
ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റിൽ സമീപകാലത്ത് ഏറെ താരങ്ങളെ വാഗ്ദാനം ചെയ്ത പ്രാദേശിക ട്വൻറി 20 ലീഗാണ് തമിഴ്നാട് പ്രീമിയർ ലീഗ്. രണ്ടാം ഐപിഎൽ എന്നൊരു വിശേഷണം ടിഎൻപിഎല്ലിന് നൽകിയാൽ ചെറുതാവില്ല. ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി താരങ്ങളെ തേച്ചുമിനുക്കുന്ന തമിഴ്നാട് പ്രീമിയർ ലീഗിലൂടെ കൂടുതൽ കളിക്കാർ ക്രിക്കറ്റ് വിദഗ്ദരുടെ ശ്രദ്ധയിലേക്ക് വരികയാണ്. ഐപിഎൽ പതിനാറാം സീസണിൻറെ ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിനായി 47 പന്തിൽ 96 റൺസടിച്ച സായ് സുദർശനാണ് ഇവരിലൊരാൾ.
ഐപിഎൽ 2023 കഴിഞ്ഞ് നേരെ തമിഴ്നാട് പ്രീമിയർ ലീഗിനായി വണ്ടികയറിയ സായ് സുദർശൻ തകർപ്പൻ ഫോം തുടരുകയായിരുന്നു. ലൈക്ക കോവൈ കിംഗ്സിനായി കളിക്കുന്ന സായ് 86(45), 90(52), 64*(43), 83(41) എന്നിങ്ങനെയാണ് ഇതുവരെ നേടിയ സ്കോറുകൾ. അഞ്ച് കളിയിൽ 82.50 ശരാശരിയിലും 176.47 സ്ട്രൈക്ക് റേറ്റിലും താരം 330 റൺസേ നേടി. സീസണിലെ ഏറ്റവു ഉയർന്ന റൺവേട്ടക്കാരൻ ഈ ഇരുപത്തിയൊന്നുകാരനാണ്. സായ് സുദർശൻറെ കരുത്തിൽ ലൈക്ക കോവൈ കിംഗ്സ് നിലവിൽ പോയിൻറ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നു.
ഐപിഎൽ 2023ൻറെ ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിനായി തകർപ്പൻ ഫിഫ്റ്റി നേടിയതോടെയാണ് സായ് സുദർശൻ ഏറെ ശ്രദ്ധിക്കപ്പെട്ടത്. മൂന്നാമനായി ക്രീസിലെത്തി ചെന്നൈയുടെ ഏതൊരു ബൗളറേയും കൂസാതെ 47 പന്തിൽ 8 ഫോറും 6 സിക്‌സും പറത്തി 96 റൺസ് പേരിലാക്കി. എന്നാൽ സെഞ്ചുറിക്ക് തൊട്ടരികെ അവസാന ഓവറിൽ വീണു. ഐപിഎൽ ഫൈനലുകളുടെ ചരിത്രത്തിൽ അൺക്യാപ്‌ഡ് താരത്തിൻറെ ഏറ്റവും ഉയർന്ന സ്കോറായിരുന്നു ഇത്. സുദർശൻറെ കരുത്തിൽ 20 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 214 റൺസിലെത്തി ടൈറ്റൻസ് എങ്കിലും സിഎസ്കെ മഴനിയമം പ്രകാരം അഞ്ച് വിക്കറ്റിൻറെ ജയം ഇന്നിംഗ്സിലെ അവസാന പന്തിൽ സ്വന്തമാക്കി.
ചെന്നൈ സ്വദേശിയായ സായ് സുദർശൻ തമിഴ്നാടിനായാണ് ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത്. കായിക കുടുംബത്തിലായിരുന്നു ജനനം. പിതാവ് ഇന്ത്യയെ ദക്ഷിണേഷ്യൻ ഗെയിംസിൽ പ്രതിനിധീകരിച്ച അത്‍ലറ്റും അമ്മ സംസ്ഥാന വോളിബോൾ താരവുമായിരുന്നു. സായ് 2021-22 സീസണിൽ മുഷ്താഖ് അലി ട്രോഫിയിലൂടെ ടി20യിൽ അരങ്ങേറി. ഇതേ സീസണിൽ വിജയ് ഹസാരേ ട്രോഫിയിലൂടെ ലിസ്റ്റ് എ ക്രിക്കറ്റ് കളിച്ചു. തമിഴ്നാട് പ്രീമിയർ ലീഗിലെ പ്രകടനത്തോടെയാണ് താരത്തെ ഐപിഎൽ ടീം ഗുജറാത്ത് ടൈറ്റന്സ് സ്വന്തമാക്കിയത്. 2022 ഏപ്രിലിൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച താരം ആ സീസണിൽ അഞ്ച് കളിയിൽ 145 റൺസാണ് നേടിയത്. 2023 സീസണിലാവട്ടെ 8 മത്സരങ്ങളിൽ 51.71 ശരാശരിയിലും 141.41 സ്ട്രൈക്ക് റേറ്റിലും 362 റൺസ് സ്വന്തമാക്കി.
Read more: അഞ്ച് വിക്കറ്റുമായി വനിന്ദു ഹസരങ്ക; അയർലന്‍ഡിനെ പുറത്താക്കി ലങ്കയ്ക്ക് കൂറ്റന്‍ ജയം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!