
മുംബൈ: ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുമ്പോള്‍ ഇന്ത്യൻ ടീമിനും ആരാധകർക്കും ഒരുപോലെ ആശങ്ക സമ്മാനിക്കുന്നത് ഓപ്പണർ സഞ്ജു സാംസണ് ഇംഗ്ലണ്ടിനെതിരെയുള്ള മോശം റെക്കോർഡാണ്. വെസ്റ്റ് ഇൻഡീസിനെതിരായ കഴിഞ്ഞ മത്സരത്തിൽ 97 റൺസുമായി തകർപ്പൻ ഫോമിലാണെങ്കിലും, വാംഖഡെയിലെ പിച്ചിൽ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ ഉയർത്തുന്ന വെല്ലുവിളി മറികടക്കുകയായിരിക്കും സഞ്ജുവിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.
സഞ്ജു സാംസണെ ഏറ്റവും കൂടുതൽ കുഴക്കിയിട്ടുള്ള ബൗളർമാരിൽ ഒരാളാണ് ഇംഗ്ലണ്ടിന്‍റെ പേസ് കരുത്തായ ജോഫ്ര ആർച്ചർ. കണക്കുകൾ പരിശോധിച്ചാൽ സഞ്ജുവിനെതിരെ ആർച്ചർക്ക് വ്യക്തമായ ആധിപത്യമുണ്ട്. അഞ്ച് ഇന്നിംഗ്‌സുകളിൽ മൂന്ന് തവണയും സഞ്ജുവിനെ പുറത്താക്കാൻ ആർച്ചര്‍ക്ക് കഴിഞ്ഞു. ആർച്ചർക്കെതിരെ വെറും 8.33 മാത്രമാണ് സഞ്ജുവിന്റെ ബാറ്റിംഗ് ശരാശരി. ആർച്ചർ എറിഞ്ഞ 23 പന്തുകളിൽ 13 എണ്ണത്തിലും റണ്ണെടുക്കാൻ സഞ്ജുവിന് സാധിച്ചിട്ടില്ല.
വാംഖഡെയിലെ പിച്ചിൽ ലഭിക്കുന്ന അധിക ബൗൺസ് മുതലെടുത്ത് സഞ്ജുവിനെ ഷോർട്ട് ബോളുകളിൽ കുടുക്കാനായിരിക്കും ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. സമാനമായ രീതിയിൽ സാം കറനും സഞ്ജുവിനെ മുൻപ് ഐപിഎല്ലിൽ രണ്ടുതവണ പുറത്താക്കിയിട്ടുണ്ട്. മറ്റ് ടീമുകൾക്കെതിരെ മികച്ച പ്രകടനം നടത്തുമ്പോഴും ഇംഗ്ലണ്ടിനെതിരെ സഞ്ജുവിന്റെ ബാറ്റിംഗ് റെക്കോർഡ് അത്ര മികച്ചതല്ല. അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് വെറും 51 റൺസ് മാത്രമാണ് സഞ്ജു നേടിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ച് മത്സര ടി20 പരമ്പരയില്‍ 26, 5, 3, 1, 16 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്‍റെ പ്രകടനം. ഇംഗ്ലണ്ടിനെതിരെ സഞ്ജുവിന്റെ ബാറ്റിംഗ് ശരാശരി 10.20 ഉം സ്ട്രൈക്ക് റേറ്റ് 118.60 ഉം മാത്രമാണ്.
സഞ്ജുവിന്‍റെ ഷോർട്ട് ബോൾ ദൗർബല്യം കണക്കിലെടുത്ത് ഒരു അധിക പേസറെ കൂടി ടീമിൽ ഉൾപ്പെടുത്താൻ ഇംഗ്ലണ്ട് ആലോചിക്കുന്നുണ്ട്. ജോഷ് ടങ്ങ് അരങ്ങേറ്റം കുറിക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പേസർമാരായ സാഖിബ് മഹമ്മൂദ്, മാർക്ക് വുഡ് എന്നിവരും മുൻപ് ഷോർട്ട് ബോളുകളിലൂടെ സഞ്ജുവിനെ പുറത്താക്കിയിട്ടുണ്ട്.
ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ശ്രീലങ്ക എന്നിവർക്കെതിരെയും സഞ്ജുവിന്‍റെ ശരാശരി 15-ൽ താഴെയാണ്. എന്നാൽ വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ മിന്നും ഫോം ഇംഗ്ലണ്ടിനെതിരെയും തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. കൊൽക്കത്തയിൽ കണ്ട ആ പോരാട്ടവീര്യം വാംഖഡെയിലും ആവർത്തിക്കാൻ സഞ്ജുവിന് സാധിച്ചാൽ ഇന്ത്യക്ക് ഫൈനലിലേക്കുള്ള വഴി എളുപ്പമാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!