അയാള്‍ വളരെ വേഗം എന്‍റെ ഇഷ്ട താരമാകുകയാണ്, ഇന്ത്യന്‍ താരത്തെക്കുറിച്ച് ഹസി

By Web TeamFirst Published Jan 8, 2021, 6:52 PM IST
Highlights

അര്‍ധസെഞ്ചുറിക്ക് പിന്നാലെ കമിന്‍സിന്‍റെ പന്തില്‍ പുറത്തായെങ്കിലും ഗില്ലിനെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. ഏറ്റവുമൊടുവില്‍ ഗില്ലിന്‍റെ ആരാധകനായി എത്തിയിരിക്കുന്നത് മുന്‍ ഓസീസ് താരം മൈക് ഹസിയാണ്.

സിഡ്നി: അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ബാറ്റുകൊണ്ട് മതിപ്പുളവാക്കിയ കളിക്കാരനാണ് ശുഭ്മാന്‍ ഗില്‍. മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പൃഥ്വി ഷാക്ക് പകരം ഓപ്പണറായി ഇറങ്ങിയ ഗില്‍ ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിക്കുകയും ചെയ്തു. ഇപ്പോഴിതാ തന്‍റെ രണ്ടാം ടെസ്റ്റില്‍ തന്‍റെ ടെസ്റ്റ് കരിയറിലെ ആദ്യ അര്‍ധസെഞ്ചുറിയും സ്വന്തമാക്കിയിരിക്കുന്നു. പുതുമുഖത്തിന്‍റെ സങ്കോചങ്ങളൊന്നുമില്ലാത്ത ക്ലീന്‍ ഇന്നിംഗ്സ്.

അര്‍ധസെഞ്ചുറിക്ക് പിന്നാലെ കമിന്‍സിന്‍റെ പന്തില്‍ പുറത്തായെങ്കിലും ഗില്ലിനെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. ഏറ്റവുമൊടുവില്‍ ഗില്ലിന്‍റെ ആരാധകനായി എത്തിയിരിക്കുന്നത് മുന്‍ ഓസീസ് താരം മൈക് ഹസിയാണ്. ഗില്‍ അതിവേഗം തന്‍റെ ഇഷ്ട കളിക്കാരനായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഹസി സോണി ടിവിയിലെ കമന്‍ററിക്കിടെ പറ‍ഞ്ഞു.

ഈ പയ്യന്‍ അതിവേഗം ഞാന്‍ കാണാന്‍ ഇഷ്ടപ്പെടുന്ന എന്‍റെ ഏറ്റവും പ്രിയപ്പെട്ട കളിക്കാരാനാവുകയണ്.  ശരിക്കുമൊരു വെടിച്ചില്ലാണ് ഇയാള്‍. ഫ്രണ്ട് ഫൂട്ടിലും അതിനെക്കാള്‍ മികച്ച രീതിയില്‍ ബാക്ക് ഫൂട്ടിലും കളിക്കാന്‍ കഴിയുന്ന ഗില്‍ ബൗളര്‍മാര്‍ക്ക് വ്യക്തമായ സന്ദേശമാണ് നല്‍കുന്നതെന്നും ഹസി പറഞ്ഞു.

യുവതാരമായിരുന്നിട്ടും കരിയറിന്‍റെ തുടക്കമായിട്ടും അയാളെ മറ്റൊന്നും പരിഭ്രാന്തനാക്കുന്നില്ല. അതുപോലെ വിക്കറ്റ് വലിച്ചെറിഞ്ഞ് പോവാനും അയാള്‍ ഒരുക്കമല്ല. അയാളുടെ കളി കാണാന്‍ തന്നെ ഒരു അഴകുണ്ട്. വളരെ ലളിതമാണ് അയാളുടെ ശൈലി. ക്രീസില്‍ നിലയുറപ്പിച്ച് കളിക്കുന്നു. അതുപോലെ ചില അസാമാന്യ ഷോട്ടുകളും അയാളിന്ന് പുറത്തെടുത്തു-ഹസി പറഞ്ഞു.

രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന ഗില്ലിന്‍റെ ക്രീസിലെ നില്‍പ്പ് തന്നെ ഉറച്ച ചുവടുകളോടെയായിരുന്നുവെന്ന് വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞു. മികച്ച പ്രതിരോധവും സ്ട്രോക്ക് പ്ലേയും, പന്ത് തെരഞ്ഞെടുക്കുന്നതിലെ കൃത്യതയും കൈമുതലായുള്ള ഗില്ലിന് ഇന്ത്യന്‍ ക്രിക്കറ്റില്‍ ശോഭനമായ ഭാവിയുണ്ടെന്നും മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞു.

For someone playing only his 2nd test match looks very assured at the wicket. Good solid defence, positive stroke play and clarity of thought. Definitely has a very bright future for India in all the 3 formats.

— VVS Laxman (@VVSLaxman281)
click me!