കന്നി ഏകദിന സെഞ്ചുറി നേടിയ ദിമുത് കരുണരത്നെയും സദീന സമരവിക്രമ, ധനഞ്ജയ ഡിസില്‍വ, ചരിത് അസലങ്ക എന്നിവരുടെ ബാറ്റിംഗുമാണ് ലങ്കയ്ക്ക് 325 റണ്‍സ് സമ്മാനിച്ചത്

ബുലവായോ: ഏകദിന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അയർലന്‍ഡിനെതിരെ ശ്രീലങ്കയ്ക്ക് 133 റണ്‍സിന്‍റെ കൂറ്റന്‍ വിജയം. ലങ്ക വച്ചുനീട്ടിയ 326 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന അയർലന്‍ഡ് 31 ഓവറില്‍ 192 റണ്‍സില്‍ എല്ലാവരും പുറത്തായി. തുടർച്ചയായ മൂന്നാം മത്സരത്തിലും അഞ്ച് വിക്കറ്റ് നേടിയ സ്പിന്നർ വനിന്ദു ഹസരങ്കയാണ് ലങ്കയുടെ വിജയശില്പി. സെഞ്ചുറി നേടിയ ദിമുത് കരുണരത്നെ ബാറ്റിംഗില്‍ ലങ്കയ്ക്ക് നിർണായകമായി. തോല്‍വിയോടെ അയർലന്‍ഡ് ലോകകപ്പ് കാണാതെ പുറത്തായി. മൂന്ന് മത്സരങ്ങളും ജയിച്ച ശ്രീലങ്കയാണ് ഗ്രൂപ്പ് ബിയില്‍ തലപ്പത്ത്. 

നേരത്തെ, കന്നി ഏകദിന സെഞ്ചുറി നേടിയ ദിമുത് കരുണരത്നെയും സദീന സമരവിക്രമ, ധനഞ്ജയ ഡിസില്‍വ, ചരിത് അസലങ്ക എന്നിവരുടെ ബാറ്റിംഗുമാണ് ലങ്കയ്ക്ക് 325 റണ്‍സ് സമ്മാനിച്ചത്. 48 റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായ ടീമിനെ മൂന്നാം വിക്കറ്റില്‍ 168 റണ്‍സ് ചേർത്ത ശേഷം ടീം സ്കോർ 216 റണ്‍സില്‍ നില്‍ക്കേയാണ് സമരവിക്രമ-കരുണരത്നെ സഖ്യം പിരിഞ്ഞത്. ഓപ്പണർ പാതും നിസങ്ക 20 റണ്‍സില്‍ പുറത്തായപ്പോള്‍ സഹ ഓപ്പണർ കരുണരത്നെ 103 പന്തില്‍ 8 ഫോറുകളുടെ അകമ്പടിയോടെ 103 റണ്‍സ് പേരിലാക്കുകയായിരുന്നു. സമരവിക്രമ 86 പന്തില്‍ 82 ഉം അസലങ്ക 30 പന്തില്‍ 38 ഉം നേടിയപ്പോള്‍ ധനഞ്ജയ 35 പന്തില്‍ 42 റണ്‍സുമായി പുറത്താവാതെ നിന്നു. ലങ്കന്‍ നിരയില്‍ മറ്റാരും രണ്ടക്കം കണ്ടില്ല. അയർലന്‍ഡിനായി മാർക്ക് അഡെയ്ർ നാലും ബാരി മക്കാർതി മൂന്നും ഗാരെത് ഡെലനി രണ്ടും വിക്കറ്റ് നേടി. 

മറുപടി ബാറ്റിംഗില്‍ വനിന്ദു ഹസരങ്ക അഞ്ച് വിക്കറ്റുമായി തിളങ്ങിയതോടെ അയർലന്‍ഡ് പ്രതിരോധത്തിലാവുകയായിരുന്നു. ആന്‍ഡി മക്ബ്രെയ്ന്‍(21 പന്തില്‍ 17), ആന്‍ഡ്രൂ ബാല്‍ബിർനീ(13 പന്തില്‍ 12), ഹാരി ടെക്ടർ(35 പന്തില്‍ 33), കർട്ടിസ് കാംഫെർ(31 പന്തില്‍ 39), ജോർജ് ഡോക്റെല്‍(34 പന്തില്‍ 26*), ഗാരെത് ഡെലനി(8 പന്തില്‍ 19), ജോഷ്വ ലിറ്റില്‍(14 പന്തില്‍ 20) എന്നിവരാണ് രണ്ടക്കം കണ്ടത്. സൂപ്പർ താരം പോള്‍ സ്റ്റിർലിംഗ് ആറ് റണ്‍സുമായി മടങ്ങി. ഹസരങ്കയുടെ അഞ്ചിന് പുറമെ മഹീഷ് തീക്ഷന രണ്ടും രാജിതയും ലഹിരുവും ശനകയും ഓരോ വിക്കറ്റും നേടി. ലങ്കയ്ക്ക് പുറമെ സ്കോട്‍ലന്‍ഡും ഒമാനും ബി ഗ്രൂപ്പില്‍ നിന്ന് സൂപ്പർ സിക്സിലെത്തി. സിംബാബ്‍വെയും നെതർലന്‍ഡ്സും വെസ്റ്റ് ഇൻഡീസുമാണ് എ ഗ്രൂപ്പില്‍ നിന്ന് അടുത്ത റൗണ്ടിലേക്ക് യോ​ഗ്യത നേടിയവ‍ർ. 

Read more: 'അല്ലെങ്കിലും വെസ്റ്റ് ഇന്‍ഡീസ് ജയിക്കാന്‍ യോഗ്യരല്ല'; തോല്‍വിയില്‍ കടന്നാക്രമിച്ച് ഡാരന്‍ സമി