2027 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള വേദി പ്രഖ്യാപിച്ച് ഐസിസി; മത്സരക്രമവും പോയിന്റ് പട്ടികയും പുറത്ത്

Published : Jul 23, 2026, 08:34 PM IST
The Oval

Synopsis

2027-ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ലണ്ടനിലെ ഓവല്‍ വേദിയാകുമെന്ന് ഐസിസി സ്ഥിരീകരിച്ചു. നിലവിലെ പോയിന്റ് പട്ടികയില്‍ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍, രണ്ട് തവണ ഫൈനലിസ്റ്റുകളായ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.

ദുബായ്: 2027ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഓവല്‍ വേദിയാകുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. രണ്ടാം തവണയാണ് ഓവല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേദിയാകുന്നത്. 2027 ജൂണ്‍ 9 മുതല്‍ 13 വരെയാണ് ഫൈനല്‍ മത്സരം നിശ്ചയിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ ഒരു റിസര്‍വ് ദിനമായി ജൂണ്‍ 14ഉം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുമുമ്പ് 2023 ഡബ്ല്യുടിസി ഫൈനലിനും ദി ഓവല്‍ വേദിയായിരുന്നു. അന്ന് ഫൈനലില്‍ ഇന്ത്യയെ 209 റണ്‍സിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ തങ്ങളുടെ കന്നി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കുകയാണുണ്ടായത്.

അടുത്ത മൂന്ന് ഡബ്ല്യുടിസി ഫൈനലുകളുടെയും (2027, 2029, 2031) ആതിഥേയത്വം ഇംഗ്ലണ്ടിന് നല്‍കിക്കൊണ്ട് കഴിഞ്ഞ വര്‍ഷം ഐസിസി തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഫൈനലിനായുള്ള വേദി തെരഞ്ഞെടുക്കുന്നത്. 2023ലെ ഫൈനല്‍ മികച്ച രീതിയില്‍ നടത്താന്‍ കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണയും ഓവലിന് ആതിഥേയത്വം ലഭിച്ചിരിക്കുന്നത്. എല്ലാം ഒമ്പത് ടെസ്റ്റ് പ്ലേയിംഗ് രാജ്യങ്ങളും നിലവില്‍ മത്സര രംഗത്തുണ്ട്.

കളിച്ച ആദ്യ എട്ട് ടെസ്റ്റുകളില്‍ ഏഴെണ്ണത്തിലും വിജയം നേടി 87.50 ശതമാനം പോയിന്റോടെ ഓസ്‌ട്രേലിയയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്ക 75 ശതമാനവുമായി രണ്ടാം സ്ഥാനത്തുണ്ട്. 72.22 ശതമാനമുള്ള ന്യൂസിലന്‍ഡും ഫൈനല്‍ ലക്ഷ്യമാക്കി ശക്തമായി രംഗത്തുണ്ട്. ഈ സൈക്കിളിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നായി ബംഗ്ലാദേശ് മാറി കഴിഞ്ഞു. മെയ് മാസത്തില്‍ പാകിസ്ഥാനെതിരായ പരമ്പര 2-0ത്തിന് തൂത്തുവാരിയത് അവരെ 58.33 ശതമാനം പോയിന്റോടെ നാലാം സ്ഥാനത്തേക്ക് ഉയര്‍ത്തിയിട്ടുണ്ട്.

ഇന്ത്യയുടെ നിലവിലെ സ്ഥിതി

രണ്ട് തവണ ഫൈനലിസ്റ്റുകളായ ഇന്ത്യ, കളിച്ച ഒമ്പതില്‍ നാല് ടെസ്റ്റുകള്‍ വിജയിച്ച് 48.15 ശതമാനം പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് നിലവിലുള്ളത്. നിലവില്‍ അല്പം പിന്നിലാണെങ്കിലും, വരും മാസങ്ങളിലെ മികച്ച പ്രകടനത്തിലൂടെ കടുത്ത മത്സരം നടക്കുന്ന ഈ യോഗ്യതാ റേസില്‍ ഇന്ത്യക്ക് മുന്നേറാന്‍ സാധിക്കും. ഇന്ത്യക്ക് തൊട്ടുപിന്നില്‍ 41.67 ശതമാനവുമായി ശ്രീലങ്കയുണ്ട്. അതേസമയം, ശേഷിക്കുന്ന മത്സരങ്ങളില്‍ ഭൂരിഭാഗവും ഹോം ഗ്രൗണ്ടില്‍ കളിക്കാനുണ്ടെങ്കിലും, പോയിന്റ് ശതമാനം 24.36 ആയി ഇടിഞ്ഞ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ കടുപ്പമാണ്. വെസ്റ്റ് ഇന്‍ഡീസും പാകിസ്ഥാനുമാണ് നിലവില്‍ ഏറ്റവും താഴെയുള്ള രണ്ട് സ്ഥാനങ്ങളില്‍ ഉള്ളത്.

2019-ല്‍ ഈ മത്സരം ആരംഭിച്ചതുമുതല്‍ ഓരോ പതിപ്പും വ്യത്യസ്തരായ ചാമ്പ്യന്മാരെയാണ് സമ്മാനിച്ചത്. 2021-ല്‍ ന്യൂസിലന്‍ഡ് ആദ്യ കിരീടം സ്വന്തമാക്കിയപ്പോള്‍, 2023-ല്‍ ഓസ്‌ട്രേലിയയും 2025-ല്‍ ദക്ഷിണാഫ്രിക്കയും കിരീടം നേടി. ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിനെ കിരീടമണിയിക്കാനായി ഇപ്പോള്‍ വീണ്ടും ഓവലില്‍ കളമൊരുങ്ങുകയാണ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സിംബാബ്‌വെയെ തീര്‍ത്ത് വൈഭവ്, ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം; ശ്രേയസിന്റെ ക്യാപ്റ്റന്‍സിയില്‍ ആദ്യത്തേത്
സിംബാബ്‌വെക്കെതിരെ വൈഭവിന് റെക്കോഡ്; അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ താരം