
കൊല്‍ക്കത്ത: ഏകദിന ലോകകപ്പിന്റെ ഫൈനല്‍ കാണാതെ ദക്ഷിണാഫ്രിക്ക പുറത്തായതോടെ ക്രൂശിക്കപ്പെട്ട് ക്യാപ്റ്റന്‍ ടെംപ ബാവുമ. ടൂര്‍ണമെന്റില്‍ ഒരു അര്‍ദ്ധശതകം പോലും നേടാത്തതും സെമിയിലെ തെറ്റായ തീരുമാനങ്ങളുമാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്. എട്ട് ഇന്നിംഗ്‌സുകളില്‍ നിന്ന് 145 റണ്‍സ് മാത്രം. ഉയര്‍ന്ന സ്‌കോര്‍ 35. ദക്ഷിണാഫ്രിക്കയുടെ മുന്‍നിര താരങ്ങളെല്ലാം സെഞ്ച്വറി നേടിയപ്പോള്‍ ലോകകപ്പില്‍ അമ്പേ പരാജയം ദക്ഷിണാഫ്രിക്കന്‍ നായകന്‍.
ഫോമിലുള്ള റീസ ഹെന്റിക്‌സ് പുറത്തുള്ളപ്പോള്‍ ഇന്ത്യന്‍ മണ്ണില്‍ കുഴഞ്ഞ ബാവുമയെ എന്തിന് സഹിക്കണമെന്ന് അടക്കം പറച്ചിലുണ്ടായിരുന്നു ദക്ഷിണാഫ്രിക്കന്‍ ആരാധകര്‍ക്കിടയില്‍. സെമിയില്‍ സ്പിന്നര്‍മാരെ വൈകി പരീക്ഷിച്ചതില്‍ ബാവുമയുടെ ക്യാപ്റ്റന്‍സിയെ ചോദ്യം ചെയ്യുന്നുണ്ട് വിമര്‍ശകര്‍. ലോക ഒന്നാം നമ്പര്‍ താരം കേശവ് മഹാരാജിനും തബ്രൈയ്‌സ് ഷംസിയ്ക്കും മുന്നെ പാര്‍ട് ടൈം സ്പിന്നര്‍ മാര്‍ക്രത്തെ ഇറക്കിയതില്‍ തുടങ്ങുന്നു പാളിച്ച.
മിന്നും ഫോമിലുള്ള സ്പിന്നര്‍മാരെ നേരത്തെ പന്തേല്‍പ്പിച്ചിരുന്നെങ്കില്‍ ട്രാവിസ് ഹെഡിനെ അതിവേഗം മടക്കാമായിരുന്നെന്ന് വിമര്‍ശനം. സ്ലിപ്പില്‍ ഫീല്‍ഡറെ നിര്‍ത്താത്തതും തിരിച്ചടിയായി. പല തീരുമാനങ്ങള്‍ക്കും ഡി കോക്കിനെ ആശ്രയിക്കേണ്ടി വന്നു ദക്ഷിണാഫ്രിക്കന്‍ നായകന്. തുടര്‍ തിരിച്ചടികള്‍ക്കിടയിലും ലോകകപ്പിന് മുന്‍പ് ഈവര്‍ഷം ഏകദിനത്തിലെ ദക്ഷിണാഫ്രിക്കന്‍ ടോപ് സ്‌കോററായ ടെംപ ബാവുമയെ മറക്കരുത് വിമര്‍ശകര്‍.
80 ശരാശരയില്‍ 104 പ്രഹരശേഷിയില്‍ 637 റണ്‍സ് സമ്പാദ്യം. 47 റണ്‍സ് ശരാശരിയുണ്ട് കരിയര്‍ ഗ്രാഫില്‍ ടെംപ ബാവുമയ്ക്ക്. ഇതൊന്നും നോക്കാതെയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്തവര്‍ഗക്കാരനായ ക്യാപ്റ്റന് നേര്‍ക്കുള്ള സോഷ്യല്‍ മീഡിയ അധിക്ഷേപം. കളത്തിന് പുറത്തെ ബാവുമയുടെ ചിത്രങ്ങളും ഉയരക്കുറവും ബ്ലാക്ക് ക്വാട്ടാ വിമര്‍ശനങ്ങളും ബൗണ്ടറി കടന്നു ഈ ഏകദിന ലോകകപ്പില്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!