'ഒരുവശത്ത് മുഹമ്മദ്, മറുവശത്ത് കൃഷ്ണൻ, രണ്ടുപേരും ചേർന്ന് ഇംഗ്ലണ്ടിനെ എറിഞ്ഞിടും', വൈറലായി ഗില്ലിന്‍റെ വാക്കുകള്‍

Published : Jun 25, 2025, 10:43 AM IST
Shubman Gill

Synopsis

ബുമ്രയുടെ ആദ്യ സ്പെല്ലിനുശേഷം സിറാജും പ്രസിദ്ധും പന്തെറിയുന്നതിനിടെയായിരുന്നു സ്ലിപ്പില്‍ നിന്നുള്ള ഗില്ലിന്‍റെ വാക്കുകള്‍ സ്റ്റംപ് മൈക്ക് പിടിച്ചെടുത്തത്.

ലീഡ്സ്: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ അഞ്ചാം ദിനം ഇന്ത്യൻ താരങ്ങളെ പ്രചോദിപ്പിക്കാനായി ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ പറഞ്ഞ വാക്കുകള്‍ ഏറ്റെടുത്ത് ആരാധകര്‍. 371 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്‍റെ ഒരു വിക്കറ്റ് പോലും അവസാന ദിനത്തിലെ ആദ്യ സെഷനില്‍ ഇന്ത്യൻ ബൗളര്‍മാര്‍ക്ക് നേടാനായിരുന്നില്ല. ജസ്പ്രീത് ബുമ്രയെ ഇംഗ്ലണ്ട് ബാറ്റര്‍മാരായ സാക് ക്രോളിയും ബെന്‍ ഡക്കറ്റും കരുതലോടെ നേരിട്ടപ്പോള്‍ പ്രസിദ്ധ് കൃഷ്ണയ്ക്കും മുഹമ്മദ് സിറാജിനും മികവ് കാട്ടാനായില്ല.

ബുമ്രയുടെ ആദ്യ സ്പെല്ലിനുശേഷം സിറാജും പ്രസിദ്ധും പന്തെറിയുന്നതിനിടെയായിരുന്നു സ്ലിപ്പില്‍ നിന്നുള്ള ഗില്ലിന്‍റെ വാക്കുകള്‍ സ്റ്റംപ് മൈക്ക് പിടിച്ചെടുത്തത്. ഒരറ്റത്ത് മുഹമ്മദും മറുവശത്ത് കൃഷ്ണനുമാണ് എറിയുന്നത്, ഇംഗ്ലണ്ട് തകര്‍ന്നടിയുമെന്നായിരുന്നു ഗില്ലിന്‍റെ വാക്കുകള്‍. ഡക്കറ്റ് 98 റണ്‍സില്‍ നില്‍ക്കെ മുഹമ്മദ് സിറാജിന്‍റെ പന്തില്‍ നല്‍കിയ ക്യാച്ച് ബൗണ്ടറിയില്‍ യശസ്വി ജയ്സ്വാള്‍ കൈവിട്ടിരുന്നു. സാക് ക്രോളിയെ സ്ലിപ്പില്‍ രാഹുലിന്‍റെ കൈകളിലെത്തിച്ച പ്രസിദ്ധ് ആകട്ടെ പിന്നാലെ ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ഒല്ലി പോപ്പിനെ ബൗള്‍ഡാക്കിയെങ്കിലും പിന്നീട് കൂടുതലായി ഒന്നും ചെയ്യാനായില്ല. 98 റണ്‍സില്‍ ജീവൻ കിട്ടിയ ഡക്കറ്റ് 149 റണ്‍സടിച്ചാണ് പുറത്തായത്. ഡക്കറ്റിന്‍റെയും ക്രോളിയുടെയും ഓപ്പണിംഗ് കൂട്ടുകെട്ട് ഇംഗ്ലണ്ടിന്‍റെ വിജയത്തില്‍ നിര്‍ണായകമാകുകയും ചെയ്തു.

 

മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ 20 ഓവറില്‍ 128 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത പ്രസിദ്ധ് രണ്ടാം ഇന്നിംഗ്സില്‍ 15 ഓവറില്‍ 92 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റെടുത്തത്. സിറാജ് ആകട്ടെ ആദ്യ ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റെടുത്തെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ 14 ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും നേടാനായിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി:പൊരുതിയത് സഞ്ജു മാത്രം, ആന്ധ്രക്കെതിരെ കേരളത്തിന് വമ്പന്‍ തോല്‍വി
ക്വിന്റണ്‍ ഡി കോക്കിന് സെഞ്ചുറി; ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിലേക്ക്