'ആ 15 പന്തുകള്‍ കളി മാറ്റും'; തിലക് വര്‍മയുടെ സെഞ്ചുറിക്ക് പിന്നില്‍ രോഹിത്തിന്റെ ഉപദേശം

Published : Apr 22, 2026, 10:02 PM IST
Rohit Sharma and Tilak Varma

Synopsis

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ നേടിയ സെഞ്ചുറിക്ക് പിന്നില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഉപദേശമാണെന്ന് തിലക് വര്‍മ വെളിപ്പെടുത്തി. 

മുംബൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലേക്ക് നയിച്ച സെഞ്ചുറിക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി യുവതാരം തിലക് വര്‍മ. മുന്‍ നായകന്‍ രോഹിത് ശര്‍മ നല്‍കിയ ലളിതമായ ഒരു ഉപദേശമാണ് തന്റെ കളി മാറ്റിയതെന്ന് തിലക് പറഞ്ഞു. ഗുജറാത്തിനെതിരെ 45 പന്തില്‍ നിന്ന് പുറത്താകാതെ 101 റണ്‍സാണ് തിലക് വര്‍മ്മ അടിച്ചുകൂട്ടിയത്. എന്നാല്‍ മത്സരത്തിന്റെ തുടക്കത്തില്‍ 22 പന്തില്‍ വെറും 19 റണ്‍സുമായി തിലക് പതറുകയായിരുന്നു.

തിലക് പറയുന്നതിങ്ങനെ... ''രോഹിത് ഭായിയോടാണ് ഞാന്‍ സംസാരിച്ചത്. ആദ്യം ഒരു 15-20 പന്തുകള്‍ നേരിടുക, നിന്റെ കഴിവിനെക്കുറിച്ച് നിനക്ക് തന്നെ ബോധ്യമുണ്ടല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്.'' സാഹചര്യത്തെക്കുറിച്ചോ മറ്റ് കാര്യങ്ങളെക്കുറിച്ചോ ആലോചിക്കാതെ 15 പന്തുകള്‍ ക്രീസില്‍ ചെലവഴിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. അത് എനിക്ക് വലിയ ആത്മവിശ്വാസം നല്‍കി. തിലക് വര്‍മ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആ 15 പന്തുകള്‍ പിന്നിട്ടതോടെ സ്വാഭാവികമായും വലിയ ഷോട്ടുകള്‍ കളിക്കാനുള്ള ആത്മവിശ്വാസം തനിക്ക് ലഭിച്ചുവെന്നും തിലക് കൂട്ടിച്ചേര്‍ത്തു.

സീസണിന്റെ തുടക്കത്തില്‍ 20, 0, 14, 1, 8 എന്നിങ്ങനെ കുറഞ്ഞ സ്‌കോറുകള്‍ക്ക് പുറത്തായെങ്കിലും താന്‍ അമിത സമ്മര്‍ദ്ദം ചെലുത്തിയിരുന്നില്ലെന്ന് തിലക് വ്യക്തമാക്കി. ''ചില മത്സരങ്ങളില്‍ ക്രീസില്‍ സമയം ചെലവഴിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. റണ്‍സ് കണ്ടെത്താന്‍ എപ്പോഴും കൂടുതല്‍ പരിശീലനം നടത്തണമെന്നില്ല, പകരം മാനസികമായ വ്യക്തതയാണ് വേണ്ടത്. ലോകകപ്പ് സമയത്ത് തുടക്കത്തില്‍ റണ്‍സ് കിട്ടാതിരുന്നപ്പോള്‍ ഞാന്‍ ഒരുപാട് പരിശീലിച്ചു. എന്നാല്‍ ഐപിഎല്ലില്‍ റണ്‍സ് കിട്ടാതിരുന്നപ്പോള്‍ പരിശീലനത്തില്‍ നിന്ന് അല്‍പം വിട്ടുനില്‍ക്കാനാണ് ഞാന്‍ തീരുമാനിച്ചത്.'' തന്റെ കുട്ടിക്കാലത്തെ പരിശീലകനോടും രോഹിത് ശര്‍മ്മയോടുമാണ് ബാറ്റിംഗിലെ കാര്യങ്ങള്‍ താന്‍ പങ്കുവെക്കാറുള്ളതെന്നും താരം പറഞ്ഞു.

സൂര്യകുമാറിന് പിന്തുണ

നിലവില്‍ ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന സൂര്യകുമാര്‍ യാദവിനെ തിലക് പിന്തുണച്ചു. സൂര്യ ഫോമിന് പുറത്താണെന്ന് താന്‍ കരുതുന്നില്ലെന്നും മികച്ച ഷോട്ടുകള്‍ അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് വരുന്നുണ്ടെന്നും ഒരു വലിയ ഇന്നിംഗ്‌സ് ഉടന്‍ അദ്ദേഹത്തില്‍ നിന്ന് ഉണ്ടാകുമെന്നും തിലക് പറഞ്ഞു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പിടിച്ചുനിന്നത് രവീന്ദ്ര ജഡേജ മാത്രം; രാജസ്ഥാന്‍ റോയല്‍സിനെതിരെ ലക്‌നൗവിന് 160 റണ്‍സ് വിജയലക്ഷ്യം
'പരാഗ് താഴേക്കിറങ്ങൂ, ഫോമിലുള്ളവര്‍ക്ക് അവസരം നല്‍കൂ'; രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന് നിര്‍ദേശവുമായി മുന്‍ താരം