ആശാനായി ലക്ഷ്‌മണ്‍, പയറ്റിത്തെളിയാന്‍ രോഹിത് ശര്‍മ്മയും സംഘവും; പാക് പോരിന് ഇന്ത്യ ഒരുക്കം തുടങ്ങി

Published : Aug 25, 2022, 07:16 AM ISTUpdated : Aug 25, 2022, 07:18 AM IST
ആശാനായി ലക്ഷ്‌മണ്‍, പയറ്റിത്തെളിയാന്‍ രോഹിത് ശര്‍മ്മയും സംഘവും; പാക് പോരിന് ഇന്ത്യ ഒരുക്കം തുടങ്ങി

Synopsis

ഇടക്കാല പരിശീലകനായി ചുമതലയേറ്റ വിവിഎസ് ലക്ഷ്‌മണിന്‍റെ നേതൃത്വത്തിലാണ് പരിശീലനം

ദുബായ്: ഏഷ്യാ കപ്പ് ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യൻ ടീം ദുബായിൽ പരിശീലനം തുടങ്ങി. ഇടക്കാല പരിശീലകനായി നിയമിച്ച വിവിഎസ് ലക്ഷ്മണിന്‍റെ മേൽനോട്ടത്തിലാണ് പരിശീലനം. പാകിസ്ഥാനെതിരെ ഞായറാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

സീനിയർ താരങ്ങൾക്കൊപ്പം സിംബാബ്‍വെ പര്യടനം കഴിഞ്ഞെത്തിയ സംഘവും ചേർന്നതോടെ ടീം ഇന്ത്യ ഏഷ്യാ കപ്പിന് തയ്യാർ. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ 15 അംഗ ടീമും മൂന്ന് പകരക്കാരുമാണ് ഇന്ത്യൻ സംഘത്തിലുള്ളത്. വിരാട് കോലി, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ, ദിനേശ് കാർത്തിക് തുടങ്ങി ബാറ്റിംഗിലെ ആഴം തന്നെയാണ് ഇന്ത്യയുടെ കരുത്ത്. ജസ്പ്രീത് ബുമ്രയും ഹർഷൽ പട്ടേലുമില്ലാത്ത കുറവ് നികത്തുകയാണ് ബൗളിംഗ് യൂണിറ്റിന്‍റെ വെല്ലുവിളി.

ഇടക്കാല പരിശീലകനായി ചുമതലയേറ്റ വിവിഎസ് ലക്ഷ്‌മണിന്‍റെ നേതൃത്വത്തിലാണ് പരിശീലനം. ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ, ബൗളിംഗ് കോച്ച് പരസ് മാംബ്രെ എന്നിവർ ദിവസവും വീഡിയോ കോൺഫറൻസിംഗ് വഴി ദ്രാവിഡുമായി ആശയവിനിമയം നടത്തും. കൊവിഡ് ഭേദമായാൽ മുഖ്യപരിശീലകൻ ടീമിനൊപ്പം ചേരുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ ടീമുകൾക്കും ദുബായിലാണ് പരിശീലനം.

ട്വന്‍റി20 ലോകകപ്പിന്‍റെ പശ്ചാത്തലത്തില്‍ ടി20 ഫോര്‍മാറ്റിലാണ് ഏഷ്യാ കപ്പ് യുഎഇയില്‍ നടക്കുക. ഇക്കുറി ഏഷ്യാ കപ്പില്‍ ഓഗസ്റ്റ് 28-ാം തിയതിയാണ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആദ്യ ഇന്ത്യ-പാക് പോരാട്ടം. ഇതിന് ശേഷം സൂപ്പര്‍ ഫോറിലും ഭാഗ്യം അനുവദിച്ചാല്‍ ഫൈനലിലും ഇരു ടീമുകളും ഏറ്റുമുട്ടും. കഴിഞ്ഞ ടി20 ലോകകപ്പില്‍ 10 വിക്കറ്റിന് തോല്‍പിച്ചതിന് പകരംവീട്ടേണ്ടതുണ്ട് ഇന്ത്യക്ക്. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്ബൈ: ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, ദീപക് ചാഹര്‍.

ഏഷ്യാ കപ്പില്‍ പാക് ടീമിന് കോലിപ്പേടിയുണ്ടാകും; കാരണം വെളിപ്പെടുത്തി ഡാനിഷ് കനേറിയ

PREV
Read more Articles on
click me!

Recommended Stories

ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?
ലണ്ടനിലേക്ക് മടങ്ങി വിരാട് കോലി, ഇനി പോരാട്ടം വിജയ് ഹസാരെ ട്രോഫിയില്‍ ഡല്‍ഹിക്കായി