
ദുബായ്: ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മറ്റന്നാള്‍ ആതിഥേയരായ യുഎഇയെ നേരിടാനിറങ്ങുമ്പോൾ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. വൈസ് ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്‍ ഓപ്പണറായി തിരിച്ചെത്തുമ്പോള്‍ സഞ്ജു പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകുമോ എന്നാണ് പ്രധാന ആകാംക്ഷ.
എന്നാല്‍ ഓപ്പണറായി മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിനെ പുറത്തിരുത്താൻ കോച്ച് ഗൗതം ഗംഭീര്‍ തയാറായേക്കില്ലെന്നാണ് സൂചന. ദുര്‍ബലരായ എതിരാളികളാണ് യുഎഇ എങ്കിലും ബുധനാഴ്ചയിലെ മത്സരത്തില്‍ ശക്തമായ പ്ലേയിംഗ് ഇലവനെ തന്നെ ഇറക്കാൻ ഇന്ത്യ തയാറായേക്കുമെന്നാണ് കരുതുന്നത്. കാരണം, 14ന് നടക്കുന്ന അടുത്ത മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികളെന്നതിനാല്‍ ഇന്ത്യ അധികം പരീക്ഷണങ്ങള്‍ക്ക് തയാറായേക്കില്ല.
സഞ്ജു സാംസണെയും അഭിഷേക് ശര്‍മയെയും ഓപ്പണർമാരായി നിലനിര്‍ത്തി ശുഭ്മാന്‍ ഗില്ലിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കാനുള്ള സാധ്യതയാണ് മുന്നിലുളളത്. തിലക് വര്‍മ ഐസിസി ടി20 റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരനാണെങ്കിലും ഐപിഎല്ലില്‍ അത്ര മികച്ച പ്രകടനമായിരുന്നില്ലെന്നത് ഒരുപക്ഷെ സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനുള്ള സാധ്യത കൂട്ടുന്നു. ഇന്നലെ അവസാനിച്ച കേരള ക്രിക്കറ്റ് ലീഗിലും സഞ്ജു ഓപ്പണറായി മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഗില്‍ മൂന്നാം നമ്പറിലെത്തിയാല്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നാലാമനായും ഹാര്‍ദ്ദിക് പാണ്ഡ്യ അഞ്ചാനമനായും ക്രീസിലെത്തും. ദുബായിലെത്തിയശേഷമുള്ള ഇന്ത്യയുടെ പരിശീലന സെഷനുകള്‍ നോക്കിയാല്‍ റിങ്കു സിംഗും ഫിനിഷറായി പ്ലേയിംഗ് ഇലവനില്‍ കളിക്കും.
ഏഴാം നമ്പറില്‍ അക്സര്‍ പട്ടേല്‍ എത്തുമ്പോള്‍ കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി സ്പിന്‍ ദ്വയമയാരിക്കും ഇന്ത്യയുടെ സ്പിന്‍ വിഭാഗത്തില്‍. പേസര്‍മാരായി അര്‍ഷ്ദീപ് സിംഗിനെ ഇന്ത്യ ടീമിലെടുക്കും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീമിലുണ്ടായിരുന്നെങ്കിലും അര്‍ഷ്ദീപ് ഒരു മത്സരത്തില്‍ പോലും കളിച്ചിരുന്നില്ല. എതിരാളികള്‍ യുഎഇ ആണെന്നതിനാല്‍ ആദ്യ മത്സരത്തില്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ഹര്‍ഷിത് റാണ യുഎഇക്കെതിരെ പ്ലേയിംഗ് ഇലവനില്‍ കളിക്കാനാണ് സാധ്യത.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!