Latest Videos

Andrew Symonds : അന്ന് സാക്ഷാല്‍ ജോണ്ടി റോഡ്‌സ് പറഞ്ഞു; ആൻഡ്രൂ സൈമണ്ട്‌സിനെക്കാള്‍ മികച്ച ഫീല്‍ഡറില്ല!

By Jomit JoseFirst Published May 15, 2022, 8:27 AM IST
Highlights

തന്നെക്കാള്‍ 10 ഇരട്ടി മികച്ച ഫീല്‍ഡര്‍ എന്നാണ് എക്കാലത്തെയും മികച്ച ഫീല്‍ഡര്‍ എന്ന് പരക്കെ വിശേഷിപ്പിക്കപ്പെടുന്ന ജോണ്ടി റോഡ്‌സ്, സൈമണ്ട്‌സിനെ മുമ്പ് വിശേഷിപ്പിച്ചത്

സിഡ്‌നി: ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ആൻഡ്രൂ സൈമണ്ട്‌സിന്റെ(Andrew Symonds) അപ്രതീക്ഷിത വേര്‍പാടിന്‍റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. അപകടകാരിയായ ബാറ്റിംഗിനും ഓഫ് ബ്രേക്ക് ബൗളിംഗിനും പുറമെ ഫീല്‍ഡിംഗിലും ഇടിമിന്നല്‍ പ്രഭാവമായിരുന്നു ആൻഡ്രൂ സൈമണ്ട്‌സ്‌. തന്നെക്കാള്‍ 10 ഇരട്ടി മികച്ച ഫീല്‍ഡര്‍ എന്നാണ് എക്കാലത്തെയും മികച്ച ഫീല്‍ഡര്‍ എന്ന് പരക്കെ വിശേഷിപ്പിക്കപ്പെടുന്ന ജോണ്ടി റോഡ്‌സ്(Jonty Rhodes) സൈമണ്ട്‌സിനെ മുമ്പ് വിശേഷിപ്പിച്ചത്. 

'ലക്ഷണമൊത്ത സമ്പൂര്‍ണ ഫീല്‍ഡ്‌സ്‌മാനാണ് ആൻഡ്രൂ സൈമണ്ട്‌സ്‌. ഫീല്‍ഡില്‍ എവിടെ വേണേലും ആൻഡ്രൂ സൈമണ്ട്‌സിനെ നിയോഗിക്കാം. കരുത്തുറ്റ കൈകളും അതിവേഗവും റിഫ്ലക്‌ഷനുമെല്ലാം സൈമണ്ട്‌സിനുണ്ട്. ആൻഡ്രൂ സൈമണ്ട്‌സിനെക്കാള്‍ മികച്ച ഫീല്‍ഡര്‍മാര്‍ മുമ്പുണ്ടായിരുന്നോ എന്ന കാര്യം സംശയമാണ്' എന്നുമായിരുന്നു 2006ല്‍ ജോണ്ടി റോഡ്‌സിന്‍റെ വാക്കുകള്‍. എക്കാലത്തെയും മികച്ച ഫീല്‍ഡര്‍ എന്ന വിശേഷണമുള്ള റോഡ്‌സില്‍ നിന്ന് ലഭിച്ചതിനേക്കാള്‍ വലിയ പ്രശംസ സൈമണ്ട്‌സിന് ലഭിക്കാനില്ല. 

ഫീല്‍ഡിലെ അതിവേഗവും കൃത്യതയും കൊണ്ട് വിസ്‌മയിപ്പിച്ച താരമാണ് ആൻഡ്രൂ സൈമണ്ട്‌സ്‌. മിന്നല്‍ റണ്ണൗട്ടുകളും വണ്ടര്‍ ക്യാച്ചുകളും കൊണ്ട് ഞെട്ടിച്ച താരം. മിന്നുന്ന റിഫ്ലക്ഷനും കൃത്യതയാർന്ന ലക്ഷ്യബോധവും ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റണ്ണൗട്ടുകൾ നേടുന്ന അഞ്ചാമത്തെ ഫീൽഡര്‍ എന്ന നേട്ടത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചു. 

ക്വിൻസ്‍ലാൻഡിലുണ്ടായ കാറപകടത്തില്‍ ഇന്നാണ് 46കാരനായ ആൻഡ്രൂ സൈമണ്ട്‌സിന്‍റെ വേര്‍പാട്. ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടറിൽ ഒരാളായിരുന്നു സൈമണ്ട്‌സ്. ഓസ്ട്രേലിയക്കായി 26 ടെസ്റ്റും 198 ഏകദിനങ്ങളും 14 ട്വന്‍റി 20കളും കളിച്ചു. 2003ലും 2007ലും ലോകകിരീടം നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായിരുന്നു. വിരമിച്ച ശേഷം ഫോക്സ് സ്പോർട്സിന്‍റെ കമന്‍റേറ്ററായും സേവനമനുഷ്ടിച്ചിരുന്നു. ഐപിഎല്ലിൽ ഡെക്കാൻ ചാർജേഴ്സിന്‍റെയും മുംബൈ ഇന്ത്യന്‍സിന്‍റേയും താരമായ ആൻഡ്രൂ സൈമണ്ട്‌സ് 2009ൽ കിരീടം നേടിയ ഡെക്കാൻ ചാർജേഴ്സ് ടീമിൽ അംഗമായിരുന്നു. ആദ്യ സീസണ്‍ ഐപിഎല്ലിൽ സെഞ്ച്വറിയും നേടിയിട്ടുണ്ട് ആൻഡ്രൂ സൈമണ്ട്‌സ്‌.

ഷെയ്ൻ വോണിനും റോഡ് മാർഷിനും ശേഷം ഈ വർഷം വിടവാങ്ങുന്ന മൂന്നാമത്തെ ഓസ്ട്രേലിയൻ ഇതിഹാസ ക്രിക്കറ്റ് താരമാണ് ആൻഡ്രൂ സൈമണ്ട്‌സ്‌. 

Andrew Symonds : 'ഉണരാൻ ഭയക്കുന്ന വാർത്ത' സൈമണ്ട്‌സിന്റെ മരണവാർത്തയിൽ അനുശോചിച്ച് ക്രിക്കറ്റ് താരങ്ങൾ
 

click me!