കോലിയുടെ സെഞ്ച്വറി വേട്ട തീര്‍ന്നെന്ന് ആരും കരുതേണ്ട! കിംഗിനെ പ്രശംസകൊണ്ട് പൊതിഞ്ഞ് മുന്‍ ക്യാപ്റ്റന്‍ ഗാംഗുലി
കോലിക്ക് മുമ്പ സെമിയില്‍ മൂന്നക്കം കടന്ന ഏക ഇന്ത്യന്‍ താരം ഗാംഗുലിയാണ്. 2003 ലോകകപ്പില്‍ കെനിയക്കെതിരെ സെഞ്ച്വറി നേടുകയായിരുന്നു ഗാംഗുലി. ഇരുവര്‍ക്കും പിന്നാലെ ആ നേട്ടത്തിലെത്തിയ ശ്രേയസ് അയ്യരെയും അഭിനന്ദിച്ച ഗാംഗുലി, ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിന് ആശംസയും നേര്‍ന്നു.

കൊല്‍ക്കത്ത: ഏകദിന ക്രിക്കറ്റില്‍ 50-ാം സെഞ്ച്വറിയോടെ പുതുചരിത്രമെഴുതിയ വിരാട് കോലിയെ പ്രശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. ഇതിനിടെ കോലിക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. കോലിയുടെ സെഞ്ച്വറി വേട്ട ഇവിടംകൊണ്ട് തീരില്ലെന്നും ഗാംഗുലി പറഞ്ഞു. നേട്ടം അതുല്യമെന്നും ഗാംഗുലി വിശേഷിപ്പിച്ചു. ഇനിയുമേറെ സെഞ്ച്വറി കോലി നേടുമെന്നും ദാദ പറഞ്ഞു.
കോലിക്ക് മുമ്പ സെമിയില്‍ മൂന്നക്കം കടന്ന ഏക ഇന്ത്യന്‍ താരം ഗാംഗുലിയാണ്. 2003 ലോകകപ്പില്‍ കെനിയക്കെതിരെ സെഞ്ച്വറി നേടുകയായിരുന്നു ഗാംഗുലി. ഇരുവര്‍ക്കും പിന്നാലെ ആ നേട്ടത്തിലെത്തിയ ശ്രേയസ് അയ്യരെയും അഭിനന്ദിച്ച ഗാംഗുലി, ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിന് ആശംസയും നേര്‍ന്നു. 2003 ലോകകപ്പില്‍ ടീം ഇന്ത്യയെ ഫൈനലിലെത്തിച്ച നായകന്‍ കൂടിയാണ് സൗരവ് ഗാംഗുലി. 2003ല്‍ സൗരവ് ഗാംഗുലിയുടെ ടീം നേടിയ എട്ട് തുടര്‍ജയങ്ങളുടെ റെക്കോര്‍ഡ് മാറ്റിയെഴുതാന്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തില്‍ അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചതോടെയാണ് റെക്കോര്‍ഡ് രോഹിത് ശര്‍മയുടെ ഇന്ത്യക്കായത്. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇന്ത്യ തുടര്‍ച്ചയായി ഒമ്പത് ജയങ്ങള്‍ നേടുന്നത്. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ 160 റണ്‍സിന് തകര്‍ത്തു. ഇന്ത്യയുടെ 410 റണ്‍സ് പിന്തുര്‍ന്ന നെതര്‍ലന്‍ഡ്സ് 250ന് പുറത്തായി. ഇന്ത്യന്‍ സര്‍വാധിപത്യം. പിന്നാലെ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനേയും തോല്‍പ്പിച്ച് തുടര്‍ച്ചയായ പത്താം ജയം നേടി.
ഞായാറാഴ്ച്ച അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഫൈനല്‍. മത്സരത്തിനുള്ള അംപയര്‍മാരെ ഐസിസി ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ പേടിസ്വപ്‌നമായ റിച്ചാര്‍ഡ് കെറ്റില്‍ബെറോയാണ് ഒരു അംപയര്‍. മറ്റൊരു അംപയര്‍ റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്ത്. കൈറ്റില്‍ബെറോ അംപയറായ ഐസിസി നോക്കൗട്ട് മത്സരങ്ങളിലെല്ലാം ഇന്ത്യക്ക് നിരാശയാണ് ഉണ്ടായിട്ടുള്ളത്.