അവര്‍ രണ്ടുപേരും കോലി ഒഴിയാന്‍ കാത്തിരിക്കുകയായിരുന്നു, രാഹുലിനെയും രോഹിത്തിനെയുംകുറിച്ച് മുന്‍ പാക് താരം

By Web TeamFirst Published Jan 18, 2022, 5:57 PM IST
Highlights

ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ച നടത്തിയശേഷമാണ് ഇരുവരും കോലിക്ക് അഭിനന്ദന പോസ്റ്റിട്ടതെന്ന് പറഞ്ഞ റഷീദ് ലത്തീഫ് അഭിനന്ദന പോസ്റ്റിലെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ അതിലെ ആത്മാര്‍ത്ഥത ഇല്ലായ്മ മനസിലാവുമെന്നും വ്യക്തമാക്കി. ഇത്തരമൊരു പോസ്റ്റിലൂടെ തന്നെ ഇരുവരും ഇന്ത്യയുടെ അടുത്ത നായകരാവാന്‍ യോഗ്യരല്ലെന്ന് തെളിയിച്ചുവെന്നും റഷീദ് ലത്തീഫ് പറഞ്ഞു.

കറാച്ചി: ഇന്ത്യന്‍ ടെസ്റ്റ് ടീം നായകസ്ഥാനത്തുനിന്ന് വിരാട് കോലി രാജി(Virat Kohli) പ്രഖ്യാപിച്ചതിന് പിന്നാലെ കോലിയുടെ സംഭാവനകളെ വാഴ്ത്തി നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. കോലിയുടെ സഹതാരങ്ങളായ കെ എല്‍ രാഹുലും(KL Rahul)രോഹിത് ശര്‍മയും(Rohit Sharma) ജസ്പ്രീത് ബുമ്രയുമെല്ലാം(Jasprit Bumrah) ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

എന്നാല്‍ കോലിയുടെ രാജി പ്രഖ്യാപനശേഷം കെ എല്‍ രാഹുലും രോഹിത് ശര്‍മയും നടത്തിയ പ്രതികരണങ്ങള്‍ അവര്‍ കോലി ഒഴിയാന്‍ കാത്തിരുന്ന പോലെയായിരുന്നുവെന്ന് ആരോപിക്കുകയാണ് മുന്‍ പാക് ക്യാപ്റ്റനായ റഷീദ് ലത്തീഫ്(Rashid Latif). കോലി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതിന് പിറ്റേന്ന് കോലിയുടെ ചിത്രം പങ്കുവെച്ച രോഹിത് ഞെട്ടിപ്പോയി എന്നും, ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് ഇത്രയും കാലം വിജയകരമായി തുടര്‍ന്നതില്‍ അഭിനന്ദനം എന്നും ട്വീറ്റ് ചെയ്തിരുന്നു. രാഹുലാകട്ടെ, യഥാര്‍ത്ഥ ക്യാപ്റ്റന്‍ എല്ലാ അര്‍ത്ഥത്തിലും, ഇന്ത്യന്‍ ടീമിനായി ചെയ്ത കാര്യങ്ങള്‍ക്ക് താങ്കളോട് നന്ദി പറയാനാവില്ലെന്നും കുറിച്ചു.

ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ച നടത്തിയശേഷമാണ് ഇരുവരും കോലിക്ക് അഭിനന്ദന പോസ്റ്റിട്ടതെന്ന് പറഞ്ഞ റഷീദ് ലത്തീഫ് അഭിനന്ദന പോസ്റ്റിലെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ അതിലെ ആത്മാര്‍ത്ഥത ഇല്ലായ്മ മനസിലാവുമെന്നും വ്യക്തമാക്കി. ഇത്തരമൊരു പോസ്റ്റിലൂടെ തന്നെ ഇരുവരും ഇന്ത്യയുടെ അടുത്ത നായകരാവാന്‍ യോഗ്യരല്ലെന്ന് തെളിയിച്ചുവെന്നും റഷീദ് ലത്തീഫ് പറഞ്ഞു.

കോലി ആഗോള താരമാണ്. ആരെയാണ് അദ്ദേഹത്തിന് പകരം നായകാനക്കുന്നത്. രോഹിത്തിനെയോ, എപ്പോഴും പരിക്കേല്‍ക്കുന്ന രോഹിത്തിനെ എങ്ങനെയാണ് നായകനാക്കുക. പരിക്കുമൂലം ദക്ഷിണാഫ്രിക്കന്‍ പരമ്പര പൂര്‍ണമായും രോഹിത്തിന് നഷ്ടമായി. പിന്നെയുള്ളത് കെ എല്‍ രാഹുലാണ്. അയാള്‍ക്ക് ക്യാപ്റ്റനാവാനുള്ള കഴിവില്ല. കോലി രാജി പ്രഖ്യാപിച്ചതിന് പിന്നാലെ അത് അംഗീകരിച്ചുകൊണ്ടുള്ള ഇവരുടെ പ്രതികരണങ്ങള്‍ ശ്രദ്ധിച്ചില്ലെ.

ഇത്രയും മികച്ച കളിക്കാരനായാണ് നിങ്ങള്‍ കോലിയെ കണക്കാക്കുന്നതെങ്കില്‍ പിന്നെ എങ്ങനൊയണ് അദ്ദേഹത്തിന്‍റെ രാജി ഇത്രയും വേഗം അംഗീകരിക്കുന്നത്. അതിനര്‍ത്ഥം കോലി രാജിവെക്കാന്‍ അവര്‍ കാത്തിരിക്കുകയായിരുന്നു എന്നല്ലേ എന്നും റഷീദ് ലത്തീഫ് യുട്യൂബ് ചാനലില്‍ ചോദിച്ചു.

കോലി രാജിവെക്കാനിടയായ സാഹചര്യം നിര്‍ഭാഗ്യകരമായി പോയെന്നും സൗരവ് ഗാംഗുലിയും വിരാട് കോലിയും തമ്മില്‍ അഭിപ്രായഭിനത്തകള്‍ ഉണ്ടാവാന്‍ പാടില്ലായിരുന്നുവെന്നും ലത്തീഫ് പറഞ്ഞു. ടെസ്റ്റ് നായകസ്ഥാനം ഒഴിയാനുള്ള കോലിയുടെ തീരുമാനം ബോര്‍ഡിനുള്ള മറുപടിയാണെന്നും ഒരുപിടി മികച്ച പ്രകടനങ്ങളോടെ കോലി ശക്തമായി തിരിച്ചുവരുമെന്നും ലത്തീഫ് പറഞ്ഞു.

click me!