Asianet News MalayalamAsianet News Malayalam

Andrew Symonds : 'ഉണരാൻ ഭയക്കുന്ന വാർത്ത' സൈമണ്ട്‌സിന്റെ മരണവാർത്തയിൽ അനുശോചിച്ച് ക്രിക്കറ്റ് താരങ്ങൾ

ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ആൻഡ്രൂ സൈമണ്ട്‌സിന്റെ മരണവാർത്തയ്‌ക്ക് പിന്നാലെ അനുശോചന പ്രവാഹം. 

World reacts to tragic Andrew Symonds death news
Author
Australia, First Published May 15, 2022, 6:49 AM IST

ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ആൻഡ്രൂ സൈമണ്ട്‌സിന്റെ (Andrew Symonds) മരണവാർത്തയ്‌ക്ക് പിന്നാലെ അനുശോചന പ്രവാഹം. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ ആൻഡ്രൂ സൈമണ്ട്‌സിന്റെ ദാരുണമായ നഷ്ടത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചു. മുൻ ഓസ്‌ട്രേലിയൻ ടീമംഗങ്ങളും അന്താരാഷ്ട്ര താരങ്ങളും അനുശോചനം പങ്കിട്ടു. ഏറെ കാലം സൈമണ്ട്‌സിന്റെ സഹതാരങ്ങളായിരുന്ന മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റും ഫാസ്റ്റ് ബൗളർ ജേസൺ ഗില്ലസ്‌പിയും സൈമണ്ട്സിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. 

ഇത് വല്ലാതെ വേദനിപ്പിക്കുന്നു എന്നായിരുന്നു ഗിൽക്രിസ്റ്റ് ട്വിറ്ററിൽ കുറിച്ചത്. 'നിങ്ങൾക്കായി എന്തും ചെയ്യുന്ന നിങ്ങളുടെ ഏറ്റവും വിശ്വസ്തനും രസകരവും സ്നേഹനിധിയുമായ സുഹൃത്തിനെക്കുറിച്ച് ചിന്തിക്കുക. അതായിരുന്നു റോയ്'- മറ്റൊരു ട്വീറ്റിൽ അദ്ദേഹം കുറിച്ചു. 'ഉണരാൻ ഭയമുണ്ടാക്കുന്ന വാർത്തകൾ.  തകർന്നു പോകുന്നു. ഞങ്ങളെല്ലാവരും നിങ്ങളെ മിസ്സ്‌ ചെയ്യും സുഹൃത്തേ.. എന്നായിരുന്നു ഗില്ലസ്പിയുടെ ട്വീറ്റ്. ഹൃദയഭേദകം. ഓസീസ് ക്രിക്കറ്റിന് മറ്റൊരു നായകനെ നഷ്ടമായി. സ്തംഭിച്ചുപോയി.അതിശയിപ്പിക്കുന്ന പ്രതിഭ. മൈക്കൽ ബെവൻ ട്വിറ്ററിൽ കുറിച്ചു. ഇത് വളരെ ഭയങ്കരമാണ്. റോയി എന്നും അദ്ദേഹത്തിന് ചുറ്റും രസകരമായ ഒരു വലയം തീർത്തിരുന്നു. ഞങ്ങളുടെ മനസ് സൈമണ്ട്സ് കുടുംബത്തോടൊപ്പമാണ് - എന്ന് ന്യൂസിലാൻഡ് മുൻ താരം സ്റ്റീഫൻ ഫ്ലമിങ് ട്വീറ്റ് ചെയ്തു.  ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് ഇന്ത്യ ഉണരുന്നത്. റെസ്റ്റ് ഇൻ പീസ് സുഹൃത്തേ. തീർത്തും വലിയ ദുരന്ത വാർത്തയാണെന്നും വിവിഎസ് ലക്ഷ്മൺ അനുശോചിച്ചു.

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്‌സ് ശനിയാഴ്ച രാത്രിയാണ് അപകടത്തിൽ മരിച്ചത്. ടൗൺസ്‌വില്ലിന് പുറത്ത് കാർ അപകടത്തിലായിരുന്നു മരണം.  ഓസ്‌ട്രേലിയൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ സൈമണ്ട്‌സിന് 46 വയസ്സായിരുന്നു. സൈമണ്ട്‌സ് താമസിച്ചിരുന്ന ടൗൺസ്‌വില്ലെയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഹെർവി റേഞ്ചിലായരുന്നു അപകടം. ദാരുണമായ ഈ അപകടത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. രാത്രി 11 മണിക്ക് ശേഷം ഹെർവി റേഞ്ച് റോഡിൽ കാർ ഓടിക്കുന്നതിനിടയിൽ ആലീസ് റിവർ ബ്രിഡ്ജിന് സമീപം കാർ മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ റിപ്പോർട്ട് ചെയ്തു 

ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ രക്ഷപ്പെടുത്താൻ എമർജൻസി സർവീസുകൾ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. സൈമണ്ട്സിന്റെ മരണത്തിന് പിന്നാലെ കുടുംബം പ്രസ്താവന പുറപ്പെടുവിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹത്തിന്റെ വിയോഗം സ്ഥിരീകരിച്ചതായും, അനുശോചനങ്ങൾക്കൊപ്പം ആദരാഞ്ജലികൾക്കുമൊപ്പം കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഓസ്‌ട്രേലിയയ്‌ക്കായി 198 ഏകദിനങ്ങൾ കളിച്ച സൈമണ്ട്‌സ് 2003ലും 2007ലും തുടർച്ചയായി ലോകകപ്പുകൾ നേടിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന അംഗമായിരുന്നു. രണ്ട് ലോകകപ്പിലും ഒരു മത്സരം പോലും സൈമണ്ട്സ് മാറി നിന്നിരുന്നില്ല. 2003 ലോകകപ്പിൽ പാകിസ്ഥാനെതിരായ മാച്ച് വിന്നിംഗ് സെഞ്ച്വറിയുമായി നിറഞ്ഞു നിന്നു. എതിരാളികൾ പേടിച്ചിരുന്ന അപകടകാരിയായ വലംകൈയ്യൻ ബാറ്റ്സ്മാനായ അദ്ദേഹം 26 ടെസ്റ്റുകളും കളിച്ചു, ഇംഗ്ലണ്ടിനും ഇന്ത്യക്കുമെതിരെ സെഞ്ച്വറി നേടി. തന്ത്രപരമായ ഓഫ് ബ്രേക്ക് ബൗളറായ അദ്ദേഹം 24 ടെസ്റ്റ് വിക്കറ്റുകൾ നേടി. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായിരുന്നു സൈമണ്ട്സ്. മിന്നുന്ന റിഫ്ലക്ഷനും കൃത്യതയാർന്ന ലക്ഷ്യബോധവും ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റണ്ണൗട്ടുകൾ നേടുന്ന അഞ്ചാമത്തെ ഫീൽഡര്‍ എന്ന നേട്ടത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios