് നല്‍കിയത്. അംപയര്‍സ് കോളിനെ വിമര്‍ശിച്ച് ഇതേ മത്സരത്തിനിടെ നേരത്തെ രംഗത്തെത്തിയ ബെന്‍ സ്റ്റോക്‌സാണ് ഇത്തവണ അതേ നിയമത്തിന്‍റെ ആനുകൂല്യത്തില്‍ രക്ഷപ്പെട്ടത് എന്ന പ്രത്യേകതയുമുണ്ട്.
