'പരാഗ് താഴേക്കിറങ്ങൂ, ഫോമിലുള്ളവര്‍ക്ക് അവസരം നല്‍കൂ'; രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന് നിര്‍ദേശവുമായി മുന്‍ താരം

Published : Apr 22, 2026, 09:09 PM IST
Riyan Parag

Synopsis

ഐപിഎല്‍ 2026 സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ മോശം ബാറ്റിംഗ് ഫോം തുടരുകയാണ്. ഈ സാഹചര്യത്തില്‍ പരാഗ് ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങണമെന്നും ഷിമ്രോണ്‍ ഹെറ്റ്മെയറെ പോലുള്ള ഫോമിലുള്ള കളിക്കാര്‍ക്ക് അവസരം നല്‍കണമെന്നും മുന്‍ താരം വസീം ജാഫര്‍ നിര്‍ദേശിച്ചു. 

ലഖ്നൗ: ഐപിഎല്‍ 2026 സീസണിന്റെ തുടക്കത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത രാജസ്ഥാന്‍ റോയല്‍സ് ഇപ്പോള്‍ പ്രതിസന്ധിയിലാണ്. ആദ്യ നാല് മത്സരങ്ങളും വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയ രാജസ്ഥാന്‍, തുടര്‍ച്ചയായ രണ്ട് തോല്‍വികളോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടീമിന്റെ തോല്‍വിയേക്കാള്‍ ഉപരിയായി ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ മോശം ബാറ്റിംഗ് ഫോമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. സഞ്ജു സാംസണിന് പകരം രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനം ഏറ്റെടുത്ത റിയാന്‍ പരാഗിന് ബാറ്റിംഗില്‍ ഇതുവരെ തിളങ്ങാനായിട്ടില്ല.

ഏഴ് മത്സരങ്ങളില്‍ നിന്ന് വെറും 81 റണ്‍സ് മാത്രമാണ് പരാഗ് നേടിയത്. സ്ട്രൈക്ക് റേറ്റ് 122 മാത്രം. ഈ സീസണിലെ ആറ് ഇന്നിംഗ്‌സുകളില്‍ നാലിലും ആദ്യ പത്ത് പന്തുകള്‍ക്കുള്ളില്‍ തന്നെ പരാഗ് പുറത്തായി. 50 പന്തുകളെങ്കിലും നേരിട്ട ബാറ്റര്‍മാരില്‍ ഏറ്റവും കുറഞ്ഞ അഞ്ചാമത്തെ സ്ട്രൈക്ക് റേറ്റാണ് പരാഗിന്റേത്. ഈ മധ്യനിര തകര്‍ച്ചയാണ് തോല്‍വികളില്‍ നിര്‍ണ്ണായകമായത്. ഇതിനിടെയാണ് താരത്തിന് നിര്‍ദേശങ്ങളുമായി വസീം ജാഫര്‍ എത്തിയത്.

ജാഫറിന്റെ വാക്കുകള്‍... ''റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ റിയാന്‍ പരാഗ് ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങണം. ഫോമിലുള്ള കളിക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കണം. ഷിമ്രോണ്‍ ഹെറ്റ്മെയറെ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ഇറക്കുന്നത് ടീമിന് ഗുണകരമാകും. ഹെറ്റ്മെയര്‍ അപകടകാരിയായ കളിക്കാരനാണ്, അദ്ദേഹത്തിന് ആവശ്യത്തിന് സമയം നല്‍കിയാല്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്താന്‍ സാധിക്കും.'' ജാഫര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

ഒരു നായകന്‍ എന്ന നിലയില്‍ പരാഗ് മികച്ചു നില്‍ക്കുന്നുണ്ടെങ്കിലും ബാറ്റിംഗിലെ പരാജയം ടീമിനുള്ളിലെ അദ്ദേഹത്തിന്റെ സ്വാധീനത്തെ ബാധിക്കുമെന്ന് ജാഫര്‍ മുന്നറിയിപ്പ് നല്‍കി. ''ബാറ്റര്‍ എന്ന നിലയില്‍ റണ്‍സ് വരാത്തത് വലിയൊരു ആശങ്ക തന്നെയാണ്. ക്രീസില്‍ കൂടുതല്‍ സമയം ചിലവഴിക്കാനും ഷോട്ട് സെലക്ഷന്‍ മെച്ചപ്പെടുത്താനും പരാഗ് ശ്രദ്ധിക്കണം. ഇന്ത്യന്‍ ടീമിനായി കളിച്ചിട്ടുള്ള പ്രതിഭയുള്ള താരമാണ് അദ്ദേഹം. പക്ഷേ, ക്യാപ്റ്റന്‍ എന്ന നിലയിലുള്ള വാക്കുകള്‍ക്ക് ഡ്രസ്സിംഗ് റൂമില്‍ വിലയുണ്ടാകണമെങ്കില്‍ സ്വന്തം പ്രകടനത്തിലൂടെ അത് തെളിയിക്കേണ്ടതുണ്ട്.'' ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മാക്‌സ്‌വെല്ലിനെ പിന്നിലാക്കി ചരിത്രം കുറിച്ച് വൈഭവ് സൂര്യവന്‍ഷി; അതിവേഗത്തില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം
അപകടകരമായ പിച്ച്, ബൗണ്‍സര്‍ ഹെല്‍മറ്റില്‍ തട്ടി വെസ്റ്റ് ഇന്‍ഡീസ് താരം വീണു; മത്സരം ഉപേക്ഷിച്ചു