
ദില്ലി: 2023 -ലെ ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ജയ് ഷാ. മുംബൈയിൽ നടക്കുന്ന 91-ാമത് ബിസിസിഐ വാർഷിക പൊതുയോഗത്തിലാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മേധാവി കൂടിയായ ജയ് ഷാ, ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്ന് പറഞ്ഞത്.
2023 ല്‍ പാകിസ്ഥാനാണ് ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ ടീ ഇന്ത്യയെ അയക്കാന്‍ തയ്യാറാണെന്ന് ബിസിസിഐ വൃത്തകള്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന്‍റെ സാധ്യതകള്‍ അന്വേഷിക്കുകയാണെന്നും ബിസിസി അറിയിച്ചിരുന്നു. ഇതിനിടെയാണ് ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ജയ് ഷാ പറഞ്ഞതെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. 2023 ലെ ഏഷ്യാ കപ്പ് ഒരു നിഷ്പക്ഷ വേദിയിലായിരിക്കാമെന്നും പാകിസ്ഥാനിലല്ലെന്നും ബിസിസിഐ സെക്രട്ടറി കൂടിയായ ഷാ കൂട്ടിച്ചേർത്തു.
2005 - 2006 ലാണ് അവസാനമായി ഇന്ത്യ പാകിസ്ഥാനില്‍ ഒരു ഉഭയകക്ഷി പരമ്പര കളിച്ചത്. അന്ന് രാഹുല്‍ ദ്രാവിഡായിരുന്നു ക്യാപ്റ്റന്‍. 2012-13 ല്‍ മൂന്ന് ടി 20 മത്സരങ്ങള്‍ക്കും ഏകദിന പരമ്പരയ്ക്കുമായി പാകിസ്ഥാന്‍ ഇന്ത്യയിലെത്തിയിരുന്നു. അതിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു ഉഭയകക്ഷി ക്രിക്കറ്റ് പരമ്പര കളിച്ചിട്ടില്ല. എന്നാല്‍, ലോകകപ്പ് മത്സരങ്ങളിലും ഏഷ്യാകപ്പിലും ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്.
ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരം ക്രിക്കറ്റ് ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മത്സരമാണ്. 2022 ഓക്ടോബര്‍ 23 ന് നടന്ന ടി20 ലോകകപ്പ് മത്സരത്തിലെ ഇന്ത്യ - പാക് മത്സരത്തിന്‍റെ ടിക്കറ്റുകള്‍ മുഴുവനും മണിക്കൂറുകള്‍ക്കകമാണ് വിറ്റുതീര്‍ന്നത്. യുഎഇയിൽ നടന്ന ടി20 ലോകകപ്പിൽ പാകിസ്ഥാന്‍ ഇന്ത്യ തോല്‍പ്പിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!