എന്നാൽ മുംബൈ ഈ ട്രേഡിന് സമ്മതിക്കുമോ എന്ന് കാര്യം സംശയമാണ്. കാരണം ഈ നീക്കം ചെന്നൈക്ക് മാത്രമേ ഗുണം ചെയ്യൂവെന്നും ശ്രീകാന്ത് പറഞ്ഞു.
ചെന്നൈ: മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിക്കാനായി ഓൾറൗണ്ടർ ശിവം ദുബെയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സന്തോഷത്തോടെ വിട്ടുനല്‍കണെന്ന് നിർദേശിച്ച് മുൻ ഇന്ത്യൻ നായകനും സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത്. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീകാന്ത് ശിവം ദുബെയെ നല്‍കി ഹാര്‍ദിക്കിനെ സ്വന്തമാക്കാനുള്ള നിര്‍ദേശം ചെന്നൈക്ക് മുന്നില്‍ വെച്ചത്. കഴിഞ്ഞ ഐപിഎൽ സീസണിലെ ഇരുടീമുകളുടെയും നിരാശാജനകമായ പ്രകടനത്തിന് പിന്നാലെയാണ് പ്രമുഖ താരങ്ങളെ പരസ്പരം കൈമാറാൻ ഇരു ടീമുകളും നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതിനിടെയാണ് ശ്രീകാന്ത്രിന്‍റെ പ്രതികരണം.
താനാണ് ചെന്നൈ ടീം മാനേജ്‌മെന്‍റെങ്കിൽ ശിവം ദുബെയെ സന്തോഷത്തോടെ മുംബൈയ്ക്ക് നൽകുമെന്ന് ശ്രീകാന്ത് പറഞ്ഞു. ദുബെയെ സ്വീകരിക്കണമെന്ന് മുംബൈ ഇന്ത്യൻസിനോട് ഞാൻ അപേക്ഷിക്കും. എന്നാൽ മുംബൈ ഈ ട്രേഡിന് സമ്മതിക്കുമോ എന്ന് കാര്യം സംശയമാണ്. കാരണം ഈ നീക്കം ചെന്നൈക്ക് മാത്രമേ ഗുണം ചെയ്യൂവെന്നും ശ്രീകാന്ത് പറഞ്ഞു. മധ്യനിര ബാറ്റർ, പേസർ, മികച്ച നായകൻ എന്നീ ചുമതലകൾ ഒരുപോലെ നിർവഹിക്കാൻ കഴിയുന്ന ലോകത്തിലെ തന്നെ അപൂർവ്വം ഓൾറൗണ്ടർമാരിൽ ഒരാളാണ് ഹാർദിക്കെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.
മുംബൈയിൽ നേരിട്ടതിനേക്കാൾ വലിയ ആരാധക പിന്തുണ മഞ്ഞപ്പടയുടെ തട്ടകത്തിൽ ഹാർദിക്കിന് ലഭിക്കുമെന്നും, സഞ്ജു സാംസൺ, റുതുരാജ് ഗെയ്ക്‌വാദ്, ആയുഷ് മാത്രെ, ഡെവാൾഡ് ബ്രെവിസ്, ഹാർദിക് എന്നിവരടങ്ങുന്ന ഭയപ്പെടുത്തുന്ന ബാറ്റിങ് നിരയെ കെട്ടിപ്പടുക്കാൻ ഇതിലൂടെ ചെന്നൈക്ക് സാധിക്കുമെന്നും ശ്രീകാന്ത് വ്യക്തമാക്കി. ഹാർദിക് പഴയ ടീമായ ഗുജറാത്ത് ടൈറ്റൻസിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങളെയും ശ്രീകാന്ത് തള്ളി. 2022-ൽ ഗുജറാത്തിനെ ചാമ്പ്യന്മാരാക്കുകയും 2023-ൽ ഫൈനലിൽ എത്തിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും നിലവിൽ ജേസൺ ഹോൾഡറെപ്പോലൊരു ഓൾറൗണ്ടർ ഗുജറാത്തിലുള്ളതിനാൽ തിരിച്ചുപോക്ക് പ്രായോഗികമല്ലെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
