മെഡല്‍ ഒരുക്കിയത് മൊബൈല്‍ ഫോണുകള്‍കൊണ്ട്; വിസ്മയങ്ങള്‍ ഒളിപ്പിച്ച് ടോക്യോ ഒളിംപിക്‌സ്

By Web TeamFirst Published Jul 22, 2021, 12:17 PM IST
Highlights

സാങ്കേതികവിദ്യയില്‍ ജപ്പാന്‍ എന്നും ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ടോക്യോ ഒളിംപിക്‌സും നിരവധി അത്ഭുതങ്ങളാണ് കായികലോകത്തിനായി കാത്തുവച്ചിരിക്കുന്നത്. 
 

ടോക്യോ: കൊവിഡ് പ്രതിസന്ധിക്കിടെയും കായികലോകത്തെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടോക്യോ ഒളിംപിക്‌സ് സംഘാടകര്‍. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജേതാക്കള്‍ക്ക് ഇത്തവണ നല്‍കുന്ന മെഡലുകള്‍. സാങ്കേതികവിദ്യയില്‍ ജപ്പാന്‍ എന്നും ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ടോക്യോ ഒളിംപിക്‌സും നിരവധി അത്ഭുതങ്ങളാണ് കായികലോകത്തിനായി കാത്തുവച്ചിരിക്കുന്നത്. 

ഒളിംപിക്‌സ് വിജയികളെ കാത്തിരിക്കുന്ന മെഡലുകളില്‍ തുടങ്ങുന്നു ഈ വിസ്മയം. താരങ്ങളുടെ കഴുത്തില്‍ മിന്നിത്തിളങ്ങേണ്ട ഈ മെഡലുകള്‍ ഉപയോഗശൂന്യമായ മൊബൈല്‍ ഫോണുകള്‍കൊണ്ട് നിര്‍മിച്ചവയാണ്. റിയോ ഒളിംപിക്‌സിന് തിരശീല വീണപ്പോള്‍ തന്നെ ജപ്പാന്‍ ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇതിനായി 1621 നഗരസഭകളില്‍ നിന്ന് ശേഖരിച്ചത് അറുപത്തിരണ്ട് ലക്ഷത്തിലേറെ ഉപയോഗശൂന്യമായ മൊബൈല്‍ ഫോണുകള്‍. പഴയ വൈദ്യുതോപകരണങ്ങളിലും മെഡലുകള്‍ നിര്‍മിച്ചു.

ഈ ഫോണുകള്‍ സംസ്‌കരിച്ചപ്പോള്‍ കിട്ടിയത് 30 കിലോ സ്വര്‍ണവും 4100 കിലോ വെള്ളിയും 2700 കിലോ വെങ്കലവും. ഇതുപയോഗിച്ച് നിര്‍മിച്ചത് അയ്യായിരത്തോളം മെഡലുകള്‍. റിയോ ഒളിംപിക്‌സിലും 30 ശതമാനം മെഡലുകള്‍ നിര്‍മിച്ചത് പാഴ്വസ്തുക്കളുടെ പുനരുപയോഗത്തില്‍ നിന്നായിരുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജപ്പാനും മെഡല്‍ നിര്‍മാണത്തിന് പുതുവഴികള്‍ തേടിയത്.

click me!