പരിശീലന മത്സരത്തിൽ ഇന്ത്യക്കെതിരെ തിരിച്ചടിച്ച് കൗണ്ടി സെലക്ട് ഇലവൻ; ഹസീബ് ഹമീദിന് സെഞ്ചുറി

By Web TeamFirst Published Jul 21, 2021, 11:31 PM IST
Highlights

ഇം​ഗ്ലണ്ടിനായി മൂന്ന് ടെസ്റ്റുകൾ കളിച്ചിട്ടുള്ള 24കാരനായ ഹസീബ് ഹമീദ് മൂന്നും കളിച്ചത് 2016ലെ ഇന്ത്യൻ പര്യടനത്തിലായിരുന്നു. മൂന്ന് ടെസ്റ്റിൽ രണ്ട് അർധസെഞ്ചുറി അടക്കം 219 റൺസ് അന്ന് ഹമീദ് നേടിയിരുന്നു. ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിലും ഹമീദ് ഇടം നേടിയിട്ടുണ്ട്.

ലണ്ടൻ: ഇന്ത്യക്കെതിരായ ത്രിദിന പരിശീലന മത്സരത്തിന്റെ രണ്ടാം ദിനം ഓപ്പണർ ഹസീബ് ഹമീദിന്റെ സെഞ്ചുറിയിലൂടെ തിരിച്ചടിച്ച് കൗണ്ടി സെലക്ട് ഇലവൻ. ഇന്ത്യയുടെ ഒന്നാ‌ം ഇന്നിം​ഗ്സ് സ്കോറായ 311 റൺസിന് മറുപടിയായി ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തിട്ടുണ്ട്. അവസാന ബാറ്റ്സ്മാനായ ആവേശ് ഖാന് പരിക്കേറ്റതിനാൽ ബാറ്റ് ചെയ്യാനിറങ്ങാനിടയില്ല. 112 റൺസടിച്ച ഓപ്പണർ ഹസീബ് ഹമീദാണ് കൗണ്ടി ഇലവന്റെ ടോപ് സ്കോറർ. ലിയാം പാറ്റേഴ്സൺ(33), ലിൻഡൻ ജെയിംസ്(27), ജാക് ലിബ്ബി(12) എന്നിവരാണ് കൗണ്ടി ഇലവനിൽ രണ്ടക്കം കടന്നവർ.

ഇം​ഗ്ലണ്ടിനായി മൂന്ന് ടെസ്റ്റുകൾ കളിച്ചിട്ടുള്ള 24കാരനായ ഹസീബ് ഹമീദ് മൂന്നും കളിച്ചത് 2016ലെ ഇന്ത്യൻ പര്യടനത്തിലായിരുന്നു. മൂന്ന് ടെസ്റ്റിൽ രണ്ട് അർധസെഞ്ചുറി അടക്കം 219 റൺസ് അന്ന് ഹമീദ് നേടിയിരുന്നു. ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിലും ഹമീദ് ഇടം നേടിയിട്ടുണ്ട്.

ഇന്ത്യക്കായി ഉമേഷ് യാദവ് മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റെടുത്തപ്പോൾ 15 ഓവർ ബൗൾ ചെയ്ത ജസ്പ്രീത് ബുമ്രക്ക് ഒരു വിക്കറ്റ് വീഴ്ത്താനെ കഴിഞ്ഞുള്ളു. ഷർദ്ദുൽ ഠാക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിവരും ഇന്ത്യക്കായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഇന്നലെ ടോസ് നേടി ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യക്കായി കെ എൽ രാഹുൽ സെഞ്ചുറി നേടിയിരുന്നു. രവീന്ദ്ര ജഡേജ(75), മായങ്ക് അ​ഗർവാൾ(28), ഹനുമാ വിഹാരി(24), പൂജാര(21), ഠാക്കൂർ(20) എന്നിവരാണ് ഇന്ത്യയുടെ മറ്റ് പ്രധാന സ്കോറർമാർ. കൗണ്ടി ഇലവനായി ക്രൈ​ഗ് മൈൽസ് നാലു വിക്കറ്റെടുത്തു.

അടുത്തമാസം നാലിന് ആരംഭിക്കുന്ന ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള ഇന്ത്യയുടെ ഏക പരിശീലന മത്സരമാണിത്. ക്യാപ്റ്റൻ വിരാട് കോലി, വൈസ് ക്യപ്റ്റൻ അജിങ്ക്യാ രഹാനെ, ആർ അശ്വിൻ, കൊവിഡ് ബാധിതനായ റിഷഭ് പന്ത്, ഐസൊലേഷനിലുള്ള വൃദ്ധിമാൻ സാഹ എന്നിവർ മത്സരത്തിൽ കളിക്കുന്നില്ല.

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!