
അഹമ്മദാബാദ്: ക്വാളിഫയര്‍-2ന് തയ്യാറെടുക്കുന്ന മുംബൈ ഇന്ത്യൻസിന് തലവേദനയായി ഐപിഎൽ ചരിത്രം. ഐപിഎൽ 18-ാം സീസണിൽ എത്തി നിൽക്കുമ്പോഴും ഇതുവരെ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഒരു ടീം പോലും കപ്പ് ഉയര്‍ത്തിയിട്ടില്ല. ഇത്തവണ മുംബൈ ഇന്ത്യൻസാണ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഈ സീസണിൽ മുംബൈ ഐപിഎൽ ചരിത്രം മാറ്റിയെഴുതുമോ എന്നറിയാനായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്.
പ്ലേ ഓഫ് ആരംഭിച്ച 2011ൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സാണ് ജേതാക്കളായത്. തൊട്ടടുത്ത നാല് വര്‍ഷങ്ങളിലും രണ്ടാം സ്ഥാനക്കാര്‍ തന്നെയാണ് കിരീടം ചൂടിയത്. 2012ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, 2013ൽ മുംബൈ ഇന്ത്യൻസ്, 2014ൽ വീണ്ടും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, 2015ൽ വീണ്ടും മുംബൈ ഇന്ത്യൻസ് എന്നിവര്‍ കപ്പടിച്ചു. എന്നാൽ, 2016ൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദാണ് ജേതാക്കളായത്. എലിമിനേറ്ററിൽ നിന്ന് ജയിച്ചു കയറി കിരീടം ഉയര്‍ത്തിയ ഏക ടീം ഇപ്പോഴും സൺറൈസേഴ്സ് ഹൈദരാബാദാണ്. 2017ൽ ഒന്നാമൻമാരായ മുംബൈ ഇന്ത്യൻസാണ് കിരീടം ഉയര്‍ത്തിയത്.
2018ൽ രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് വിജയിച്ചു. അടുത്ത രണ്ട് വര്‍ഷങ്ങളിലും (2019, 2020) തുടര്‍ച്ചയായി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈ ഇന്ത്യൻസ് കിരീടമുയര്‍ത്തി. 2021ൽ വീണ്ടും രണ്ടാം സ്ഥാനക്കാരായ ചെന്നൈയാണ് ജേതാക്കളായത്. 2022ൽ ഒന്നാം സ്ഥാനത്ത് എത്തിയ ഗുജറാത്ത് ടൈറ്റൻസ് കിരീടം ചൂടി. 2023ൽ വീണ്ടും ചെന്നൈ സൂപ്പര്‍ കിംഗ്സ് രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യുകയും കപ്പുയര്‍ത്തുകയും ചെയ്തു. പ്ലേ ഓഫ് ആരംഭിച്ച ശേഷം നാല് തവണയാണ് ചെന്നൈ ജേതാക്കളായത്. ഈ നാല് തവണയും പ്ലേ ഓഫിൽ ചെന്നൈ രണ്ടാം സ്ഥാനക്കാരായിരുന്നു. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനക്കാരായെത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയികളായി.
ഐപിഎല്ലിൽ ഇത്തവണ നാലാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തത് മുംബൈ ഇന്ത്യൻസാണ്. എലിമിനേറ്റര്‍ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 20 റൺസിന് തകര്‍ത്ത് മുംബൈ ക്വാളിഫയര്‍-2ന് യോഗ്യത നേടി. കരുത്തരായ പഞ്ചാബ് കിംഗ്സാണ് മുംബൈയുടെ എതിരാളികൾ. വിജയിക്കുന്ന ടീം ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. അഹമ്മദാബാദിൽ ജൂൺ 3നാണ് കലാശപ്പോരാട്ടം നടക്കുക.