ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സ്മിത്തിനെ പിന്തുണച്ച് ടിം പെയ്ന്‍

By Web TeamFirst Published May 13, 2021, 1:05 PM IST
Highlights

ക്യാപ്റ്റനെന്ന നിലയില്‍ സ്മിത്തിന് കീഴില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. തന്ത്രപരമായി മികച്ച നായകനാണ് സ്മിത്ത്. അതുകൊണ്ടുതന്നെ ക്യാപ്റ്റന്‍ സ്ഥാനത്ത് അദ്ദേഹം വീണ്ടും അവസരം അര്‍ഹിക്കുന്നുണ്ട്.

സിഡ്നി: ഓസ്ട്രേലിയയുടെ നായകസ്ഥാനത്തേക്ക് തിരിച്ചെത്താന്‍ സ്റ്റീവ് സ്മിത്ത് എന്തുകൊണ്ടും അര്‍ഹനാണെന്ന് ടെസ്റ്റ് ടീം നായകന്‍ ടിം പെയ്ന്‍. ക്യാപ്റ്റന്‍ സ്ഥാനത്ത് സ്മിത്ത് ഒരവസരം കൂടി അര്‍ഹിക്കുന്നുണ്ടെന്നും പെയ്ന്‍ പറഞ്ഞു. 2018ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്നാണ് സ്മിത്തിന് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കിയത്.

ക്രിക്കറ്റില്‍ നിന്ന് ഒരുവര്‍ഷത്തേക്ക് വിലക്കിയ സ്മിത്തിനെ വീണ്ടും ക്യാപ്റ്റനാവുന്നതിന് ക്രിക്കറ്റ് ഓസ്ട്രേലിയ മൂന്ന് വര്‍ഷ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. വിലക്കിന്‍റെ കാലാവധി കഴിഞ്ഞ വര്‍ഷം അവസാനിച്ചിരുന്നു. വീണ്ടും ഓസീസ് ക്യാപ്റ്റനാവാന്‍ ആഗ്രഹമുണ്ടെന്ന് ജനുവരിയില്‍ സ്മിത്ത് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പെയ്നിന്‍റെ പ്രസ്താവന.

ക്യാപ്റ്റനെന്ന നിലയില്‍ സ്മിത്തിന് കീഴില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. തന്ത്രപരമായി മികച്ച നായകനാണ് സ്മിത്ത്. അതുകൊണ്ടുതന്നെ ക്യാപ്റ്റന്‍ സ്ഥാനത്ത് അദ്ദേഹം വീണ്ടും അവസരം അര്‍ഹിക്കുന്നുണ്ട്. പക്ഷെ ആ തീരുമാനം എടുക്കേണ്ടയാള്‍ ഞാനല്ല. ആദ്യം ക്യാപ്റ്റനായപ്പോള്‍ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട പക്വത സ്മിത്തിനുണ്ടായിരുന്നില്ല. എന്നാല്‍ അയാള്‍ ഓരോ മത്സരം കഴിയുന്തോറും മെച്ചപ്പെട്ടിരുന്നു.

സജീവ ക്രിക്കറ്റില്‍ നിന്ന് ഞാനിപ്പോള്‍ വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ല. കുറഞ്ഞത് അഞ്ചോ ആറോ ടെസ്റ്റുകള്‍ കൂടി കളിക്കണമെന്നാണ് ആഗ്രഹം. ഈ വര്‍ഷം അവസാനം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയില്‍ ഓസ്ട്രേലിയ 5-0ന് ജയിക്കുകയും അവസാന ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് ജയിക്കാന്‍ 300 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ഞാന്‍ സെഞ്ചുറിയുമായി ടീമിനെ ജയിപ്പിക്കുകയും ചെയ്താല്‍ ഒരുപക്ഷെ കുറച്ചുകാലം കൂടി താന്‍ തുടരുമെന്നും പെയ്ന്‍ പറഞ്ഞു.

ഈ വര്‍ഷം ആഷസിന് മുമ്പ് അഫ്ഗാനിസ്ഥാനെതിരായ ഒരു ടെസ്റ്റിലും ഓസ്ട്രേലിയ കളിക്കുന്നുണ്ട്. ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ആഷസ് പരമ്പര സമനില(2-2) ആയിരുന്നു. 47 വര്‍ഷത്തിനിടെ ആദ്യമായിട്ടായിരുന്നു ആഷസ് പരമ്പര സമനിലയാവുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!