'ഫിനിഷറുടെ റോള്‍ ചെയ്യുന്നതാണ് എനിക്കിഷ്ടം': ബാറ്റിംഗ് പൊസിഷനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തിലക് വര്‍മയുടെ മറുപടി

Published : Oct 18, 2026, 04:45 PM IST
tilak varma

Synopsis

ഇന്ത്യൻ ടി20 ടീമിലെ ബാറ്റിംഗ് പൊസിഷനെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി യുവതാരം തിലക് വർമ. മൂന്നാം നമ്പറിൽ നിന്ന് മാറി ആറാം നമ്പറിൽ ഫിനിഷറുടെ റോൾ ചെയ്യാൻ താൻ മാനസികമായി തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരു: ഇന്ത്യന്‍ ടി20 ടീമിലെ ബാറ്റിംഗ് നിരയിലെ തിരക്ക് കാരണം ആറാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ടി വരുന്നതില്‍ ആശങ്കയില്ലെന്നും ടീമിനായി മത്സരങ്ങള്‍ ഫിനിഷ് ചെയ്യുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും യുവതാരം തിലക് വര്‍മ. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി മൂന്നാം നമ്പരില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ശ്രദ്ധനേടിയ താരമാണ് തിലക്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് തന്റെ ബാറ്റിംഗ് ശൈലി മാറ്റാന്‍ താരം തയ്യാറായിരിക്കുകയാണ്.

തുടക്കത്തില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടെങ്കിലും, സമ്മര്‍ദ്ദഘട്ടങ്ങളില്‍ നിര്‍ണായക പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. 2025 ഏഷ്യാ കപ്പിലും 2026 ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതില്‍ തിലക് നിര്‍ണായക പങ്കുവഹിച്ചിരുന്നു. മത്സരത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ, മൂന്നാം നമ്പറിലും ആറാം നമ്പറിലും ബാറ്റ് ചെയ്യാനുള്ള സാങ്കേതിക തികവ് തനിക്കൊപ്പമുണ്ടെന്ന് തിലക് വ്യക്തമാക്കി. എങ്കിലും മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുമ്പോഴാണ് കളി ഫിനിഷ് ചെയ്യാന്‍ കൂടുതല്‍ എളുപ്പമെന്ന് അദ്ദേഹം സമ്മതിച്ചു.

തിലകിന്റെ വാക്കുകള്‍... ''മൂന്നാം നമ്പറില്‍ നിന്നും ആറാം നമ്പറിലേക്ക് മാറുന്നത് അത്ര എളുപ്പമല്ല. എങ്കിലും രാജ്യത്തിനായി മത്സരങ്ങള്‍ ഫിനിഷ് ചെയ്യുന്ന ജോലി എനിക്ക് വളരെ ഇഷ്ടമാണ്. ടോപ് ഓര്‍ഡറിലെ കോമ്പിനേഷന്‍ ഇപ്പോള്‍ വളരെ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ഫിനിഷറുടെ റോളില്‍ കളിക്കാന്‍ ഞാന്‍ മാനസികമായി തയ്യാറാണ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും പന്ത് പായിക്കാനുള്ള ഷോട്ടുകള്‍ എനിക്കുണ്ട്. മൂന്നാം നമ്പറിലും അഞ്ചാം നമ്പറിലും ബാറ്റ് ചെയ്യാനുള്ള സാങ്കേതിക തികവും എനിക്കുണ്ട്. എനിക്ക് സാഹചര്യത്തിനനുസരിച്ച് മാറാന്‍ സാധിക്കും. ടീം ഏത് റോള്‍ ഏല്‍പ്പിച്ചാലും ഞാന്‍ അത് ഭംഗിയായി നിര്‍വഹിക്കും.'' അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ടി20 ടീമിന്റെ ടോപ് ഓര്‍ഡറില്‍ നിലവില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, തിലക് വര്‍മ എന്നിവരാണ് ഈ സ്ഥാനങ്ങള്‍ക്കായി മത്സരിക്കുന്നത്. അഭിഷേക്, സഞ്ജു, ഇഷാന്‍ എന്നിവരെയാണ് നിലവില്‍ ടോപ് ഓര്‍ഡറിനായി ടീം മാനേജ്‌മെന്റ് പരിഗണിച്ചിരിക്കുന്നത്. വിന്‍ഡീസ് പരമ്പരയില്‍ നിതീഷ് റെഡ്ഡി, നമാന്‍ ധിര്‍, ശിവം ദുബെ തുടങ്ങിയ താരങ്ങളുടെ സാന്നിധ്യം ടീമിന്റെ ബാറ്റിംഗ് നിരയെ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

ബാറ്റിംഗ് നിര നീളുന്നത് കാരണം മിക്ക മത്സരങ്ങളിലും എളുപ്പത്തില്‍ 200 ലധികം സ്‌കോര്‍ നേടാന്‍ ഇന്ത്യക്ക് സാധിക്കുന്നുണ്ടെങ്കിലും, സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുടെ കുറവ് ചിലപ്പോള്‍ തിരിച്ചടിയാകാറുണ്ട്. എങ്കിലും പരമ്പരയില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ നമാന്‍ ധീറിന്റെ പ്രകടനത്തെ തിലക് പ്രത്യേകമായി പ്രശംസിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന് സാമ്പത്തിക പിന്തുണ വേണം': ഇന്ത്യക്കെതിരായ മികച്ച പ്രകടനത്തിന് പിന്നാലെ അഭ്യര്‍ത്ഥനയുമായി ഡാരന്‍ സമി
ചെന്നൈ സൂപ്പർ കിംഗ്സിലേക്കല്ല; ഹാർദ്ദിക് പാണ്ഡ്യയുടെ പുതിയ ടീമിനെക്കുറിച്ച് സൂചന നൽകി അശ്വിൻ